MAP

 അമേരിക്കൻ ഐക്യനാടുകളിലെ ഗ്രാൻറ് കനിയോൺ ദേശീയ പാർക്ക് അമേരിക്കൻ ഐക്യനാടുകളിലെ ഗ്രാൻറ് കനിയോൺ ദേശീയ പാർക്ക് 

വിനോദസഞ്ചാരം വളർച്ചയ്ക്കും കൂടിക്കാഴ്ചയ്ക്കും പരസ്പരം അറിയുന്നതിനും!

ഇക്കൊല്ലം സെപ്റ്റംബർ 27-ന് നാല്പത്തിയാറാം വിനോദസഞ്ചാര ലോകദിനം. ഈ ദിനാചരണത്തോടനുബന്ധിച്ച് സുവിശേഷവത്ക്കരണത്തിനായുള്ള റോമൻ കൂരിയാവിഭാഗം.“വിനോദസഞ്ചാരവും സുസ്ഥിര പരിവർത്തനവും” എന്ന ശീർഷകത്തിൽ ഒരു സന്ദേശം പുറപ്പെടുവിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സൃഷ്ടിയുടെ സൗന്ദര്യവും നരകുലത്തിൻറെ സാംസ്കാരിക പൈതൃകവും ദൈവത്തിൻറെ ജ്ഞാനത്തിൻറെ അടയാളങ്ങൾ വായിക്കാൻ നമ്മെ പ്രാപ്തരാക്കുന്നുവെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള റോമൻ കൂരിയാവിഭാഗം.

ഇക്കൊല്ലം സെപ്റ്റംബർ 27-ന് ആചരിക്കപ്പെടുന്ന നാല്പത്തിയാറാം വിനോദസഞ്ചാര ലോകദിനത്തിനായി “വിനോദസഞ്ചാരവും സുസ്ഥിര പരിവർത്തനവും” എന്ന ശീർഷകത്തിൽ തിങ്കളാഴ്ച (26/05/25)  നല്കിയ സന്ദേശത്തിലാണ് ഈ സുവിശേഷവത്ക്കരണ വിഭാഗം ഇതു പറഞ്ഞിരിക്കുന്നത്.

വിനോദസഞ്ചാരം വളർച്ചയ്ക്കും കൂടിക്കാഴ്ചയ്ക്കും പരസ്പര ധാരണയ്ക്കുമുള്ള ഒരു അവസരമാണെന്നും അത് ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ സമ്പന്നമാക്കുമ്പോൾ തന്നെ, ഈ യാത്രാനുഭവം എല്ലാവരെയും പൊതുഭവനത്തെ പരിപാലിക്കാൻ ക്ഷണിക്കുന്നുവെന്നും സന്ദേശം പറയുന്നു.

"നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുകയെന്ന അടിയന്തര വെല്ലുവിളിയിൽ, സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായുള്ള അന്വേഷണത്തിൽ മുഴുവൻ മനുഷ്യകുടുംബത്തെയും ഒന്നിപ്പിക്കുക എന്ന ഔത്സുക്യം അടങ്ങിയിരിക്കുന്നു"  എന്ന ഫ്രാൻസീസ് പാപ്പായുടെ “ലൗദാത്തൊ സീ” എന്ന ചാക്രിക ലേഖനത്തിലെ വാക്കുകൾ ഈ സന്ദേശം ഉദ്ധരിക്കുന്നു.

ഈ ഔത്സുക്യം വൈക്തികവും സാമൂഹ്യവുമായ ഉത്തരവാദിത്വം വ്യവസ്ഥചെയ്യുന്നുവെന്നും അത് നമുക്കു ലഭിച്ച ഒന്നും തന്നെ നഷ്ടപ്പെട്ടുപോകാതിരിക്കുന്നതിനാണെന്നും സുസ്ഥിരവികസനം വിനോദ സഞ്ചാരത്തിൽ നീതിയുടെ വിഷയവും കൊണ്ടുവരുന്നുവെന്നും സന്ദേശം പറയുന്നു.

വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ, നമ്മുടെ കൈവശമുള്ള പ്രകൃതിദത്തവും ഘടനാപരവുമായ വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനായി  പരിശ്രമിച്ചുകൊണ്ട്, ക്രിസ്തീയ പ്രത്യാശയെ സ്പർശ്യവേദ്യമാക്കുന്ന മൂർത്തമായ അടയാളങ്ങൾ ആവിഷ്കരിക്കുമെന്ന് ഈ ജൂബിലി വർഷത്തിൽ നമുക്ക് പ്രത്യാശിക്കാം എന്ന് സുവിശേഷവത്ക്കരണത്തിനായുള്ള റോമൻ കൂരിയാവിഭാഗം പറയുന്നു.

വിനോദസഞ്ചാര അജപാലനത്തിൻറെ ഒമ്പതാം ലോകസമ്മേളനം ഒക്ടോബർ 16-19 വരെ റോമിൽ സംഘടിപ്പിക്കപ്പെടുമെന്നും ഈ വിഭാഗം സന്ദേശത്തിൽ വെളിപ്പെടുത്തുന്നു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 മേയ് 2025, 12:55