MAP

ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ   (ANSA)

നയതന്ത്ര ദർശനങ്ങൾ രാഷ്ട്രീയ കരാറുകളിൽ പരിമിതപ്പെടുത്തരുത്: ആർച്ചുബിഷപ്പ് ഗല്ലഘർ

1957 ഫെബ്രുവരി 24 ന് സ്ഥാപിതമായ സെനഗലിലെ ആദ്യ സർവ്വകലാശാലയായ ചെക്ക് ആന്റ ഡിയോപ് സംഘടിപ്പിച്ച മത നയതന്ത്രത്തെക്കുറിച്ചുള്ള സിമ്പോസിയത്തിൽ പങ്കെടുത്തവർക്ക്, പരിശുദ്ധ സിംഹാസനത്തിന്റെ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ സന്ദേശമയച്ചു.

വത്തിക്കാൻ ന്യൂസ്

ശാശ്വത സമാധാനം ഏറെ ആവശ്യമുള്ള ഒരു ലോകത്ത്, സർക്കാർ കൈമാറ്റങ്ങളിലോ രാഷ്ട്രീയ കരാറുകളിലോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന നയതന്ത്ര ദർശനത്തിനപ്പുറം വ്യത്യസ്ത വിശ്വാസങ്ങൾക്ക് അവരുടെ സംഭാവനകൾ നൽകാൻ സാധിക്കുമെന്നു ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ പറഞ്ഞു. സെനഗലിലെ ആദ്യ സർവ്വകലാശാലയായ ചെക്ക് ആന്റ ഡിയോപ് സംഘടിപ്പിച്ച മത നയതന്ത്രത്തെക്കുറിച്ചുള്ള സിമ്പോസിയത്തിൽ പങ്കെടുത്തവർക്ക്, പരിശുദ്ധ സിംഹാസനത്തിന്റെ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി അയച്ച സന്ദേശത്തിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്. വ്യത്യസ്ത മത-സാംസ്കാരിക പാരമ്പര്യങ്ങളിലുള്ള ആളുകൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിന്റെ ഒരു ഉദാഹരണമായി സെനഗൽ  മാറിയതിലുള്ള അതിയായ സന്തോഷവും അദ്ദേഹം സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

ഏപ്രിൽ മാസം 7, 8 തീയതികളിലായിട്ടാണ് സിമ്പോസിയം സംഘടിപ്പിച്ചത്. സമാധാന സേവനത്തിൽ മതപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സെനഗലിന്റെ പ്രതിബദ്ധതയ്ക്ക് ആർച്ചുബിഷപ്പ് നന്ദിയർപ്പിച്ചു.  സമാധാനത്തിനും സംഭാഷണത്തിനുമുള്ള പ്രതിബദ്ധതയ്ക്ക് രാജ്യത്ത് വളരെയധികം ആദരിക്കപ്പെട്ട  ഡാകർ മേഖലയിലെ ബാംബിലോറിലെ ഖലീഫായ തിയേർണോ അമാദൗ ബായ്ക്ക്  ആദരമർപ്പിക്കുകയും  ചെയ്തു.  കഴിഞ്ഞ ഫെബ്രുവരി 22 ന് അദ്ദേഹം വത്തിക്കാൻ സന്ദർശിച്ചതും സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

ലോകത്തിനു ആവശ്യമായത് താൽക്കാലികമായ അക്രമണങ്ങളുടെ വിരാമമല്ല, മറിച്ച് ശാശ്വത സമാധാനമാണെന്നും, ഇതിനു മതം ഒരു തടസമല്ല എന്ന് എടുത്ത് കാണിക്കുന്നതിനു കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. കത്തോലിക്കാ ദർശനമനുസരിച്ച്, മതപരമായ നയതന്ത്രം എന്നാൽ  മതപാരമ്പര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ധാർമ്മികമായ വീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, വ്യക്തികളുടെ ഹൃദയങ്ങളെയും മനസ്സുകളെയും സ്പർശിക്കാനുള്ള കഴിവിലൂടെ അന്താരാഷ്ട്ര ബന്ധങ്ങളെ സ്വാധീനിക്കാൻ വേണ്ടിയാണ് ഇത്  ലക്ഷ്യമിടുന്നതെന്നും ആർച്ചുബിഷപ്പ് സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഏപ്രിൽ 2025, 14:54