ലിയോ പതിനാലാമാൻ പാപ്പാ ബുർക്കിന ഫാസോ പ്രെസിഡന്റിന് അയച്ചതെന്ന പേരിൽ വ്യാജവീഡിയോ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നിർമ്മിതബുദ്ധിയുടെ ദുരുപയോഗത്തിന് സാക്ഷ്യമായി ലിയോ പാപ്പായുടെ പേരിൽ വ്യാജവീഡിയോ. ബുർക്കിന ഫാസോ പ്രെസിഡന്റ് ഇബ്രാഹിം ട്രഓറേയുടെ ഒരു കത്തിന് മറുപടിയെന്ന പേരിൽ പാപ്പാ നൽകിയ വീഡിയോ സന്ദേശം എന്ന പേരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പങ്കുവയ്ക്കപ്പെട്ടത് വ്യാജസന്ദേശമാണെന്ന് വത്തിക്കാൻ വ്യക്തമാക്കി. 36 മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ഒരു വീഡിയോയാണ് പാൻ ആഫ്രിക്കൻ ഡ്രീംസ് (Pan African dreams) എന്ന അക്കൗണ്ടിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടത്.
മെയ് 12-ന് ലിയോ പതിനാലാമൻ പാപ്പാ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങൾ നിർമ്മിത ബുദ്ധിയുപയോഗിച്ച് മോർഫ് ചെയ്താണ് പാപ്പായുടെ പേരിൽ വ്യാജവീഡിയോ നിർമ്മിക്കപ്പെട്ടത്. പ്രെസിഡന്റ് ഇബ്രാഹിം ട്രഓറേയുടെ വാക്കുകൾ, ഉപേക്ഷയുടെയും, ചൂഷണത്തിന്റെയും ഇരട്ടവാളിനാൽ മുറിവേൽപ്പിക്കപ്പെട്ട ഒരു ഭൂഖണ്ഡത്തിന്റെ ന്യായപൂർണ്ണമായ വിലാപമാണെന്ന സാക്ഷ്യത്തോടെ ലിയോ പാപ്പാ സംസാരിക്കുന്നതായാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ഈ വീഡിയോയിൽ കാണാനാകുക.
മെയ് 15-ന് ബിബിസിയും ഇത്തരം കപടസന്ദേശങ്ങൾ സംബന്ധിച്ച് വാർത്ത ചെയ്തിരുന്നു. നൂ സെ ലെഗ്ലിസ് (Nou se Legliz) എന്ന യൂട്യൂബ് അക്കൗണ്ടും, പാപ്പായുടെ പേരിലുള്ള കപടവീഡിയോ പ്രസിദ്ധീകരിച്ചിരുന്നു.
ലോകത്ത്, നിർമ്മിത ബുദ്ധി ഉപയോഗിച്ചും, മോർഫിംഗ് പോലെയുള്ള മറ്റ് സാങ്കേതികവിദ്യകളുടെ സഹായത്തോടെയും ഇതുപോലെയുള്ള വ്യാജവീഡിയോകളും ചിത്രങ്ങളും അർദ്ധസത്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന്റെ കൂടി അടിസ്ഥാനത്തിൽ, ലിയോ പതിനാലാമൻ പാപ്പായുടെ പ്രഭാഷണങ്ങൾക്കും, കൂടിക്കാഴ്ചകൾക്കും, രേഖകൾക്കുമായി വിവിധ ഭാഷകളിലുള്ള വത്തിക്കാന്റെ വെബ്സൈറ്റും (vatican.va), പാപ്പായുമായി ബന്ധപ്പെട്ട വാർത്തകൾക്കും, പാപ്പായുടെ വീഡിയോ സന്ദേശങ്ങൾക്കും, അദ്ദേഹത്തിന്റെ വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾക്കും, മലയാളത്തിലുൾപ്പെടെ അൻപത്തിയാറ് ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വത്തിക്കാൻ ന്യൂസ് വെബ്സൈറ്റും (vaticannews.va/) ഒസ്സെർവ്വത്തോറെ റൊമാനൊ എന്ന പത്രത്തിന്റെ വെബ്സൈറ്റും (osservatoreromano.va) പരിശോധിക്കാൻ ഏവരും ശ്രദ്ധിക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: