MAP

സമ്മേളനത്തിൽ സംബന്ധിച്ചവർ സമ്മേളനത്തിൽ സംബന്ധിച്ചവർ  

ബുദ്ധമതവും-ക്രൈസ്തവരും സമാധാനത്തിനായി കൂട്ടായി പ്രവർത്തിക്കണം

കംബോഡിയയിലെ നോം പെനിൽ വച്ചുനടന്ന എട്ടാമത് ബുദ്ധമത- ക്രൈസ്തവ സംഭാഷണ കൂട്ടായ്മ അവസാനിച്ചു. മെയ് മാസം 27 മുതൽ 29 വരെയായിരുന്നു സമ്മേളനം നടന്നത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

'ബുദ്ധമതക്കാരും ക്രിസ്ത്യാനികളും അനുരഞ്ജനത്തിലൂടെയും പുനരുജ്ജീവനത്തിലൂടെയും സമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു'  എന്ന പ്രമേയത്തിൽ 2025 മെയ് 27 മുതൽ 29 വരെ കംബോഡിയയിലെ  നോം പെനിൽ വച്ച് നടന്ന എട്ടാമത് ബുദ്ധമത- ക്രൈസ്തവ സംഭാഷണ കൂട്ടായ്മ അവസാനിച്ചു. ബുദ്ധ സർവകലാശാല, കംബോഡിയയിലെ കത്തോലിക്കാ സഭ, എന്നിവയുമായി സഹകരിച്ചുകൊണ്ട്, വത്തിക്കാനിലെ മതാന്തരസംഭാഷണത്തിനായുള്ള ഡിക്കസ്റ്ററിയാണ് സമ്മേളനം സംഘടിപ്പിച്ചത്.

കംബോഡിയ, ഹോങ്കോങ്, ഇന്ത്യ, ഇറ്റലി, ജപ്പാൻ, ലാവോസ്, മലേഷ്യ, മംഗോളിയ, മ്യാൻമർ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്വാൻ, തായ് ലൻഡ്, വിയറ്റ്നാം, യുണൈറ്റഡ് സ്റ്റേറ്റ്സ്,  എന്നിവിടങ്ങളിൽ നിന്നുള്ള 150 ഓളം ബുദ്ധമത, ക്രിസ്ത്യൻ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. "വെറുപ്പ് വെറുപ്പുകൊണ്ടല്ല, സ്നേഹത്താൽ മാത്രമാണ് ശമിപ്പിക്കുന്നത്. ഇതാണ് ശാശ്വത നിയമം" എന്ന ബുദ്ധമത പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അനുകമ്പ, ജ്ഞാനം, ആത്മീയ പുനരുജ്ജീവനം എന്നിവയിലൂടെ ഇത്തരം സാഹചര്യങ്ങളെ പരിവർത്തനം ചെയ്യുവാൻ സാധിക്കുമെന്ന് സമ്മേളനം വിലയിരുത്തി.

"സമാധാന സംസ്ഥാപകർ  ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും" എന്ന മലയിലെ പ്രസംഗത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട്, ശത്രുക്കളെ സ് നേഹിക്കാനും അക്രമത്തോട് കരുണയോടെ പ്രതികരിക്കാനുമുള്ള യേശുവിന് റെ ക്ഷണം സമാധാനത്തിലേക്കും നീതിയിലേക്കുമുള്ള ക്രിസ്തീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണെന്നു സമ്മേളനം അടിവരയിട്ടു. അഹിംസ, സംഭാഷണം, മതാന്തര സഹകരണം എന്നീ മൂല്യങ്ങളിൽ പുതിയ തലമുറയെ രൂപപ്പെടുത്തുന്നതിൽ  വിദ്യാഭ്യാസത്തിന്റെ സുപ്രധാന പങ്കും സമ്മേളനം വിലയിരുത്തി. അതിനാൽ, മുറിവേറ്റ ലോകത്തിൽ സമാധാനത്തിന്റെയും രോഗശാന്തിയുടെയും പ്രത്യാശയുടെയും ഉപകരണങ്ങളാകാനുള്ള പങ്കാളിത്തവും, സുഹൃത്തുക്കളായും ആത്മീയ കൂട്ടാളികളായും ഒരുമിച്ച് നടക്കാനുള്ള പുതിയ പ്രതിബദ്ധതയും, പരസ്പരം പാരമ്പര്യങ്ങളോടും ജ്ഞാനത്തോടുമുള്ള ആഴത്തിലുള്ള വിലമതിപ്പും ക്രൈസ്തവ- ബുദ്ധ മതകൂട്ടായ്മയിൽ പ്രാവർത്തികമാക്കണമെന്നും സമ്മേളനം അടിവരയിട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 മേയ് 2025, 15:13