MAP

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ  (AFP or licensors) മുഖപ്രസംഗം

ഇനിയൊരിക്കലും യുദ്ധമരുത്: വിശുദ്ധ ജോൺ പോൾ പാപ്പായുടെ പ്രവചനവാക്കുകൾ

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ഇരുപതാം മരണവാർഷികദിനത്തിൽ, യുദ്ധത്തിനെതിരെ ഉയർന്ന വിശുദ്ധന്റെ പ്രവാചകശബ്ദം അനുസ്മരിച്ച് വത്തിക്കാൻ മീഡിയകളുടെ എഡിറ്റോറിയൽ ഡയറക്ടർ അന്ത്രെയാ തൊർണിയെല്ലി. എഡിറ്ററിയൽ, വത്തിക്കാൻ മീഡിയകളുടെ എഡിറ്റോറിയൽ ഡയറക്ടർ അന്ത്രെയാ തൊർണിയെല്ലി

അന്ത്രെയാ തൊർണിയെല്ലി, വത്തിക്കാന്‍ ന്യൂസ്

ലോകം മുഴുവനുമുള്ള കോടിക്കണക്കിന് ആളുകളെ കണ്ണീരിലാക്കി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ കടന്നുപോയിട്ട് ഇരുപത് വർഷങ്ങൾ തികയുന്ന അവസരത്തിൽ, ജീവന്റെയും മനുഷ്യാന്തസ്സിന്റേയും, മതസ്വാതന്ത്ര്യത്തിന്റെയും വക്താവായിരുന്ന വിശുദ്ധന്റെ വാക്കുകളും ജീവിതവും അനുസ്മരിച്ച് വത്തിക്കാൻ മീഡിയകളുടെ എഡിറ്റോറിയൽ ഡയറക്ടർ അന്ത്രെയാ തൊർണിയെല്ലി (Andrea Tornielli). കമ്മ്യൂണിസ്റ് ഭരണത്തിനെതിരെ ശബ്ദമുയർത്തിയ അദ്ദേഹം, ഇക്കാലത്തും തുടരുന്ന അന്ധകാരമായമായ യുദ്ധസംഘർഷങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനകൾ പലരും മറന്നുപോയെന്ന് ഏപ്രിൽ രണ്ടാം തീയതി പ്രസിദ്ധീകരിച്ച തന്റെ എഡിറ്റോറിയലിൽ ഡോ. തൊർണിയെല്ലി കുറ്റപ്പെടുത്തി.

ബെർലിൻ മതിൽ വീഴുകയും, പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളിൽ ഉപഭോക്തൃസംസ്കാരവും, മതത്തോടുള്ള അവഗണയും വ്യാപിക്കുകയും ചെയ്തതിന് ശേഷം, ലോകാവസാനചിന്തകളുമായി ലോകം രണ്ടായിരാമാണ്ടിൽ ജീവിച്ചപ്പോൾ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഫാത്തിമാ മാതാവിന്റെ രൂപം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ കൊണ്ടുവരികയും, മാനവികത ഒരു വഴിത്തിരിവിലാണെന്നും, ഇന്ന് ലഭ്യമായിട്ടുള്ള അതിശക്തമായ ഉപകരണങ്ങൾ കൊണ്ട് നമുക്ക് ലോകത്തെ ഒന്നുകിൽ ഒരു പൂന്തോട്ടമാക്കി മാറ്റുകയോ അല്ലെങ്കിൽ ഒരു ചാരക്കൂമ്പാരമാക്കി മാറ്റുകയോ ചെയ്യാമെന്ന് പറയുകയും ചെയ്തിരുന്നു. ഏതാണ്ട് ഒരു വർഷത്തിന് ശേഷം സെപ്റ്റംബർ 11-ന് പടിഞ്ഞാറൻ രാജ്യങ്ങളെ ഭയത്തിലാഴ്ത്തിയ ദുരന്തമുണ്ടായി.

1991-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഗൾഫ് യുദ്ധത്തിനെതിരെ ശബ്ദമുയർത്തിയപ്പോൾ, അതുവരെ കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലുൾപ്പെടെ പാപ്പായെ പുകഴ്ത്തിയ രാജ്യങ്ങൾ പോലും അദ്ദേഹത്തെ ഒറ്റയ്ക്കാക്കി. വ്യാജ തെളിവുകളുടെ പേരിൽ ചില പടിഞ്ഞാറൻ രാജ്യങ്ങൾ ഇറാക്കിനെതിരെ ഇറങ്ങിത്തിരിച്ചപ്പോഴും, തന്റെ രോഗാവസ്ഥയിലും 2003-ൽ പാപ്പാ ശബ്ദമുയർത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരന്തം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്ത പാപ്പാ, അന്നത്തെ "യുവ ലോക നേതാക്കളെ" യുദ്ധമെന്ന ദുരന്തമുണ്ടാക്കുന്ന ദുരിതങ്ങളെക്കുറിച്ച് പലവുരു ഓർമ്മിപ്പിച്ചിരുന്നു. പോൾ ആറാമൻ പാപ്പാ, ഐക്യരാഷ്ട്രസഭയിലെ തന്റെ പ്രഥമസന്ദർശനവേളയിൽ പറഞ്ഞതുപോലെ, "ഇനിയൊരിക്കലും യുദ്ധമരുതെന്ന്", വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ത്രികാലജപ പ്രാർത്ഥന നയിച്ച വേളയിൽ വിശുദ്ധനും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

മുൻപെന്നതിനേക്കാൾ ഇന്ന്, ലോകം യുദ്ധച്ചൂടിൽപെട്ടിരിക്കുകയാണ്. എങ്ങും ഭയത്തിന്റെ കാഹളം മുഴക്കി, ആയുധക്കച്ചവടത്തെ നീതികരിക്കുന്ന ഒരു പ്രവണതയുടെ മുന്നിൽ രാജ്യങ്ങൾ തങ്ങളുടെ ആയുധപ്പുരകൾ നിറയ്ക്കുന്നതിനിടെ, "ദൂരെ ദേശത്തുനിന്ന്" വന്ന റോമിന്റെ മെത്രാൻ യുദ്ധമെന്ന തിന്മയ്‌ക്കെതിരെ ഉയർത്തിയ പ്രവാചകവാക്കുകൾ നാം അനുസ്മരിക്കേണ്ടിയിരിക്കുന്നു. ഇന്നും യുദ്ധമെന്ന വിഡ്ഡിത്തത്തിന്റെ മുന്നിൽ ഈ വാക്കുകൾ തന്നെയാണ് പത്രോസിന്റെ പിൻഗാമിയായ ഇന്നത്തെ പാപ്പായും ആവർത്തിക്കുന്നത്. യുദ്ധത്തിനെതിരെയുള്ള നിലവിളിയുയർത്തുന്നതിൽ അദ്ദേഹവും ലോകത്ത് ഒറ്റപ്പെടുന്ന അവസ്ഥയാണ് ജീവിക്കുന്നതെന്നും എഡിറ്റോറിയലിൽ അന്ത്രെയാ തൊർണിയെല്ലി ഓർമ്മിപ്പിച്ചു.

ലേഖനം തയ്യാറാക്കിയത്: മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഏപ്രിൽ 2025, 17:04