മുന്തിരിവള്ളിയും ശാഖയുമെന്നപോലെ ക്രിസ്തുവിനോട് ചേർന്ന് ജീവിച്ച് ഫ്രാൻസിസ് പാപ്പാ സഭയിൽ ശുശ്രൂഷ ചെയ്‌തു: കർദ്ദിനാൾ മക്റിസ്കാസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഒരു വൈദികനെന്ന നിലയിലും, ജെസ്യൂട്ട് സന്ന്യസ്ത വൈദികനെന്ന നിലയിലും, മെത്രാനെന്ന നിലയിലും പാപ്പാ എന്ന നിലയിലും, ദൈവജനത്തിന്റെ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു ജീവിതമായിരുന്നു ഫ്രാൻസിസ് പാപ്പയുടേതെന്ന് മേരി മേജർ ബസലിക്കയുടെ പിന്തുടർച്ചാവകാശമുള്ള ആർച്ച്പ്രീസ്റ് കർദ്ദിനാൾ റൊളാന്താസ് മക്റിസ്കാസ്. മുന്തിരിച്ചെടിയും ശാഖകളുമെന്നപോലെ ദൈവത്തോട് ചേർന്നുനിന്നിരുന്ന ഒരു ജീവിതമായിരുന്നു പാപ്പയുടേതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഫ്രാൻസിസ് പാപ്പായുടെ മരണത്തിന്റെ മുപ്പതാം നാൾ, മെയ് 21-ന്, അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ള റോമിലെ മേരി മേജർ ബസലിക്കയിൽ, പാപ്പായ്ക്കായി വിശുദ്ധ ബലിയർപ്പിക്കവെയാണ് കർദ്ദിനാൾ മക്റിസ്കാസ് ഫ്രാൻസിസ് പാപ്പായുടെ ജീവിതസാക്ഷ്യം അനുസ്മരിച്ചത്.
ക്രിസ്തുവിൽനിന്ന് വേർതിരിക്കാനാകാത്തവിധം അവനോട് ഒത്തുചേർന്നുനിന്നതിനാൽ, ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പ്രവൃത്തികളും അനേകരുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞുവെന്നും, സുഖദുഃഖങ്ങൾ പാപ്പായെ ദൈവത്തിൽനിന്ന് മാറ്റിനിറുത്തിയില്ലെന്നും കർദ്ദിനാൾ മക്റിസ്കാസ് പ്രസ്താവിച്ചു. തന്റെ ഓരോ ദിവസങ്ങളും പാപ്പാ ആരംഭിച്ചത് ദിവ്യകാരുണ്യ ആരാധനയോടെയും വിശുദ്ധ കുർബാനയോടെയും വ്യക്തിപരമായ പ്രാർത്ഥനയോടെയുമായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
പാപ്പായായിരുന്ന നീണ്ട പന്ത്രണ്ടു വർഷങ്ങളിൽ, ആളുകൾക്ക് ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലും പ്രകാശം പരത്തുന്ന പുഞ്ചിരിയിലും, അർത്ഥപൂർണ്ണമായ പ്രവൃത്തികളിലും, ദൈവത്തിന്റെ സാമീപ്യവും ആർദ്രതയും കാരുണ്യവും അനുഭവിക്കാൻ കഴിഞ്ഞുവെന്നും കർദ്ദിനാൾ മക്റിസ്കാസ് അനുസ്മരിച്ചു.
മുന്തിരിച്ചെടിയും ശാഖകളുമെന്നപോലെ, ക്രിസ്തുവിനോട് ചേർന്ന് നിന്നാൽ നമ്മുടെ ആത്മാവിനും ലോകത്തിനും ഏറ്റവും അനുഗ്രഹീതമായ മാറുന്ന വിധത്തിൽ ദൈവഹിതം നിറവേറ്റാൻ നമുക്ക് സാധിക്കുമെന്ന് വിശുദ്ധബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷത്തെ ആധാരമാക്കി കർദ്ദിനാൾ മക്റിസ്കാസ് ഓർമ്മിപ്പിച്ചു.
ദൈവത്തെക്കൂടാതെ, നമുക്ക് എല്ലാം ചെയ്യാൻ സാധിക്കുമെന്ന മിഥ്യാബോധത്തിലാണ് പലപ്പോഴും നാം ജീവിക്കുന്നതെന്ന് ഓർമ്മിപ്പിച്ച കർദ്ദിനാൾ മക്റിസ്കാസ്, എന്നാൽ ക്രിസ്തുവിന്റേത്, സംശയങ്ങൾക്ക് ഇടനൽകാത്ത ഉദ്ബോധനമാണെന്നും, എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് അവൻ ഉദ്ബോധിപ്പിക്കുന്നുണ്ടെന്നും അനുസ്മരിച്ചു.
എളിമയും ജ്ഞാനവും നിറഞ്ഞവനും, സുവിശേഷത്തോട് വിശ്വസ്തതയോടെ ജീവിച്ചവനുമായ ഫ്രാൻസിസ് പാപ്പായുടെ നിത്യശാന്തിക്കായും, പത്രോസിനടുത്ത ശുശ്രൂഷയിൽ സ്ഥിരോത്സാഹത്തോടെ തുടരുന്നതിനായി ലിയോ പാപ്പായ്ക്കായും പ്രാർത്ഥിക്കാമെന്നും കർദ്ദിനാൾ മക്റിസ്കാസ് ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: