ദൈവവിശ്വാസത്തിന്റെയും ആത്മാവിന്റെ വെളിച്ചത്തിനായുള്ള പ്രാർത്ഥനയുടെയും തിരഞ്ഞെടുപ്പ് സമയം
പൗളോ റുഫീനി, വത്തിക്കാന്‍ ന്യൂസ്
ദൈവത്തിന്റെ ശുശ്രൂഷകരുടെ ശുശ്രൂഷകനായി, കർത്താവിന്റെ സഭയെ നയിക്കാനുള്ളയാളെ, സിസ്റ്റൈൻ ചാപ്പലിൽ രഹസ്യാത്മകസ്വഭാവത്തോടെ തിരഞ്ഞെടുക്കാനായി കർദ്ദിനാൾമാർ പ്രവേശിച്ചിരിക്കുന്ന കാത്തിരിപ്പിന്റെ സമയമാണിതെന്ന് വത്തിക്കാൻ ന്യൂസിനായി തയ്യാറാക്കിയ മുഖപ്രസംഗത്തിൽ വത്തിക്കാൻ വാർത്താവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനായിരുന്ന ഡോ. പൗളോ റുഫീനി. റോമിന്റെ ഇരുനൂറ്റിയറുപത്തിയേഴാമത് മെത്രാൻ ആരായിരിക്കുമെന്ന പ്രതീക്ഷയോടെ, സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിക്കാനാകില്ലെങ്കിലും നാമെല്ലാവരും കാത്തിരിക്കുകയാണെന്നും അദ്ദേഹം എഴുതി.
എപ്രകാരമാണ് ദൈവജനത്തിന്റെ ഭാഗമായിരുന്നതും ഏവരുടെയും ദാസനുമായിരിക്കുന്ന ഒരാൾക്ക് ഒരു ജനതയുടെ, ഒരു സഭയുടെ തലവനായിരിക്കാൻ സാധിക്കുക എന്ന ചോദ്യത്തിന്, നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം എന്ന ക്രിസ്തുവിന്റെ വാക്കുകൾ (മർക്കോസ് 10, 42-45) പരാമർശിച്ചുകൊണ്ടാണ് ഡോ. റുഫീനി മറുപടി നൽകുന്നത്. എന്നാൽ ഇക്കാലത്തുപോലും ഈ വാക്കുകൾ മനസ്സിലാക്കാൻ നമുക്ക് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നയാൾ ശുശ്രൂഷിക്കാനായാണ് വിളിക്കപ്പെടുന്നത്. ഇത് മാധ്യമങ്ങൾക്കും, അധികാരകേന്ദ്രങ്ങൾക്കും എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഒരു ചിന്തയല്ല. അതുകൊണ്ടുതന്നെ, ആരായിരിക്കണം എങ്ങനെയുള്ളയായാളായിരിക്കണം പുതുതായി തിരഞ്ഞെടുക്കപ്പെടുന്നയാൾ എന്നതിനെക്കുറിച്ച് അവർ തങ്ങളുടേതായ അനുമാനങ്ങൾ മുന്നോട്ട് വയ്ക്കുന്നു.
“എക്സ്ത്രാ ഓംനെസ്” എന്ന നിർദ്ദേശത്തിലൂടെ, വോട്ടു ചെയ്യാൻ അനുവാദമില്ലാത്തവർ സിസ്റ്റൈൻ ചാപ്പലിന് പുറത്തിറങ്ങണമെന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്. വോട്ടു ചെയ്യുന്നവർ തങ്ങളുടെ വ്യക്തിപരമായ ചിന്തകളും അനുമാനങ്ങളും മാറ്റിവയ്ക്കണമെന്നും, പരിശുദ്ധാത്മാവിന് മാത്രമായി ഇടമനുവദിച്ചുകൊണ്ട്, തങ്ങളെത്തന്നെ ശൂന്യരാക്കണമെന്നുകൂടിയാണ് ഇതുദ്ദേശിക്കുന്നത്.
തിന്മ വിജയിക്കില്ലെന്ന് യേശു ഉറപ്പുനൽകുന്ന മീൻപിടുത്തക്കാരനാണ് പത്രോസ്. നീ പത്രോസാണ്, ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കുമെന്ന് യേശു പറയുന്നു (മത്തായി 16, 18).
തന്റെ സഭയെ നയിക്കാനുള്ള ചുമതല നൽകുന്ന അവസരത്തിൽ, സ്വയം വഹിക്കുവാൻ കഴിയാത്തത്ര വലിയ ഈ ഭാരം വഹിക്കാൻ താങ്ങാകണമേയെന്ന് ഈ അപ്പസ്തോലനുവേണ്ടി യേശു പിതാവിനോട് പ്രാർത്ഥിക്കുന്നുണ്ട്.
"ശിമയോൻ, ശിമയോൻ, ഇതാ സാത്താൻ നിങ്ങളെ ഗോതമ്പു പോലെ പാറ്റാൻ ഉദ്യമിച്ചു. എന്നാൽ, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം" (ലൂക്കാ 22, 31) എന്ന യേശുവിന്റെ വാക്കുകളാണ്, പത്രോസിനും, ചരിത്രത്തിൽ അവന്റെ പിൻഗാമികൾക്കും, ലോകത്തിന്റെ പരീക്ഷണങ്ങൾക്ക് മുന്നിൽ ശക്തിയായി കൂടെ നിന്നത്. മതത്തെ മാറ്റി നിറുത്തിയതും, ഭിന്നതാ, ധ്രുവീകരണ ചിന്തകൾ നിലനിൽക്കുന്നതും, അധികാരത്തിനായി കൊതിക്കുന്നതും, ശുശ്രൂഷയുടെ ശരിയായ അർത്ഥമോ പൊതുനന്മയോ മനസ്സിലാക്കാനാകാത്തതും, കാരുണ്യത്തിനും ക്ഷമയ്ക്കും പകരം പകയും വൈരാഗ്യബുദ്ധിയും നിറഞ്ഞതുമായ ഒരു ലോകമാണ് നമുക്ക് മുന്നിലുള്ളത്.
കണക്കുകൂട്ടലുകൾ തെറ്റിയ, രാത്രിമുഴുവൻ ശ്രമിച്ചിട്ടും ഒരു മത്സ്യം പോലും ലഭിക്കാത്ത ഒരു മീൻപിടുത്തക്കാരനാണ് പത്രോസ്. ഒരു അജ്ഞാതന്റെ വാക്കുകൾ കേട്ട് മറുവശത്ത് വലയിറക്കുകയും, തന്നോട് സംസാരിക്കുന്നത് ഗുരുവാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരുവൻ.
ക്ഷമിക്കപ്പെട്ട ഒരു പാപിയാണവൻ. ഒറ്റുകൊടുത്തതിൽ ഹൃദയം നുറുങ്ങി കരഞ്ഞ ശേഷം ആനന്ദമനുഭവിക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവൻ. അവന്റെ കണ്ണീരിൽ സഭയുടെ രഹസ്യം അടങ്ങിയിരിക്കുന്നു. ദൈവരാജ്യത്തിന്റെ താക്കോൽ ഒരുപക്ഷെ ആ കണ്ണുനീരായിരിക്കാം. തന്റേതല്ലാത്ത പ്രകാശത്താൽ തിളങ്ങുന്നവൻ, താനായിരുന്നില്ലാത്ത പാറയായിത്തീർന്നവൻ. അതുകൊണ്ടുതന്നെ നമ്മെ വിശ്വാസത്തിൽ ഉറപ്പിച്ചുനിറുത്തുന്നവൻ.
പരിഭാഷപ്പെടുത്തി തയ്യാറാക്കിയത് മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: