MAP

ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരത്തിനരികെ കർദ്ദിനാൾ പിയെത്രോ പരൊളീൻ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരത്തിനരികെ കർദ്ദിനാൾ പിയെത്രോ പരൊളീൻ   (VATICAN MEDIA Divisione Foto)

ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടിയുള്ള നൊവേനക്കുർബാനയുടെ രണ്ടാം ദിനം കർദ്ദിനാൾ പിയെത്രോ പരൊളീൻ മുഖ്യ കാർമ്മികത്വം വഹിക്കും

ഏപ്രിൽ 27 ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിക്ക് ഫ്രാൻസിസ് പാപ്പായുടെ കീഴിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ പിയെത്രോ പരൊളീൻ മുഖ്യ കാർമ്മികത്വം വഹിക്കും. പാപ്പായ്ക്കുവേണ്ടിയുള്ള നൊവേനക്കുർബാനയുടെ രണ്ടാം ദിവസമായ ഈ ദിനത്തിൽ പ്രധാനമായും വത്തിക്കാനിലെ ജോലിക്കാരും, സ്ഥിരതാമസക്കാരുമായവരെയാണ് കൂടുതലായി പ്രതീക്ഷിക്കുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2013 ഒക്ടോബർ മാസത്തിൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയായി നിയമിച്ച്, പാപ്പായുടെ കീഴിൽ സേവനം ചെയ്തുവന്നിരുന്ന കർദ്ദിനാൾ പിയെത്രോ പരൊളീൻ, പാപ്പായ്ക്കുവേണ്ടി ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയുടെയും ബലിയർപ്പണത്തിന്റെയും ഭാഗമായി, രണ്ടാം ദിവസം, അതായത്, ഏപ്രിൽ 27 ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വിശുദ്ധ ബലിയർപ്പിക്കും. ഉയിർപ്പ് തിരുനാൾ കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ചയായ ഇതേ ദിനത്തിലാണ് ദിവ്യകരുണയുടെ തിരുനാൾ സഭ ആഘോഷിക്കുന്നത്.

ഞായറാഴ്ച രാവിലെ 10.30-ന് അർപ്പിക്കപ്പെടുന്ന ഈ വിശുദ്ധ ബലിയിൽ ഏവർക്കും സംബന്ധിക്കാൻ അനുവാദമുണ്ടെങ്കിലും, ഓരോ ദിവസത്തെയും വിശുദ്ധ ബലി സംബന്ധിച്ചുള്ള പ്രത്യേക നിർദ്ദേശങ്ങളനുസരിച്ച്, വത്തിക്കാനിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നവരെയും, വത്തിക്കാനിലെ വിശ്വാസികളെയുമാണ് പ്രത്യേകമായി പ്രതീക്ഷിക്കുന്നതെന്ന് വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള ഓഫീസിന്റെ തലവൻ ആർച്ച്ബിഷപ് ദിയേഗോ റവേല്ലി അറിയിച്ചു.

യുവജനങ്ങളുടെ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് റോമിലെത്തിയ നിരവധി ആളുകളും ഈ വിശുദ്ധ ബലിയിൽ പങ്കെടുക്കാനെത്തുമെന്ന് വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള ഓഫീസ് അറിയിച്ചു. വിശുദ്ധ ബലിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേക ടിക്കറ്റുകൾ ഉണ്ടാകില്ലെന്നും ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി.

മരണമടഞ്ഞ പാപ്പായ്ക്കുവേണ്ടി നടത്തുന്ന ഒൻപത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രത്യേക പ്രാർത്ഥനകളും വിശുദ്ധ ബലികളും "ഓർദോ ഏക്സെക്വിയാറും റൊമാനി പൊന്തീഫിച്ചിസ്" എന്ന പ്രത്യേക നിയമനിർദ്ദേശമനുസരിച്ചാണ് നടത്തുന്നത്. സഭയിലെ ഏറ്റവും പ്രധാനപ്പെട്ട അജപാലനശുശ്രൂഷകൻ എന്ന നിലയിലും, റോമിലെ സഭയുടെ ആഗോളമാനവും കണക്കിലെടുത്ത്, റോമിന്റെ മെത്രാനുമായുള്ള ബന്ധമനുസരിച്ചാണ് ഓരോ ദിവസത്തേക്കുമുള്ള ബലിയിൽ സംബന്ധിക്കാനായി പ്രത്യേകമായ ഗ്രൂപ്പുകളെ തിരഞ്ഞെടുക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഏപ്രിൽ 2025, 14:49