MAP

കോൺക്ലേവിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ കോൺക്ലേവിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ  (ANSA)

പത്രോസിന്റെ പുതിയ പിൻഗാമിക്കായുള്ള കോൺക്ലേവ് ആരംഭിച്ചു

പത്രോസിന്റെ പിൻഗാമിക്കായുള്ള കോൺക്ലേവിന്റെ ഭാഗമായി "പാപ്പായെ തിരഞ്ഞെടുക്കാനായുള്ള" എന്നർത്ഥം വരുന്ന “പ്രോ എലിജേന്തൊ പൊന്തീഫിച്ചെ” എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധ ബലി മെയ് 7 ബുധനാഴ്ച രാവിലെ 10 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ നടന്നു. വൈകുന്നേരം 4.30-ന് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ കോൺക്ലേവിന്റെ ഭാഗമായുള്ള സത്യപ്രതിജ്ഞ, പ്രഭാഷണം, വോട്ടെടുപ്പ് തുടങ്ങിയവ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പത്രോസിന്റെ ഇരുനൂറ്റിയറുപത്തിയാറാമത് പിൻഗാമിക്കായുള്ള പ്രഥമ വോട്ടെടുപ്പ് മെയ് 7 ബുധനാഴ്ച വൈകുന്നേരം. കോൺക്ലേവിന്റെ ഭാഗമായി "പാപ്പായെ തിരഞ്ഞെടുക്കാനായുള്ള" എന്നർത്ഥം വരുന്ന “പ്രോ എലിജേന്തൊ പൊന്തീഫിച്ചെ” എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധ ബലി ഇതേ ദിവസം രാവിലെ 10 മണിക്ക് കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജ്യോവാന്നി ബാത്തിസ്ത്ത റേയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. സഭയുടെയും മാനവികതയുടെയും നന്മയ്ക്കായി ദൈവഹിതമനുസരിച്ചുള്ള പാപ്പായെ തിരഞ്ഞെടുക്കാൻ പരിശുദ്ധാത്മാവിന്റെ പ്രകാശം കർദ്ദിനാൾമാർക്ക് ലഭിക്കാനായി സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിനൊപ്പം പ്രാർത്ഥിക്കാമെന്ന് അദ്ദേഹം തന്റെ സുവിശേഷപ്രഭാഷണത്തിലൂടെ എല്ലാവരോടും ആഹ്വാനം ചെയ്തു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിലും അടുത്തുള്ള പഴയ സാന്ത മാർത്ത ഭവനത്തിലും കഴിഞ്ഞ ദിവസം തങ്ങൾക്ക് ലഭിച്ച മുറികളിൽ തങ്ങിയ കർദ്ദിനാൾമാർ വൈകുന്നേരം 3.45-ന് കോൺക്ലേവിന്റെ പ്രധാനഭാഗമായ പ്രാർത്ഥനകളിലും വോട്ടെടുപ്പിലും പങ്കെടുക്കാനായി അപ്പസ്തോലിക കൊട്ടാരത്തിലേക്ക് ഔദ്യോഗികവേഷം ധരിച്ച് യാത്രയായി. അപ്പസ്തോലിക കൊട്ടാരത്തിലുള്ള വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ചാപ്പലിൽ എത്തിയ കർദ്ദിനാൾമാർ, അവരുടെ ഡീക്കൻ, പുരോഹിതൻ, മെത്രാൻ എന്നീ ക്രമമനുസരിച്ച് മൈക്കിൾ ആഞ്ചെലോയുടെ കരവിരുത് വെളിവാക്കുന്ന സിസ്റ്റൈൻ ചാപ്പലിലേക്ക് അവിടെ കർദ്ദിനാൾ പിയെത്രോ പരൊളീന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രാർത്ഥനയെത്തുടർന്ന്, സകല വിശുദ്ധരുടെയും ജപമാല പ്രാർത്ഥനയോടെ നീങ്ങി. ചാപ്പലിൽ എത്തിയ ശേഷം, പരിശുദ്ധാത്മാവിനോടുള്ള "വേനി ക്രെയാത്തോർ സ്പിരിത്തൂസ്" എന്ന പ്രാർത്ഥനാഗാനം ആലപിക്കപ്പെട്ടു. തുടർന്ന് കർദ്ദിനാൾമാർ കോൺക്ലേവുമായി ബന്ധപ്പെട്ട രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നത് സംബന്ധിച്ച പ്രതിജ്ഞ സുവിശേഷത്തിൽ കൈവച്ച് ചെയ്തു. തുടർന്ന് കോൺക്ലേവിൽ പങ്കെടുക്കാൻ അവകാശമില്ലാത്തവർ പുറത്തുപോകുന്നതിനുള്ള "എക്സ്ത്രാ ഓംനെസ്" നിർദ്ദേശം നല്കപ്പെട്ടതിനെത്തുടർന്ന്, സിസ്റ്റൈൻ ചാപ്പലിൽ ഉണ്ടായിരുന്ന ഗായകസംഘവും മറ്റു സഹായികളും പുറത്തുപോയി. തുടർന്ന് ചാപ്പലിന്റെ വാതിൽ അടയ്ക്കപ്പെട്ടു. ഇതിന് ശേഷം മുൻകൂട്ടി നിശ്ചയിച്ചിരുന്നതുപോലെ കർദ്ദിനാൾ റനിയേരോ കാന്തലമേസ ധ്യാനപ്രഭാഷണം നടത്തും. ഇതേത്തുടർന്നാണ് പുതിയ പാപ്പായെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുക. മെയ് 7-ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം വൈകുന്നേരം ഏഴ് മണിയോടെ സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽനിന്നുയരുന്ന പുക കാണുന്നതോടെ അറിയാനാകും.

