രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജൂബിലിവത്സര പശ്ചാത്തലത്തിൽ, രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലി റോമിൽ എപ്രിൽ 5,6 തീയതികളിൽ ആചരിക്കപ്പെടുന്നു.
വിവിധരാജ്യങ്ങളിൽ നിന്നായി രോഗികളും ഭിഷഗ്വരന്മാരും ആരോഗ്യസേവന മേഖലയിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുമുൾപ്പടെ ഇരുപതിനായിരത്തിലേറെപ്പേർ ഇതിൽ പങ്കെടുക്കുന്നു. ശനിയാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിൽ കടക്കലായിരുന്നു ഈ ജൂബിലിയാചരണത്തിൽ ആദ്യം. തുടർന്ന് സാംസ്കാരിക, ആദ്ധ്യാത്മിക, കലാപരങ്ങളായ പരിപാടികൾ ഈ ജൂബിലിയാചരണത്തിൻറെ ഭാഗമായി അരങ്ങേറി.
ഏപ്രിൽ 6-ന്, ഞായറാഴ്ച, രാവിലെ, പ്രാദേശികസമയം, 10.30-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയോടെ രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലിയാചരണത്തിന് സമാപനമാകും. സുവിശേഷവത്ക്കരണത്തിനായുള്ള വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല സാഘോഷമായ ഈ സമൂഹ ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിക്കും. 4 കർദ്ദിനാളന്മാരും 15 മെത്രാന്മാരും, 200-ൽപ്പരം വൈദികരും സഹകാർമ്മികരാകും.
ന്യുമോണിയബാധിതനായി റോമിലെ ജെമേല്ലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തിയതിനു ശേഷവും, വൈദ്യസംഘത്തിൻറെ നിർദ്ദേശമനുസരിച്ച്, ആരോഗ്യപുനപ്രാപ്തിക്കായി ചികിത്സയും വിശ്രമവും തുടരുന്നതിനാൽ ഈ ആചരണത്തിൽ പങ്കെടുക്കുന്നില്ല. എന്നിരുന്നാലും, പാപ്പാ ഈ ദിവ്യബലിക്കായി തയ്യാറാക്കിയ സുവിശേഷസന്ദേശം മുഖ്യകാർമ്മികനായ ആർച്ചുബിഷപ്പ് ഫിസിക്കേല്ല വായിക്കും.
“പ്രത്യാശയുടെ തീർത്ഥാടകർ” എന്നതാണ് 2025-ലെ ജൂബിലിയാചരണത്തിൻറെ ആപ്തവാക്യം. 2024 ഡിസംബർ 24 -ന് ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിൽ തുറന്നതോടെ തുടക്കം കുറിക്കപ്പെട്ട ഈ സാധാരണജൂബിലിവത്സരാചരണത്തിന് 2026 ജനുവരി 6-ന് ഇതേ വാതിൽ അടയ്ക്കുന്നതോടെ സമാപനമാകും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: