MAP

റഷ്യൻ ഫെഡറേഷൻറെ വിദേശകാര്യ മന്ത്രി സെർജീ ലവ്രൊവ് (Sergey Lavrov) റഷ്യൻ ഫെഡറേഷൻറെ വിദേശകാര്യ മന്ത്രി സെർജീ ലവ്രൊവ് (Sergey Lavrov)  (ANSA)

വത്തിക്കാൻറെയും റഷ്യയുടെയും ഉന്നതപ്രതിനിധികൾ ടെലെഫോൺ സംഭാഷണത്തിലേർപ്പെട്ടു!

ഉക്രൈൻയുദ്ധാന്ത്യം, യുദ്ധത്തടവുകാരുടെ കൈമാറ്റം, റഷ്യയിൽ കത്തോലിക്കാസഭയുടെ അവസ്ഥ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വത്തിക്കാൻറെ വിദേശകാര്യാലയ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറും റഷ്യൻ ഫെഡറേഷൻറെ വിദേശകാര്യ മന്ത്രി സെർജീ ലവ്രൊവും ടെലെഫോൺ ചർച്ച നടത്തി. ഏപ്രിൽ 4, വെള്ളിയാഴ്ച, ആയിരുന്നു ഈ സംഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രാഷ്ട്രങ്ങൾ, അന്താരാഷ്ട്രസംഘടനകൾ എന്നിവയുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറും റഷ്യൻ ഫെഡറേഷൻറെ വിദേശകാര്യ മന്ത്രി സെർജീ ലവ്രൊവും (Sergey Lavrov) ഉക്രൈൻയുദ്ധം അവസാനിപ്പിക്കുന്നതിനു പര്യാപ്തമായ നടപടികളെക്കുറിച്ച് ചർച്ച നടത്തി.

ഏപ്രിൽ നാലിന്, വെള്ളിയാഴ്ച (04/04/25) ഇരുവരും തമ്മിൽ നടത്തിയ ടെലെഫോൺ സംഭാഷണത്തിലാണ് ഇതു ചർച്ചാവിഷയമായത്.

ആഗോളരാഷ്ട്രീയത്തിൻറെ മൊത്തത്തിലുള്ള അവസ്ഥയായിരുന്നു ഈ സംഭാഷണത്തിൽ വിശകലനംചെയ്യപ്പെട്ടതെങ്കിലും ഉക്രൈയിൻ യുദ്ധത്തിനും സൈനികനടപടികൾ അവസാനിപ്പിക്കുന്നതിനു വേണ്ട സംരംഭങ്ങൾക്കും  സവിശേഷ ഊന്നൽ നല്കപ്പെട്ടു. തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാനവികമായ യ്തനം തുടരാനുള്ള സന്നദ്ധത പരിശുദ്ധസിംഹാസനം ആവർത്തിച്ചു വ്യക്തമാക്കി.  മതാത്മക ജീവിതസംബന്ധിയായ കാര്യങ്ങളും, വിശിഷ്യ, റഷ്യൻ ഫെഡറേഷനിലെ കത്തോലിക്കാ സഭയുടെ അവസ്ഥയും പരാമർശവിഷയമായി.

വത്തിക്കാൻറെയും റഷ്യയുടെയും ഉന്നതപ്രതിനിധികൾ നടത്തിയ ടെലെഫോൺ സംഭാഷണത്തെ അധികരിച്ച്, അന്നുതന്നെ, അതായത്, ഏപ്രിൽ നാലിന്, വെള്ളിയാഴ്ച (04/04/25), പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ്  പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് ഈ വിവരങ്ങൾ ഉള്ളത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഏപ്രിൽ 2025, 20:09