വിശുദ്ധ കുർബാനാനിയോഗം സംബന്ധിച്ച് പുതിയ ഡിക്രി പുറത്തിറക്കി വത്തിക്കാൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിശുദ്ധ കുർബാനയർപ്പണനിയോഗം, അതിലേക്കായി വിശ്വാസികൾ നൽകിയിരുന്ന തുക, കൂടുതൽ നിയോഗങ്ങളോടെയുള്ള വിശുദ്ധ ബലിയർപ്പണം തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട 1991-ലെ “മോസ് യൂജിത്തെർ" (Mos iugiter) എന്ന ഡിക്രിയും നിലവിലെ കാനോനികനിയമവും ആധാരമാക്കി, "സെക്കുന്തും പ്രൊബാത്തും" () എന്നാരംഭിക്കുന്ന പുതിയ ഡിക്രി പുറത്തിറക്കി വൈദികർക്കായുള്ള റോമൻ ഡികാസ്റ്ററി. ഏപ്രിൽ 13 ഓശാനഞായർ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ അംഗീകാരം നൽകി, ഡികാസ്റ്ററി പ്രീഫെക്ട് കർദ്ദിനാൾ യു ഹെവുങ് സിക്, സെക്രട്ടറി ആർച്ച്ബിഷപ് അന്ത്രെസ് ഗബ്രിയേൽ ഫെറാദ മൊറെയ്റ എന്നിവർ ഒപ്പിട്ട് പ്രസിദ്ധീകരിച്ച ഈ പുതിയ ഡിക്രി ഏപ്രിൽ 20 ഈസ്റ്റർദിനത്തിൽ പ്രാബല്യത്തിൽ വരും.
വിശുദ്ധകുർബാനയുടെ നിയോഗത്തിനായി വിശ്വാസികൾ വൈദികർക്ക് നൽകിവന്നിരുന്ന കുർബാനപ്പണം തുടർന്നും നൽകാമെങ്കിലും, ഇതിന് വാണിജ്യകൈമാറ്റത്തിന്റെ സ്വഭാവമുണ്ടാകരുതെന്ന് പുതിയ മാനദണ്ഡങ്ങൾ എടുത്തുപറയുന്നു. കുർബാനപ്പണം കൈപ്പറ്റാതെയും പാവപ്പെട്ടവരുടെ നിയോഗങ്ങൾക്കായി വിശുദ്ധബലിയർപ്പിക്കുന്നതിന് പുതിയ ഡിക്രി വൈദികരെ ആഹ്വാനം ചെയ്യുന്നു. രൂപതകളിൽ അധികമായി ഉണ്ടാകുന്ന വിശുദ്ധകുർബാന നിയോഗങ്ങളും അതിനായി ലഭിച്ച തുകയും മിഷൻ പ്രദേശങ്ങൾക്കോ ബുദ്ധിമുട്ടുള്ള മറ്റ് ഇടവകകൾക്കോ നൽകുന്നത് സംബന്ധിച്ച് മെത്രാന്മാക്കുള്ള നിർദ്ദേശങ്ങളും പുതിയ ഡിക്രിയിൽ പുരോഹിതർക്കായുള്ള ഡികാസ്റ്ററി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വിശുദ്ധകുർബാനയർപ്പണത്തിനായി സംഭാവന നൽകുന്ന വിശ്വാസികൾ, തങ്ങളുടേതായ ത്യാഗം ഏറ്റെടുക്കുന്നതുവഴി കൂടുതലായി വിശുദ്ധബലിയോട് ചേരുകയും, എന്നാൽ അതോടൊപ്പം സഭയുടെ ആവശ്യങ്ങളോട് സഹകരിക്കുകയും, സഭയിൽ ശുശ്രൂഷ ചെയ്യുന്നവരുടെ പരിപാലനത്തിനായി തങ്ങളുടെ സംഭാവന നൽകുകയുമാണ് ചെയ്യുന്നതെന്ന് ഡിക്രിയിൽ വൈദികർക്കായുള്ള ഡികാസ്റ്ററി ഓർമ്മപ്പെടുത്തി.
വിശുദ്ധബലിയർപ്പിക്കുന്ന വൈദികന്, തന്നിൽ ഏല്പിക്കപ്പെടുന്ന നിയോഗത്തിലേക്കായി വിശുദ്ധബലിയർപ്പിക്കുമെന്ന വ്യവസ്ഥയോടെ, കുർബാനപ്പണമെന്ന രീതിയിൽ സംഭാവന സ്വീകരിക്കുന്നതിന് ലത്തീൻ കാനോനികനിയമത്തിന്റെ 945-ആം കാനോനികയുടെ ഒന്നാം ഖണ്ഡിക അനുമതി നൽകുന്നുണ്ട്.
വിവിധ നിയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വിശുദ്ധബലിയർപ്പിക്കുന്ന പതിവ് ഇനിമുതൽ കൂടുതൽ കൃത്യമായ നിബന്ധനകളോടെ മാത്രമേ പാടുള്ളു എന്ന് ഡികാസ്റ്ററി ഓർമ്മിപ്പിക്കുന്നുണ്ട്. ഇത്തരം കുർബാനകളിലേക്ക് പണം സ്വീകരിക്കുമ്പോൾ, വിശ്വാസികളോട് ഇതേക്കുറിച്ച് വ്യക്തമായി അറിയിക്കണമെന്നും, അവരുടെ സ്വാതന്ത്ര്യമായ സമ്മതത്തോടെ മാത്രമേ വിവിധ നിയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശുദ്ധബലിക്കായി അവരുടെ സംഭാവന സ്വീകരിക്കാവൂ എന്നും ഡിക്രി അനുശാസിക്കുന്നു.
വിശുദ്ധകുർബാന നിയോഗത്തിലേക്കായി ഓരോ വ്യക്തികളും നൽകുന്ന സംഭാവനയ്ക്ക് ഓരോ വിശുദ്ധ ബലി വീതം അർപ്പിക്കപ്പെടണമെന്ന ചട്ടം പാലിക്കപ്പെടുക, വിവിധ നിയോഗങ്ങളോടെ ഒരു വിശുദ്ധബലിയർപ്പിക്കുന്ന അധികമായ പതിവ് കുറയ്ക്കുക എന്നീ ഉദ്ദേശങ്ങളും പുതിയ ഡിക്രിക്ക് പിന്നിലുണ്ട്. കുർബാനയുടെ നിയോഗാർത്തം സംഭാവന സ്വീകരിക്കുമ്പോൾ, അത് കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുവെന്നും, അതനുസരിച്ചുള്ള വിശുദ്ധ കുർബാനകൾ അർപ്പിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാൻ മെത്രാന്മാർക്കും വികാരിമാർക്കുമുള്ള കടമയെയും ഡിക്രി പരാമർശിക്കുന്നുണ്ട്.
വിശുദ്ധ കുർബാനയുടെ ആധ്യാത്മികസമഗ്രത കാത്തുസൂക്ഷിക്കപ്പെടുക, നിയോഗങ്ങളുമായി ബന്ധപ്പെട്ട സുതാര്യതയും വ്യക്തതയും ഉറപ്പാക്കുക, സഭ കുർബാനയുടെ നിയോഗവുമായി ബന്ധപ്പെട്ട തങ്ങളുടെ സംഭാവനകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശ്വാസികളുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളും പുതിയ ഡിക്രി ലക്‌ഷ്യം വയ്ക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: