കൗമാരക്കാരുടെ ജൂബിലിയുമായി ബന്ധപ്പെട്ട് വിശുദ്ധവാതിൽ കടക്കാനുള്ള സാധ്യത തുടരും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കൗമാരക്കാരുടെ ജൂബിലിയുടെ ഭാഗമായി റോമിലെത്തിയവർക്ക് വിശുദ്ധ വാതിൽ കടക്കാനും, അതിനുശേഷം ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരത്തിനരികിലെത്താനും അവസരമൊരുക്കി വത്തിക്കാൻ. ജൂബിലി തീർത്ഥാടനം സുഗമമായി ഒരുക്കുന്നതിന്റെ ഭാഗമായി പിയ ചത്വരത്തിൽനിന്ന് പ്രത്യേകമായി ഒരുക്കിയ വഴി സുരക്ഷാകാരണങ്ങളാൽ ഉപയോഗിക്കാനാകില്ലെങ്കിലും, നിലവിൽ വത്തിക്കാനിലെ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നവർ നൽകുന്ന നിർദ്ദേശങ്ങളനുസരിച്ച് വിശുദ്ധ വാതിലിലേക്കെത്താനാകുമെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി ഏപ്രിൽ 23-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഏപ്രിൽ 23, 24, 25 തീയതികളിൽ പകൽസമയത്ത് വിശുദ്ധ വാതിൽ കടക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്നും, വെള്ളിയാഴ്ച വൈകുന്നേരം 7 വരെ ഈ വാതിൽ തുറന്നുകിടക്കുമെന്നും അറിയിച്ച വത്തിക്കാൻ എന്നാൽ പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകൾ നടക്കുന്ന ഏപ്രിൽ 26 ശനിയാഴ്ചയും, ജൂബിലിക്കായെത്തിയ കൗമാരക്കാരുടെ കൂടി സാന്നിദ്ധ്യത്തിൽ നടക്കുന്ന രണ്ടാമത്തെ നൊവേനക്കുർബാനയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 27 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 വരെയും വിശുദ്ധ വാതിൽ അടച്ചിടുമെന്നും വിശദീകരിച്ചു.
ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരം നടക്കുന്നതിനാൽ, മേരി മേജർ ബസലിക്കയിൽ വിശുദ്ധ വാതിൽ ഏപ്രിൽ 26-ന് അടച്ചിടുമെന്നും, എന്നാൽ ഈ ദിവസങ്ങളിൽ വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസലിക്കയിലും, വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിലുമുള്ള വിശുദ്ധ വാതിലുകൾ കടക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി തങ്ങളുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പാപ്പായുടെ നിര്യാണവുമായി ബന്ധപ്പെട്ട്, വിശുദ്ധവാതിൽ കടക്കുന്നതിൽ സമയമാറ്റമോ, മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായവർ, റോമിലെ മറ്റു ബസലിക്കകളിലെ വിശുദ്ധ വാതിൽ കടന്നുകൊണ്ട് തങ്ങളുടെ തീർത്ഥാടനം നടത്തണമെന്ന് ഡികാസ്റ്ററി ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: