രോഗികളുടെയും ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലിക്കൊരുങ്ങി വത്തിക്കാൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഏപ്രിൽ 5 ശനിയാഴചയും, 6 ഞായറാഴ്ചയുമായി നടക്കുന്ന രോഗികളുടെയും ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലിച്ചടങ്ങുകളിൽ തൊണ്ണൂറ് രാജ്യങ്ങളിൽനിന്നായി ഇരുപതിനായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന്, ചടങ്ങുകൾ ക്രമീകരിച്ച സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ വിഭാഗം അറിയിച്ചു. ഇറ്റലി കൂടാതെ, അമേരിക്ക, സ്പെയിൻ, കൊളമ്പിയ, അർജന്റീന, ബ്രസീൽ, ഫ്രാൻസ്, മെക്സിക്കോ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽനിന്നായിരിക്കും കൂടുതൽ ആളുകൾ എത്തുകയെന്ന് ഏപ്രിൽ 2 ബുധനാഴ്ച പുറത്തുവിട്ട ഈ പ്രത്യേക അറിയിപ്പിൽ ഡികാസ്റ്ററി വ്യക്തമാക്കി.
ജൂബിലിയിൽ സംബന്ധിക്കുന്നവർക്ക് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 8 മുതൽ വിശുദ്ധവാതിൽ കടക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും, ഉച്ച കഴിഞ്ഞ്, സാംസ്‌കാരിക, ആദ്ധ്യാത്മിക, കലാപരമായ സംഗമങ്ങൾ റോമിന്റെ വിവിധ ഭാഗങ്ങളിലെ ചത്വരങ്ങളിലും കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്നും അറിയിപ്പിൽ ഡികാസ്റ്ററി വിശദീകരിച്ചു. വൈകുന്നേരം നാലുമണിക്ക് റോമിലെ സ്പാനിഷ് ചത്വരത്തിൽ, ഇറ്റലിയുടെ ആരോഗ്യവിഭാഗം മന്ത്രാലയം ഒരുക്കുന്ന ചടങ്ങുകളിൽ, ഡികാസ്റ്ററി പ്രൊ പ്രീഫെക്ട് ആർച്ച്ബിഷപ് ഫിസിക്കെല്ല, ആരോഗ്യമന്ത്രി ഒറാസിയോ ഷില്ലാച്ചി, റോം മേയർ റോബെർത്തോ ഗ്വാൽത്തിയേരി തുടങ്ങിയവർ സംബന്ധിക്കും.
റോമിലെ വിവിധ പരിപാടികൾക്കൊപ്പം വത്തിക്കാനിലെ വിശ്വസതിരുസംഘം ഓഫീസിനടുത്തുള്ള വിശുദ്ധ മോനിക്കയുടെ ദേവാലയത്തിൽ വൈകുന്നേരം നാല് മുതൽ നടക്കുന്ന ചടങ്ങുകളിൽ, മെഡിസിൻ വിദ്യാർത്ഥിനിയായിരുന്ന വാഴ്ത്തപ്പെട്ട ബെനെദെത്ത ബിയാങ്കി പോറോയെക്കുറിച്ചുള്ള പ്രത്യേക പരിപാടിയും, രോഗികൾക്കായുള്ള പ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.
ഏപ്രിൽ 6 ഞായറാഴ്ച രാവിലെ 10.30-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെയായിരിക്കും ജൂബിലി ആഘോഷങ്ങൾ അവസാനിക്കുക. ബലിയിൽ മുഖ്യ കാർമ്മികനായ ആർച്ച്ബിഷപ് ഫിസിക്കെല്ല, ഈ അവസരത്തിലേക്കായി ഫ്രാൻസിസ് പാപ്പാ തയാറാക്കിയ പ്രഭാഷണം വായിക്കും.
വിശുദ്ധബലിയർപ്പണത്തിൽ പങ്കെടുക്കുന്നതിന് പ്രത്യേക ടിക്കറ്റിന്റെ ആവശ്യമില്ലെന്നും ഡികാസ്റ്ററി അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: