യൂദാസിന്റെ ചുംബനം ഭൗതീകതയുടെ ഒറ്റിക്കൊടുക്കലാണ്: കർദിനാൾ ഗംബെത്തി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയതിന്റെ ഓർമ്മ ആചരിക്കുന്ന പെസഹാവ്യാഴാഴ്‌ച്ച, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ നടന്ന കാലുകഴുകൽ ശുശ്രൂഷയ്ക്കും, വിശുദ്ധ കുർബാനയ്ക്കും, ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ് , കർദിനാൾ മൗറോ ഗംബെത്തി മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിമധ്യേ നൽകിയ സുവിശേഷസന്ദേശത്തിൽ, "അധികാരങ്ങളല്ല മറിച്ച് സ്നേഹമാണ് യേശുവിന്റെ പൗരോഹിത്യത്തിന്റെ പ്രത്യേകത"യെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി.
അനീതിയും, അക്രമങ്ങളും, അപവാദങ്ങളും, ദുർബലതകളും, ഭയവും, ഏകാന്തതയും നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് യേശുവും പെസഹാതിരുനാൾ ആഘോഷിച്ചതെന്നു പറഞ്ഞ കർദിനാൾ, പരീക്ഷണങ്ങളുടെ ആ നിമിഷങ്ങളിൽ, കൂട്ടായ്മയുടെ മധുരം പകർന്നു കൊണ്ട്, ഒരു കുടുംബമായി യേശു അപ്പം ഭക്ഷിച്ചതും, പകർന്നുകൊടുത്തതും നമുക്ക് ഒരു മാതൃകയാണെന്ന് ഓർമ്മപ്പെടുത്തി.
ആ മേശയ്ക്കു ചുറ്റും മാനവികതയുടെ ആവേശത്തിന്റെയും, വികാരങ്ങളുടെയും, ചിന്താശേഷിയുടെയും, അഗാധമായ ആഗ്രഹത്തിന്റെയും, ധിക്കാരത്തിന്റെയും, ആത്മാർത്ഥതയുടെയും, എളിമയുടെയും വിവിധ ഭാവങ്ങൾ ഉൾക്കൊള്ളുന്ന ജനത ഒരുമിച്ചുകൂടിയിരുന്നുവെന്നും, അവരുടെ ദുർബലതകളെ എന്നാൽ അവർ മറയ്ക്കുവാൻ പരിശ്രമിച്ചുവെന്നും കർദിനാൾ സന്ദേശത്തിൽ പറഞ്ഞു. എന്നാൽ യാതൊരു വ്യത്യാസവും കൂടാതെ എല്ലാവരെയും തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് അവരുമായി അപ്പവും വീഞ്ഞും പങ്കുവയ്ക്കുവാനുള്ള യേശുവിന്റെ ദൃഢനിശ്ചയം നമ്മുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നുവെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു.
പാർശ്വവത്ക്കരണത്തിന്റെയും, തിരസ്കരണത്തിന്റെയും പരീക്ഷണങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്നും, യൂദാസിനെ പോലെ ഭൗതീകമായവയ്ക്കുവേണ്ടി യേശുവിനെ ഒറ്റിക്കൊടുക്കുവാൻ പോലും മടികാണിക്കാത്ത സമൂഹമാണ് നമുക്ക് ചുറ്റുമുള്ളതെന്നും കർദിനാൾ ഓർമ്മപ്പെടുത്തി. എന്നാൽ ഇവയ്ക്കു നടുവിലും യേശു തന്റെ സ്നേഹഭാവം കൈവിടുന്നില്ലെന്നും, ഇതാണ് അവനെ പാദത്തോളം താഴുവാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യേശുവിന്റെ ഹൃദയം ഒരു പുരോഹിത ഹൃദയമാണ്, അവിടെ മനുഷ്യദാരിദ്ര്യവും, ദൈവീക മഹത്വവും കുടികൊള്ളുന്നു. അതിനാൽ ഒരു പൗരോഹിത്യജനതയെന്ന നിലയിൽ, യേശുവിന്റെ ഹൃദയത്തോട് അനുരൂപരായി കുർബാനയായി മാറുന്നതിനും, അപരന് കുർബാനയുടെ മഹത്വം പകരുന്നതിനും സാധിക്കട്ടെയെന്ന ആശംസയും കർദിനാൾ നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: