MAP

വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധവാതിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധവാതിൽ 

വാദ്യമേളക്കാരുടെയും ജനപ്രിയ വിനോദമേഖലയിലുള്ളവരുടെയും ജൂബിലിക്കൊരുങ്ങി വത്തിക്കാൻ

വാദ്യമേളക്കാരുടെയും ജനപ്രിയ വിനോദമേഖലയിലുള്ളവരുടെയും ജൂബിലി മെയ് 10-11 തീയതികളിലായി വത്തിക്കാനിൽ നടക്കും. തൊണ്ണൂറിലധികം രാജ്യങ്ങളിൽനിന്നായി പതിമൂവായിരത്തിലധികം ആളുകളാണ് ജൂബിലിയാഘോഷചടങ്ങുകൾക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന്, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ, ലോകത്തിലെ സുവിശേഷവത്കരണം സംബന്ധിച്ച അടിസ്ഥാനകാര്യങ്ങൾക്കായുള്ള വിഭാഗം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പത്രോസിന്റെ പിൻഗാമിക്കായുള്ള കാത്തിരിപ്പിനിടയിലും 2025-ലെ ജൂബിലിവർഷത്തിന്റെ ഭാഗമായ വാദ്യമേളക്കാരുടെയും ജനപ്രിയ വിനോദമേഖലയിലുള്ളവരുടെയും ജൂബിലി മെയ് 10-11 തീയതികളിലായി വത്തിക്കാനിൽ നടക്കുമെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ, ലോകത്തിലെ സുവിശേഷവത്കരണം സംബന്ധിച്ച അടിസ്ഥാനകാര്യങ്ങൾക്കായുള്ള വിഭാഗം പത്രക്കുറിപ്പിലൂടെ അറിയിച്ചു. തൊണ്ണൂറിലധികം രാജ്യങ്ങളിൽനിന്നായി പതിമൂവായിരത്തിലധികം ആളുകൾ ജൂബിലിയാഘോഷങ്ങൾക്കായി റോമിലെത്തുമെന്നും ഡികാസ്റ്ററി വ്യക്തമാക്കി.

ജൂബിലിയിൽ പങ്കെടുക്കാനെത്തുന്നവരിൽ ഭൂരിഭാഗവും ഇറ്റലിയിൽനിന്നുള്ളവരാണ്. വടക്കേ അമേരിക്ക, മാൾട്ട, പോളണ്ട്, സ്പെയിൻ, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ബ്രസീൽ, മെക്സിക്കോ, ഓസ്ട്രേലിയ, അര്ജന്റീന എന്നീ രാജ്യങ്ങളിൽനിന്നും ധാരാളം തീർത്ഥാടകരെത്തുമെന്ന് ഡികാസ്റ്ററി അറിയിച്ചു.

വാദ്യമേളക്കാരുടെയും ജനപ്രിയ വിനോദമേഖലയിലുള്ളവരുടെയും ജൂബിലിക്കായെത്തുന്നവർക്ക് ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം ആറുമണിവരെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ കടക്കാൻ അവസരമുണ്ടായിരിക്കും. വൈകുന്നേരം നാലുമുതൽ ഏഴ് വരെ റോമിലുള്ള 31 ചത്വരങ്ങളിൽ വാദ്യമേളക്കാഴ്ച ഒരുക്കിയിട്ടുണ്ട്. ഇതിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറിലധികം വാദ്യമേളസംഘങ്ങൾ പങ്കെടുക്കും.

മെയ് 11 ഞായറാഴ്ച റോമിലെ കാവൂർ ചത്വരത്തിൽ രാവിലെ പത്ത് മണിക്ക് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ, ലോകത്തിലെ സുവിശേഷവത്കരണം സംബന്ധിച്ച അടിസ്ഥാനകാര്യങ്ങൾക്കായുള്ള വിഭാഗത്തിന്റെ ഉപാദ്ധ്യക്ഷനും, ജൂബിലിച്ചടങ്ങുകളുടെ സംഘാടകനുമായ ആർച്ച്ബിഷപ് റീനോ ഫിസിക്കെല്ലയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധബലിയർപ്പണം നടക്കും. രാവിലെ എട്ട് മുതൽ ചത്വരത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും, ഇതിനായി പ്രത്യേക ടിക്കറ്റുകൾ ആവശ്യമില്ലെന്നും ഡികാസ്റ്ററി അറിയിച്ചു.

കാവൂർ ചത്വരത്തിലെ വിശുദ്ധ ബലിയുടെ അവസാനം, തീർത്ഥാടകർ പ്രദക്ഷിണമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക്, തങ്ങളുടെ വാദ്യോപകരണങ്ങൾ വായിച്ചുകൊണ്ട് നീങ്ങും.

കോൺക്ലേവിന്റെ കൂടി പശ്ചാത്തലത്തിൽ തീർത്ഥാടകരും, വിശ്വാസികളും, സന്ദർശകരും, മാധ്യമപ്രവർത്തകരുമടക്കം പതിനായിരക്കണക്കിന് ആളുകളാണ് റോമിൽ എത്തിയിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 മേയ് 2025, 16:55