ഫ്രാൻസിസ് പാപ്പാ ആരംഭിച്ച പരിഷ്കരണപദ്ധതികൾ തുടർന്നുകൊണ്ടുപോകണം: കർദ്ദിനാൾ സംഘം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കർദ്ദിനാൾമാരുടെ പന്ത്രണ്ടാമത്തേതും കോൺക്ലെവിന് മുൻപുള്ള അവസാനത്തേതുമായ പൊതുസമ്മേളനം മെയ് ആറാം തീയതി ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചുവെന്നും, വോട്ടവകാശമുള്ള 130 കർദ്ദിനാൾമാർ ഉൾപ്പെടെ 170 കർദ്ദിനാൾമാർ സമ്മേളനത്തിൽ സംബന്ധിച്ചുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. സമ്മേളനത്തിൽ 26 കർദ്ദിനാൾമാർ ആശയങ്ങൾ പങ്കുവച്ചു.
ഫ്രാൻസിസ് പാപ്പാ സഭയിൽ ആരംഭിച്ച പരിഷ്കരനടപടികൾ ചർച്ചചെയ്യപ്പെട്ടുവെന്നും, സഭയിലെ ചൂഷണങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ, സാമ്പത്തികരംഗം സംബന്ധിച്ച കാര്യങ്ങൾ, വത്തിക്കാൻ കൂരിയയിലെ പരിഷ്കരണങ്ങൾ, സിനഡാത്മകതയുടെ ആവശ്യം, സമാധാനസ്ഥാപനത്തിനായുള്ള ശ്രമങ്ങൾ, പ്രകൃതിയുടെ സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടർന്നുകൊണ്ടുപോകണമെന്ന് കർദ്ദിനാൾ സംഘം അഭിപ്രായപ്പെട്ടുവെന്നും പ്രെസ് ഓഫീസ് മേധാവി അറിയിച്ചു.
ഐക്യചിന്തകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ, പുതിയ പാപ്പായും പരസ്പരബന്ധങ്ങൾ ദൃഢപ്പെടുത്തുകയും, ബന്ധത്തിന്റെ പാലങ്ങൾ പണിയുകയും അജപാലകസ്വഭാവം കാത്തുസൂക്ഷിക്കുകയും, മാനവികതയുടെ ഗുരുവായിരിക്കുകയും, സമരിറ്റൻ സഭയുടെ മുഖമായിരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത എടുത്തുപറയപ്പെട്ടു. യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും വലിയ ധ്രുവീകരണത്തിന്റെയും ഇക്കാലത്ത് തിരഞ്ഞെടുക്കപ്പെടുന്ന പുതിയ പാപ്പാ, കാരുണ്യത്തിന്റെയും സിനഡാത്മകതയുടെയും പ്രത്യാശയുടെയും അടയാളമാകാൻ കഴിയുന്നയാളായിരിക്കണം.
കാനോനികനിയമം, പാപ്പായുടെ അധികാരം, സഭയിലെ ഭിന്നതകൾ, സഭയിൽ കർദ്ദിനാൾമാർ എപ്രകാരമാണ് ജീവിക്കേണ്ടത്, ക്രിസ്തുരാജന്റെ തിരുനാളും പാവപ്പെട്ടവരുടെ ആഗോളദിനവും അടുത്തായിരിക്കുന്നത്, പുതിയ കർദ്ദിനാൾമാരെ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കർദ്ദിനാൾ സംഘം ഒരുമിച്ച് കൂടേണ്ടതിന്റെ ആവശ്യകത, തുടങ്ങിയ വിഷയങ്ങളും പന്ത്രണ്ടാം പൊതുസമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടു.
ക്രൈസ്തവവിശ്വാസത്തിലേക്കുള്ള പ്രവേശനകൂദാശകളും ക്രൈസ്തവവിശ്വാസപരിശീലനവും മിഷനറി പ്രവർത്തനമാണെന്ന ചിന്ത, സംഘർഷങ്ങൾ ഉള്ളയിടങ്ങളിലും, മതസ്വാതന്ത്ര്യം കുറഞ്ഞയിടങ്ങളിലും വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരുടെ അനുസ്മരണം, കാലാവസ്ഥാവ്യതിയാനമെന്ന പ്രധാനപ്പെട്ട വിഷയം തുടങ്ങിയവയും ഈ സമ്മേളനത്തിലെ ചർച്ചകളിൽ ഇടംപിടിച്ചു.
പെസഹാ ആചാരണത്തീയതി, നിഖ്യ കൗൺസിൽ, എക്യൂമെനിക്കൽ ചർച്ചകൾ തുടങ്ങിയവും സമ്മേളനത്തിൽ പരാമർശിക്കപ്പെട്ടു. മെയ് ആറാം തീയതി രാവിലെ, പാപ്പായുടെ അധികാരത്തിന്റെ അടയാളം കൂടിയായ "വലിയ മുക്കുവന്റെ മോതിരം" നശിപ്പിക്കപ്പെട്ടു.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ നടന്നുവരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ, സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളോട് സ്ഥിരമായ വെടിനിറുത്തൽ നടപ്പിലാക്കാനും പരസ്പരചർച്ചകളിൽ ഏർപ്പെടാനും ആവശ്യപ്പെടുന്ന ഒരു അഭ്യർത്ഥനയും സമ്മേളനത്തിൽ വായിക്കപ്പെട്ടു. ന്യായപൂർണ്ണവും നിലനിൽക്കുന്നതുമായ സമാധാനത്തിന്റെ ആവശ്യം ഈ രേഖ എടുത്തുകാട്ടുന്നു.
ഉച്ചയ്ക്ക് 12.30-നാണ് കർദ്ദിനാൾ സംഘത്തിന്റെ സമ്മേളനം അവസാനിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: