സാങ്കേതികവിദ്യകളുടെ അതിപ്രസരം ബന്ധങ്ങൾ ശിഥിലമാക്കരുത് : മോൺസിഞ്ഞോർ ബാലസ്ട്രേരോ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വിവരസാങ്കേതികവിദ്യയുടെ പരിണാമങ്ങൾ ലോകമെമ്പാടുമുള്ള സാമ്പത്തിക, സാമൂഹിക, ഭരണ ഘടനകളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയും, വികസനത്തിന് പുതിയ അവസരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും, സാങ്കേതികവിദ്യകളുടെ വിന്യാസത്തിലും പ്രവേശനക്ഷമതയിലും ഗണ്യമായ അസമത്വം നിലനിൽക്കുന്നുവെന്നും, വികസ്വര രാജ്യങ്ങൾ അവയുടെ ഇരകളാണെന്നും, മോൺസിഞ്ഞോർ ബാലസ്ട്രേരോ പ്രസ്താവിച്ചു. ഐക്യരാഷ്ട്ര സഭയുടെ ശാസ്ത്ര- സാങ്കേതിക വിദ്യകളുടെ വികസനത്തിനായുള്ള കമ്മീഷന്റെ ഇരുപത്തിയെട്ടാമത് സമ്മേളനത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് എത്തോരെ ബാലസ്ട്രേരോ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഇന്ന് ഏറെ പരാമർശിക്കപ്പെടുന്ന ഡിജിറ്റൽ ലോകത്ത്, പരസ്പരമുള്ള ബന്ധങ്ങൾക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്നതിന്റെ തെളിവുകളാണ്, വിദ്യാഭ്യാസത്തിന്റെയും തൊഴിലവസരങ്ങളുടെയും അഭാവം, സാമ്പത്തിക പങ്കാളിത്ത പരിമിതികൾ എന്നിവ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. നിർമ്മിത ബുദ്ധി പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ വിവിധ വെല്ലുവിളികൾക്ക് പുതിയ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സാങ്കേതികവിദ്യകൾക്ക് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും പ്രസ്താവനയിൽ മോൺസിഞ്ഞോർ കൂട്ടിച്ചേർത്തു. മാനുഷിക അന്തസിനെയും, സഹോദര്യത്തെയും, സാമൂഹ്യ നീതിയെയും അകറ്റുന്ന അമിതമായ ഇത്തരം സാങ്കേതിക മാതൃകകളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യധാരാ നിർമ്മിതബുദ്ധിയുടെ ആപ്ലിക്കേഷനുകളിൽ അധികാരം ഏതാനും കമ്പനികളുടെ കൈകളിൽ കേന്ദ്രീകരിക്കുന്നത് ഗണ്യമായ ധാർമ്മിക ആശങ്കകൾ ഉയർത്തുന്നുവെന്നും, അതിന്റെ പരിണിത ഫലങ്ങൾ അപകടസാധ്യതയുയർത്തുന്നുവെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. അതിനാൽ ഇത്തരം വികസനങ്ങൾക്ക്, നിയതമായ ഒരു മാർഗരേഖ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: