MAP

 ഫാ. റോബെർത്തോ പസോളിനി ഫാ. റോബെർത്തോ പസോളിനി   (ANSA)

ഉത്ഥാനത്തിന്റെ ആനന്ദമാണ് പ്രത്യാശയുടെ പാതയൊരുക്കുന്നത്: ഫാ. പസോളിനി

2025 ലെ നോമ്പുകാല ധ്യാനപ്രഭാഷണ പരമ്പരയുടെ മൂന്നാം ഭാഗം ഏപ്രിൽ മാസം നാലാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് നടന്നു. ഫാ. റോബെർത്തോ പസോളിനി ചിന്തകൾ പങ്കുവച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"ക്രിസ്തുവിൽ നങ്കൂരമുറപ്പിച്ചുകൊണ്ട്, നവജീവിതത്തിലുള്ള പ്രത്യാശയിൽ വേരൂന്നിയതും സ്ഥാപിതമായതും"  എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് 2025 ലെ നോമ്പുകാല ധ്യാനപ്രഭാഷണ പരമ്പരയുടെ മൂന്നാം  ഭാഗം ഏപ്രിൽ മാസം നാലാം  തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച്  ഇറ്റാലിയൻ സമയം രാവിലെ ഒമ്പതുമണിക്ക് നടന്നു. "എഴുനേൽക്കുവാൻ അറിയുക: ഉത്ഥാനത്തിന്റെ ആനന്ദം" എന്ന ശീർഷകത്തിൽ അടിസ്ഥാനമാക്കിയ ചിന്തകളാണ് അദ്ദേഹം പങ്കുവച്ചത്. വിശുദ്ധ വാതിലിന്റെ പ്രാധാന്യവും അതിലൂടെ പ്രവേശിക്കുന്നതിന്റെ പ്രതീകാത്മകതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫാ. റോബെർത്തോ തന്റെ പ്രഭാഷണം ആരംഭിച്ചത്.

വിശുദ്ധ വാതിൽ കടക്കുന്നത്, പാപപങ്കിലമായ നമ്മുടെ ജീവിതത്തിൽ നിന്നും, പ്രത്യാശയോടെ,  നന്മയുടെ   ജീവിതത്തിലേക്കുള്ള ഒരു കടന്നുപോകലിനെ സൂചിപ്പിക്കുന്നുവെന്നും, അതിനു ആത്മാവിന്റെ പ്രേരണകളോട് ചേർന്ന് നിൽക്കുവാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശിഷ്യത്വത്തിന്റ ഈ യാത്രയിൽ നമ്മെ പ്രചോദിപ്പിക്കുന്ന ഘടകം യേശുവിന്റെ പുനരുത്ഥാനം തന്നെയാണെന്നും ഫാ. പസോളിനി കൂട്ടിച്ചേർത്തു. പുനരുത്ഥാനത്തിലേക്ക് നമ്മുടെ ദൃഷ്ടികൾ ഉറപ്പിക്കുക എന്നതിനർത്ഥം കഷ്ടപ്പാടിന്റെയും മരണത്തിന്റെയും ഭയത്താൽ നമ്മെ കീഴടക്കാൻ അനുവദിക്കാതെ, ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കുന്ന വാതിലായ ക്രിസ്തുവിനെ ജീവിതത്തിൽ സ്വീകരിക്കുക എന്നാണ്.

ഉയിർത്തെഴുന്നേറ്റ യേശു, തന്നെ പീഡിപ്പിച്ചവരോട് പകയോടെ പെരുമാറുന്നില്ലായെന്നും, മറിച്ച് സമാധാനം ആഗ്രഹിച്ചു കാത്തിരുന്ന തന്റെ ശിഷ്യന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തുന്നുവെന്നും, ഇതാണ് ഇന്നത്തെ ലോകത്തിൽ നാം തുടരേണ്ട ക്രിസ്തു മാതൃകയെന്നും ഫാ. പസോളിനി പറഞ്ഞു. ലോകത്തിൽ അനുരഞ്ജനം സംസ്ഥാപിക്കുവാനുള്ള നമ്മുടെ കടമയെ മറന്നുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടക്കത്തിൽ പുനരുത്ഥാനത്തെ സംശയിക്കുന്ന വിശുദ്ധ തോമാശ്ലീഹാ പോലും, തുടർന്ന്, ക്രിസ്തുവിന്റെ മുറിവുകളുടെ വ്യക്തമായ തെളിവിൽ തന്റെ വിശ്വാസത്തിന്റെ സ്ഥിരീകരണം കണ്ടെത്തുന്നുവെന്നും, ഉയിർത്തെഴുന്നേറ്റവനുമായുള്ള ആധികാരികമായ കണ്ടുമുട്ടലിന്റെ അനുഭവം നുകരുവാൻ അത് ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതാണ് തോമാശ്ലീഹായെ ആഴമേറിയതും കൂടുതൽ വ്യക്തിപരവുമായ വിശ്വാസത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞ അദ്ദേഹം, ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷവും, മറ്റുള്ളവരുമായി ഐക്യത്തിൽ ജീവിച്ചാൽ, സ്വർഗരാജ്യത്തിന്റെ മുന്നാസ്വാദനം നുകരുവാൻ നമുക്ക് സാധിക്കുമെന്നു തിരുവചനങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ചു. പുനരുത്ഥാനത്തിന്റെ ഈ യാത്ര, പരിവർത്തനത്തിന്റെയും, നവജീവിതത്തിന്റെയും സന്ദേശമാണ് ഉൾക്കൊള്ളുന്നതെന്നും ഫാ. റോബെർത്തോ തന്റെ സന്ദേശത്തിൽ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഏപ്രിൽ 2025, 13:05