കോൺക്ലേവിന്റെ തുടർ നടപടികൾ

മെയ് 7-ന് നടക്കുന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിഭാഗത്തോടെ ഒരാളെ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കാനാകുന്നില്ലെങ്കിൽ, വ്യാഴാഴ്ച വീണ്ടും പ്രാർത്ഥനകളും വോട്ടെടുപ്പും നടക്കും. ഇതനുസരിച്ച് രാവിലെ 7.45-ന് സാന്താ മാർത്തയിൽനിന്ന് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് യാത്രയാകുന്ന കർദ്ദിനാൾമാർ വിശുദ്ധ പൗലോസിന്റെ ചാപ്പലിൽ രാവിലെ 8.15-ന് പ്രഭാതപ്രാർത്ഥനയും വിശുദ്ധബലിയർപ്പണവും നടത്തും. തുടർന്ന് സിസ്റ്റൈൻ ചാപ്പലിൽ വച്ച് 9.15-ന് രണ്ടാം യാമപ്രാർത്ഥനയും തുടർന്ന് വോട്ടെടുപ്പുകളും നടക്കും. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് 10.30-നോ 12-നോ വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരാൻ സാധ്യതയുണ്ട്. ഈ വോട്ടെടുപ്പുകളിലും ഒരാളെ തിരഞ്ഞെടുക്കാനായില്ലെങ്കിൽ 12.30-ന് ഉച്ചഭക്ഷണത്തിനായി കർദ്ദിനാൾമാർ തിരികെ സാന്താ മർത്തയിലേക്ക് പോകും.

നാലും അഞ്ചും പ്രാവശ്യത്തെ വോട്ടെടുപ്പുകൾക്കായി വ്യാഴാഴ്ച വൈകുന്നേരം 3.45-നായിരിക്കും കർദ്ദിനാൾമാർ വീണ്ടും അപ്പസ്തോലിക കൊട്ടാരത്തിലേക്കെത്തുക. ഉച്ചകഴിഞ്ഞുള്ള പ്രഥമവോട്ടെടുപ്പ് വൈകുന്നേരം 4.30-നായിരിക്കും. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് വൈകുന്നേരം 5.30-നും 7-നും വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരും. തുടർന്ന് സായാഹ്നപ്രാർത്ഥനകൾ നടക്കും. 730-ന് കർദ്ദിനാൾമാർ തിരികെ സാന്താ മാർത്തയിലേക്ക് യാത്രയാകും.

വ്യാഴാഴ്ച രാവിലെയും ഉച്ചകഴിഞ്ഞും നടക്കുന്ന ആദ്യ വോട്ടെടുപ്പുകളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ തിരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടാമത്തെ വോട്ടെടുപ്പുകൾക്ക് ശേഷമായിരിക്കും പുകയുയരുകയെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു

കോൺക്ലേവിന്റെ ഭാഗമായി സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനകൾ ലത്തീൻ ഭാഷയിലായിരിക്കുമെന്ന് മത്തെയോ ബ്രൂണി കൂട്ടിച്ചേർത്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മേയ് 2025, 11:26