MAP

പേപ്പൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് ഉപയോഗിച്ച് പഠനം നടത്തുന്നവർ വിശുദ്ധ ബലിക്കായി ഒത്തുകൂടിയപ്പോൾ പേപ്പൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് ഉപയോഗിച്ച് പഠനം നടത്തുന്നവർ വിശുദ്ധ ബലിക്കായി ഒത്തുകൂടിയപ്പോൾ  

അറുപതോളം രാജ്യങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് പേപ്പൽ ഫൗണ്ടേഷൻ

യുഎസ് ആസ്ഥാനമായുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സംഘടനയായ പേപ്പൽ ഫൗണ്ടേഷൻ അറുപതോളം രാജ്യങ്ങളിൽ, ഒരു കോടി നാൽപ്പതു ലക്ഷം ഡോളറിന്റെ സഹായങ്ങൾ പ്രഖ്യാപിച്ചു

പവൽ ആൻഡ്രിയാനിക്ക്, കരോൾ ടാർമോറോസ്, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകമെമ്പാടും ദുരിതങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങൾക്ക് എപ്പോഴും സഹായമായി നിലകൊണ്ടിട്ടുള്ള പേപ്പൽ ഫൗണ്ടേഷൻ ചാരിറ്റി സംഘടന, ഒരു കോടി നാൽപ്പതു ലക്ഷം ഡോളറിന്റെ സഹായങ്ങൾ പ്രഖ്യാപിച്ചു. ഏകദേശം അറുപതോളം രാജ്യങ്ങളിലായി 116 പദ്ധതികൾക്കാണ് ഇതുമൂലം സഹായങ്ങൾ ലഭിക്കുക. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ, ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഫ്രാൻസിസ് പാപ്പാ എന്നിവരുടെ സമയങ്ങളിൽ 2,800-ലധികം പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 250 മില്യൺ ഡോളറിലധികം അനുവദിച്ചിട്ടുണ്ട്.

വികസ്വര രാജ്യങ്ങളിൽ പരിശുദ്ധ പിതാവിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള സംഘടനയാണ് പേപ്പൽ ഫൗണ്ടേഷൻ. ശുദ്ധജല ലഭ്യത, സ്കൂളുകളുടെ നിർമ്മാണവും നവീകരണവും, പള്ളികളുടെയും സെമിനാരികളുടെയും പുനരുദ്ധാരണം, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ നിർമ്മിക്കൽ, പ്രായമായ പുരോഹിതരുടെ പരിചരണം എന്നിവ ഈ പിന്തുണയിൽ ഉൾപ്പെടുന്നതായി സംഘടന അറിയിച്ചു.

ന്യൂയോർക്ക് ആർച്ച് ബിഷപ്പ് കർദിനാൾ തിമോത്തി ഡോളനാണ് ട്രസ്റ്റ് ചെയർമാൻ. ഫൗണ്ടേഷന്റെ പ്രസിഡന്റ് എഡ്‌വേഡ്‌ ഫിറ്റ്സജരാൾഡ്,"ക്രിസ്തുവിന്റെ സ്നേഹം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ നിക്ഷേപങ്ങളെന്നു" പറഞ്ഞു. ആഴത്തിലുള്ള സാമ്പത്തിക അസമത്വത്തിന്റെ ലോകത്ത്,"ദരിദ്രരെയും ദുർബലരെയും വിശ്വസ്തതയോടും അനുകമ്പയോടും കൂടി സേവിക്കുക എന്ന ഉത്തരവാദിത്തം ഗൗരവമായി എടുക്കുന്നുവെന്നു", കർദിനാൾ തിമോത്തി ഡോളനും അഭിപ്രായപ്പെട്ടു.

നിക്ഷേപങ്ങൾ, ദുർബലരെ പരിപാലിക്കുന്നതിനും സഭയെ ശക്തിപ്പെടുത്തുന്നതിനും വികസ്വര രാജ്യങ്ങളിൽ സുവിശേഷത്തിന്റെ പ്രത്യാശ പങ്കിടുന്നതിനുമുള്ള പ്രാർത്ഥനാപരമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. റോമിൽ ഉപരിപഠനത്തിനായെത്തുന്ന സെമിനാരിക്കാരെയും, വൈദികരെയും, സന്യസ്തരെയും സംഘടന സ്കോളർഷിപ്പുകൾ നൽകിയും സഹായിക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 മേയ് 2025, 12:27