പാപ്പായുടെ മരണശേഷമുള്ള കർദ്ദിനാൾ സംഘത്തിന്റെ രണ്ടാമത് ഔദ്യോഗിക പൊതുസമ്മേളനം നടന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പാപ്പായുടെ മരണശേഷമുള്ള കർദ്ദിനാൾ സംഘത്തിന്റെ രണ്ടാമത് ഔദ്യോഗിക പൊതുസമ്മേളനം ഏപ്രിൽ 23 ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ ആറര വരെ വത്തിക്കാനിലുള്ള സിനഡിന്റെ പുതിയ ഹോളിൽവച്ച് ഏതാണ്ട് നൂറോളം കർദ്ദിനാൾമാരുടെ സാന്നിദ്ധ്യത്തിൽ നടന്നുവെന്ന് പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു.
പരിശുദ്ധാത്മാവിനോടുള്ള ഒരു ഗാനാലാപനത്തോടെയും പാപ്പായുടെ നിത്യശാന്തിക്കായുള്ള പ്രാർത്ഥനയുടെയും ആരംഭിച്ച സമ്മേളനത്തിൽ, തങ്ങൾ "യൂണിവേഴ്‌സി ദൊമിനിചി ഗ്രേജിസ്” എന്ന അപ്പസ്തോലിക ഭരണഘടനാച്ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ പങ്കെടുക്കാത്ത കർദ്ദിനാൾമാർ വാഗ്ദാനം ചെയ്തു. ഒൻപത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിശുദ്ധബലിയർപ്പണവും പ്രാർത്ഥനകളും സംബന്ധിച്ച തീരുമാനങ്ങൾ പുതിയ സമ്മേളനത്തിലും അംഗീകരിക്കപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നതുപോലെ, ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകൾ നടക്കുന്ന ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ഒൻപത് മണിക്ക് മേരി മേജർ ബസലിക്കയിൽ പാപ്പായ്ക്ക് വേണ്ടി പ്രത്യേകം ജപമാലപ്രാർത്ഥന നടത്തുമെന്നും പ്രെസ് ഓഫീസ് അറിയിച്ചു.
വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ പൊതുദർശനത്തിനായി വച്ചിരിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം ദർശിക്കാനും പാപ്പായ്ക്കായി പ്രാർത്ഥിക്കാനും പതിനായിരക്കണക്കിന് ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏപ്രിൽ 23 ബുധനാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 7.30 വരെയുള്ള സമയത്ത് മാത്രം ഏതാണ്ട് ഇരുപതിനായിരത്തിലധികം ആളുകളാണ് ബസലിക്കയിലെത്തിയത്.
ഏപ്രിൽ 23 വരെ മാത്രം 2200-ലധികം മാധ്യമപ്രവർത്തകരാണ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനായി വത്തിക്കാനിൽനിന്ന് അനുമതി നേടിയിരിക്കുന്നത്.
ഏപ്രിൽ 24 വ്യാഴാഴ്ച രാവിലെ ഒൻപത് മണിക്കാണ് കർദ്ദിനാൾമാരുടെ മൂന്നാമത് ഔദ്യോഗികപൊതുസമ്മേളനം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: