വിശ്വാസം വളർത്തിയും സത്യമറിയിച്ചും വത്തിക്കാൻ ന്യൂസ് സേവനം ഇനിമുതൽ 56 ഭാഷകളിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അസർബൈജാനിലെ (Azerbaigian) പ്രധാനഭാഷയായ അസർബൈജാനിയിൽക്കൂടി സേവനം ആരംഭിച്ചുകൊണ്ട്, അൻപത്തിയാറ് ഭാഷകളിൽ പാപ്പാ, പരിശുദ്ധസിംഹാസനം, ആഗോളക്രൈസ്തവസഭ തുടങ്ങി വിവിധ സഭാകാര്യങ്ങൾ സംബന്ധിച്ച വാർത്തകൾ ശരിയായി നൽകിയും, വിശ്വാസ, സത്യ മൂല്യങ്ങൾ പ്രോത്സാഹിപ്പിച്ചും വത്തിക്കാൻ ന്യൂസ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ഇരുപതാം മരണവാർഷികദിനമായ 2025 ഏപ്രിൽ രണ്ടിനാണ് വത്തിക്കാൻ ന്യൂസ് അസർബൈജാനി ഭാഷയിലും സേവനമാരംഭിച്ചത്. അസർബൈജാൻ സന്ദർശിച്ച പ്രഥമ പാപ്പായാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ.
2002 മെയ് 23-ന് അസർബൈജാനിലെ ബാകുവിൽ സുവിശേഷപ്രഭാഷണം നടത്തവേ, രാജ്യത്തെ ചെറിയൊരു സമൂഹം മാത്രമാണെങ്കിലും പൊതുസമൂഹത്തിന്റെ പുളിമാവും ആത്മാവുമായിരിക്കണം ക്രൈസ്തവസമൂഹമെന്ന് വിശുദ്ധ ജോൺ പോൾ പാപ്പാ പറഞ്ഞിരുന്നുവെന്ന്, ഇതുമായി ബന്ധപ്പെട്ട് പ്രസ്‌താവന നടത്തിയ അസർബൈജാൻ അപ്പസ്തോലികപ്രീഫെക്ട് ബിഷപ് വ്ളാദിമിർ ഫെക്കത്തെ (H.E. Vladimir Fekete, SDB) അനുസ്മരിച്ചു. ആധുനികലോകത്തിൽ മാനവികതയുടെ പ്രത്യാശയ്ക്ക് താങ്ങായി സത്യം പ്രചരിപ്പിക്കാനും, ക്രൈസ്തവരുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും വാർത്താമാധ്യമങ്ങൾക്കുള്ള പങ്കിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
അസർബൈജാനിലെ കത്തോലിക്കാരിൽ ഭൂരിഭാഗവും മറ്റു ഭാഷകൾ സംസാരിക്കില്ലെന്നും, സഭാപരമായ കാര്യങ്ങൾക്ക് വിശ്വസനീയമല്ലാത്ത പല ഉറവിടങ്ങളെയും ആശ്രയിക്കേണ്ട ഗതിയിലാണ് അവർ ജീവിക്കുന്നതെന്നും, അതുകൊണ്ടുതന്നെ, പരിശുദ്ധ പിതാവിന്റെയും, ആഗോളസഭയുടെയും ശരിയായ വിവരങ്ങൾ സ്വന്തം ഭാഷയിൽ ലഭിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ് ഫെക്കത്തെ എടുത്തുപറഞ്ഞു. എന്നാൽ ക്രൈസ്തവർക്ക് മാത്രമല്ല, മറ്റു മതവിശ്വാസികൾക്കും അവിശ്വാസികളായ വ്യക്തികൾക്കും പോലും ഉപകാരപ്പെടുന്ന ഒരു സേവനമായിരിക്കും വത്തിക്കാൻ ന്യൂസ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തു ജീവിക്കുന്ന മൂന്ന് കോടിയോളം ജനങ്ങളും സംസാരിക്കുന്നതാണ് അസർബൈജാനി ഭാഷ.
വത്തിക്കാൻ ന്യൂസിൽ അസർബൈജാനി ഭാഷയിലുള്ള സേവനം നൽകുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ച വാർത്താവിനിമയകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ പൗളോ റുഫീനി (Paolo Ruffini), ചെറിയ നൂലുകൾ കൊണ്ട് ഇഴ പാകപ്പെടുന്ന വസ്ത്രങ്ങൾ പോലെ, ജീവിക്കുന്ന ശിലകൾ കൊണ്ട് പണിയപ്പെടുന്ന സഭയെ വളർത്തുന്നതിൽ ഓരോ ഭാഷകൾക്കും പ്രാധാന്യമുണ്ടെന്ന് പ്രസ്താവിച്ചു. സഭയിൽ വലിയവരും ചെറിയവരുമെന്ന വ്യത്യാസമില്ലെന്നുകൂടിയാണ് അസർബൈജാനി ഭാഷ വത്തിക്കാൻ ന്യൂസിൽ ചേർക്കുന്നതിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുദ്ധങ്ങളും സംഘർഷങ്ങളും ജീവിക്കുന്ന ഒരു ലോകത്ത്, മതങ്ങൾ തമ്മിലുള്ള സംവാദത്തിനും, പത്രോസിന്റെ പിൻഗാമിയുടെ സമാധാനസന്ദേശത്തിനും ഉള്ള പ്രാധാന്യം എടുത്തുകാട്ടുന്നതിൽ വത്തിക്കാൻ ന്യൂസ് ചെയ്യുന്ന ശ്രമത്തിന്റെ ഭാഗമാണ് പുതിയ ഈ കാൽവയ്‌പ്പെന്ന് വത്തിക്കാൻ മീഡിയകളുടെ എഡിറ്റോറിയൽ ഡയറക്ടർ അന്ത്രെയാ തൊർണിയെല്ലിയും (Andrea Tornielli), ലക്ഷക്കണക്കിന് ആളുകൾക്ക് പാപ്പായുമായും ആഗോളസഭയുമായുമുള്ള ബന്ധത്തിന് സഹായകരമായി മാറുന്ന ഒരു ശ്രമമാണിതെന്ന് വത്തിക്കാൻ റേഡിയോ, വത്തിക്കാൻ ന്യൂസ് എന്നിവയുടെ മേധാവിയും, എഡിറ്റോറിയൽ അസിസ്റ്റന്റ് ഡയറക്ടറുമായ മാസ്സിമിലിയാനോ മെനിക്കെത്തിയും (Massimiliano Menichetti) അഭിപ്രായപ്പെട്ടു.
ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഇന്ത്യൻ ഭാഷകളിലും പാപ്പായുടെയും ആഗോളസഭയുടെയും വാർത്തകൾ വത്തിക്കാൻ ന്യൂസ് നൽകിവരുന്നുണ്ട്. /ml.html എന്ന വെബ് പേജിലും, വത്തിക്കാൻ റേഡിയോയിലും (SW 17790 Khz, 16.86 m), Vatican News - Malayalam എന്ന ഫേസ്ബുക് പേജിലും, എന്ന WhatsApp ഗ്രൂപ്പിലും വത്തിക്കാനിൽനിന്ന് മലയാളത്തിൽ നൽകിവരുന്ന വാർത്തകൾ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: