MAP

മെത്രാഭിഷേക ശുശ്രൂഷ മെത്രാഭിഷേക ശുശ്രൂഷ   (@Vatican Media)

മെത്രാൻ പദവി സഭയ്ക്കുള്ള ദാനമാകണം: കർദിനാൾ പരോളിൻ

ബെലാറൂസിൽ അപ്പസ്തോലിക ന്യൂൺഷ്യോ ആയി നിയമിതനായ മോൺസിഞ്ഞോർ ഇഗ്‌നാസിയോ ചെഫാലിയ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈവപ്പുവഴിയായി മെത്രാപ്പോലീത്തയായി അഭിയേഷേകം ചെയ്യപ്പെട്ടു.

വത്തിക്കാൻ ന്യൂസ്

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വച്ച്, ബെലാറൂസിൽ അപ്പസ്തോലിക ന്യൂൺഷ്യോ ആയി നിയമിതനായ മോൺസിഞ്ഞോർ ഇഗ്‌നാസിയോ ചെഫാലിയയുടെ മെത്രാഭിഷേക ചടങ്ങുകൾക്ക്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ മുഖ്യകാർമ്മികത്വം വഹിച്ചു. രാഷ്ട്രീയവും സാമൂഹിക-സാമ്പത്തികവുമായ  ആന്തരിക വെല്ലുവിളികൾക്കിടയിലും, ഓർത്തഡോക്സ് സഹോദരങ്ങളുമായുള്ള ബന്ധത്തിൽ നിലനിൽക്കുന്ന  മതപരമായ വെല്ലുവിളികൾക്കിടയിലും, അവസാനമില്ലാത്ത ഉക്രെയ്നിലെ ദാരുണമായ യുദ്ധവുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങൾക്കിടയിലും, ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട്, മോൺസിഞ്ഞോർ ഇഗ്‌നാസിയോയ്ക്ക് തന്റെ ശുശൂഷ മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കട്ടെയെന്നു കർദിനാൾ ആശംസിച്ചു.

തൻറെ വചനസന്ദേശത്തിൽ, മെത്രാൻ ശുശ്രൂഷയുടെ പ്രാധാന്യവും, അർത്ഥവും കർദിനാൾ വിവരിച്ചു. മെത്രാൻ ശുശ്രൂഷ മുഴുവൻ സഭയ്ക്കും വേണ്ടിയുള്ള ഒരു ദാനം ആണെന്നും, തിരഞ്ഞെടുക്കപ്പെടുന്നയാൾ തനിക്കുവേണ്ടിയല്ല, മറിച്ച്, തനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സമൂഹത്തിനുവേണ്ടിയാണ്‌ ജീവിക്കേണ്ടതെന്നു കർദിനാൾ അടിവരയിട്ടു പറഞ്ഞു. കഴിഞ്ഞ മാർച്ച് 25 ന് ആണ് മോൺസിഞ്ഞോർ ഇഗ്‌നാസിയോ ചെഫാലിയ  ബെലാറൂസിൽ അപ്പസ്തോലിക ന്യൂൺഷ്യോ ആയി നിയമിതനായത്. ഇറ്റലിയിലെ ഗ്രീക്ക്-ബൈസന്റൈൻ കത്തോലിക്കാ സഭയിൽ അംഗമാണ് മോൺസിഞ്ഞോർ ഇഗ്‌നാസിയോ. 'നിങ്ങൾക്കുവേണ്ടി ഞാൻ ഒരു മെത്രാനും, നിങ്ങൾക്കൊപ്പം ഞാൻ ഒരു ക്രൈസ്തവനും' ആണെന്നുള്ള വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ, ലിയോ പതിനാലാമൻ പാപ്പാ കഴിഞ്ഞ ദിവസം ഉദ്ധരിച്ചിരുന്നു. ഈ വാക്കുകളും കർദിനാൾ അടിവരയിട്ടു പറഞ്ഞു.

എല്ലാ സാഹചര്യങ്ങളെയും നേരിടാനും മെത്രാൻ പദവിയുടെ ദാനം പൂർണ്ണമായി അനുഭവിക്കാനും, കൈവയ്പ്പിലൂടെ തനിക്ക് ഏൽപ്പിക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ ദാനം കാത്തുസൂക്ഷിക്കാനും നവാഭിഷിക്തനെ കർദിനാൾ ഓർമ്മപ്പെടുത്തി. ആത്മീയ ദാനം ഒരു തീ പോലെ ജ്വലിക്കുന്നുവെങ്കിലും, അവയെ ജീവാത്മകമായി നിലനിർത്തിയില്ലെങ്കിൽ, അത് നശിച്ചുപോകുമെന്ന മുന്നറിയിപ്പും കർദിനാൾ പരോളിൻ നൽകി. 'എന്നാൽ ഞാൻ നിന്നിൽ പ്രത്യാശ വച്ചിരിക്കുന്നു' എന്നുള്ളതാണ് മോൺസിഞ്ഞോർ ഇഗ്‌നാസിയോയുടെ ആപ്തവാക്യം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 മേയ് 2025, 11:38