സമാധാനത്തിൻറെ പാത ആദ്ധ്യാത്മിക ധാർമ്മിക നവീകരണത്തിൽ വേരൂന്നണം, കർദ്ദിനാൾ പരോളിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
“ഇനിയൊരിക്കലും യുദ്ധം വേണ്ട” എന്ന വിശുദ്ധ പോൾ ആറാമൻറെ, ചരിത്രത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന വാക്കുകൾ അക്രമത്തിൻറെയും പ്രതികാരത്തിൻറെയും വിനാശകരമായ യുക്തി വെടിയാൻ നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് വത്തിക്കാൻ സംസ്ഥാന കാര്യകർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
മെയ് 19-ന് അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോർക്ക് നഗരത്തിൽ “പാത്ത് റ്റു പീസ് ഫൗണ്ടേഷൻ” പുരസ്കാരം സ്വീകരിക്കവേ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
സ്ഥായിയായ സമാധാനത്തിലേക്കുള്ള വഴി ആദ്ധ്യാത്മിക ധാർമ്മിക നവീകരണത്തിൽ വേരൂന്നണം എന്ന വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ പ്രവാചകാത്മക വ്യക്തതയോടുകൂടിയ വാക്കുകൾ കർദ്ദിനാൾ പരോളിൻ ആവർത്തിച്ചു.
2025-ലെ “പാത്ത് റ്റു പീസ്” പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം താൻ ഇത് സ്വീകരിക്കുന്നത് എല്ലാറ്റിനുമുപരി, പരിശുദ്ധസിംഹാസനത്തിൻറെ പേരിലും വിശ്വശാന്തിക്കും നീതിക്കും വേണ്ടി പാപ്പായുടെ നാമത്തിൽ അക്ഷീണം പ്രവർത്തിക്കുന്ന വത്തിക്കാൻ സംസ്ഥാനത്തിൻറെ പേരിലും ആണെന്നും വ്യക്തമാക്കി.
പരിശുദ്ധസിംഹാസനത്തിന് ഐക്യരാഷ്ട്രസഭയുമായുള്ള പിന്തുണയുടെതായ ബന്ധത്തിനുള്ള അംഗീകാരമാണിതെന്നും സമാധാന ദൗത്യത്തിൽ പാപ്പായെ സമർപ്പണ ബുദ്ധിയോടെ സഹായിക്കുന്ന എല്ലാവർക്കുമുള്ള ഒരു ബഹുമതിയും കൂടിയാണിതെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: