MAP

പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രസംഗകനും, കപ്പൂച്ചിൻ വൈദികനുമായ കപ്പൂച്ചിൻ വൈദികൻ ഫാ. റൊബേർത്തോ പസൊലീനി പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രസംഗകനും, കപ്പൂച്ചിൻ വൈദികനുമായ കപ്പൂച്ചിൻ വൈദികൻ ഫാ. റൊബേർത്തോ പസൊലീനി  (VATICAN MEDIA Divisione Foto)

ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കേണ്ടതിന്റെ പ്രാധാന്യമോർമ്മിപ്പിച്ച് ഫാ. പസൊലീനി

വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വത്തിക്കാൻ കൂരിയായ്ക്ക് നൽകിവരുന്ന “നിത്യജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ” എന്ന വിഷയത്തെ ആധാരമാക്കിയുള്ള ധ്യാനചിന്തകളുടെ തുടർച്ചയായി, "വീണ്ടും ജനിക്കുക" എന്ന വിഷയത്തെ ആധാരമാക്കി മാർച്ച് 12 ബുധനാഴ്ച രാവിലെ പ്രഭാഷണം നടത്തി പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രസംഗകനും, കപ്പൂച്ചിൻ വൈദികനുമായ കപ്പൂച്ചിൻ വൈദികൻ ഫാ. റൊബേർത്തോ പസൊലീനി. ഫ്രാൻസിസ് പാപ്പായും റോമിലെ ജെമെല്ലി ആശുപത്രിയിൽ ഓൺലൈനായി ധ്യാനത്തിൽ സംബന്ധിക്കുന്നുണ്ട്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

രക്ഷയിലേക്കുള്ള വഴി, ജലത്തിലൂടെയും ആത്മാവിലൂടെയും വീണ്ടും ജനിക്കുന്നതാണെന്നോർമ്മിപ്പിച്ച്  പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രസംഗകനും, കപ്പൂച്ചിൻ വൈദികനുമായ ഫാ. പസൊലീനി. പ്രത്യാശയെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കുന്ന ഈ ജൂബിലി വർഷത്തിൽ, “നിത്യജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ” എന്ന വിഷയത്തെ ആധാരമാക്കി, ഫ്രാൻസിസ് പാപ്പായ്ക്കും, വത്തിക്കാൻ കൂരിയായിൽ സേവനമനുഷ്ഠിക്കുന്നവർക്കുമായി വത്തിക്കാനിൽ മാർച്ച് 9 മുതൽ 14 വരെ തീയതികളിൽ നടന്നുവരുന്ന ധ്യാനത്തിന്റെ ഭാഗമായാണ്, "വീണ്ടും ജനിക്കുക" എന്ന വിഷയത്തെക്കുറിച്ച്, ഫാ. പസൊലീനി പ്രഭാഷണം ബുധനാഴ്ച രാവിലെ നടത്തിയത്.

യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായത്തിൽ യേശുവും നിക്കൊദേമൂസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ യേശു ഉദ്ബോധിപ്പിക്കുന്നത് അനുസ്മരിപ്പിച്ച ഫാ. പസൊലീനി, രക്ഷയിലേക്കുള്ള വഴി ആദ്ധ്യാത്മികമായ വീണ്ടുമുള്ള ജനനമാണെന്ന് ആവർത്തിച്ചു.

ശാരീരികമായുള്ള പുതിയ ജനനമല്ല, ജലത്താലും ആത്മാവിനാലുമുള്ള ജനനമാണ്, വീണ്ടും ജനിക്കാനുള്ള മാർഗ്ഗമായി യേശു മുന്നോട്ടുവയ്ക്കുന്നതെന്ന് ഓർമ്മിപ്പിച്ച ഫാ. പസൊലീനി, പലർക്കും മാറ്റങ്ങളെ ഭയമാണെന്നും, അവർ തങ്ങളുടെ പഴയ അനുഭവങ്ങളോടും തഴക്കങ്ങളോടും ചേർന്ന് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അഭിപ്രായപ്പെട്ടു. എന്നാൽ വീണ്ടുമുള്ള യഥാർത്ഥ ജനനത്തിന്, ദൈവത്തിൽ ശരണപ്പെടുന്നതും, അവനാൽ നയിക്കപ്പെടുന്നതിനായി നാമ്മെത്തന്നെ വിട്ടുകൊടുക്കുന്നതും പ്രധാനപ്പെട്ടതാണെന്ന് ഫാ. പസൊലീനി ഉദ്‌ബോധിപ്പിച്ചു.

മാമ്മോദീസ എന്നതാണ് പുതിയ ജീവിതമെന്നും എന്നാൽ ഇത് പെട്ടെന്നുള്ള ഒരു മാറ്റമല്ല, മറിച്ച് മാറ്റത്തിന്റേതായ ഒരു യാത്രയുടെ തുടക്കമാണെന്നും ഫാ. പസൊലീനി ഓർമ്മിപ്പിച്ചു. ചരിത്രത്തിന്റെ തുടർച്ചയിൽ, മാമ്മോദീസയുടെ ഫലപ്രാപ്തി ദുർബലമാകുന്ന വിധത്തിൽ, അത് ഒരു സാംസ്കാരിക ആചാരമായി ചെറുതായിട്ടുണ്ടെന്നും, അതിന്റെ ബോധപൂർവ്വമായ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അതുകൊണ്ടുതന്നെ, യഥാർത്ഥ ക്രൈസ്തവജീവിതം ഇന്ന് പലർക്കും അമൂർത്തവും വിദൂരസ്ഥവുമായി അനുഭവപ്പെടുന്നുവെന്നും, ഇത് സഭയെ ഒരു പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റെല്ലാത്തേക്കാളും ദൈവവുമായുള്ള ബന്ധത്തെ ഏറ്റവും പ്രധാനപ്പെട്ടതായിക്കാണാനാണ് യേശു നമ്മെ ക്ഷണിക്കുന്നത്. ഇത്, മറ്റുള്ളവരോടുള്ള സ്നേഹബന്ധം ഇല്ലാതാക്കിക്കൊണ്ടല്ല, മറിച്ച് ദൈവത്തിൽ മാത്രം കാണുന്ന യഥാർത്ഥ ജീവനെ തിരിച്ചറിഞ്ഞുകൊണ്ടാണ്.

നിത്യതയുടെ മാനം തിരിച്ചറിയുന്നതിനായി, നമ്മുടെ ജീവനെ അതിന്റെ ശാരീരിക, മാനസിക തലങ്ങളിൽ നഷ്ടപ്പെടുത്താനുള്ള ധൈര്യം ആവശ്യമുണ്ടെന്ന് ഫാ. പസൊലീനി പറഞ്ഞു. പുനർജ്ജനനം എന്നത് ശാരീരികമായ ജനനം പോലെ വേദനയുള്ള, എന്നാൽ ആവശ്യമായ ഒന്നാണെന്ന് യേശു ഉദ്ബോധിപ്പിക്കുന്നത് അദ്ദേഹം ആവർത്തിച്ചു.

വീണ്ടും ജനിക്കുക എന്നത് മിഥ്യയായ ഒന്നല്ലെന്നും, തങ്ങളെത്തന്നെ ആത്മാവിനാൽ പരിവർത്തനപ്പെടുത്താൻ വിട്ടുകൊടുക്കുന്നവർക്ക് സാധ്യമായ ഒന്നാണെന്നും, ഈ ലോകജീവിതത്തിൽത്തന്നെ, നിത്യതയെക്കുറിച്ചുള്ള വാഗ്ദാനം ജീവിക്കാൻ ഇതിന് തയ്യാറാകുന്ന വ്യക്തികൾക്ക് സാധിക്കുമെന്നും ഫാ. പസൊലീനി കൂട്ടിച്ചേർത്തു.

ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായും കഴിഞ്ഞ ദിവസങ്ങളിലെ ധ്യാനപ്രസംഗങ്ങളിൽ ഓൺലൈനായി സംബന്ധിച്ചിരുന്നുവെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. കൂരിയായിലെ അംഗങ്ങൾക്ക് ധ്യാനമായതിനാൽ മാർച്ച് 12 ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ചാസമ്മേളനം വിഭാവനം ചെയ്തിരുന്നില്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മാർച്ച് 2025, 15:14