MAP

കർദ്ദിനാൾ പിയെത്രൊ പരോളിൻ വത്തിക്കാനിൽ, പൗളിൻ കപ്പേളയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു, 14/03/25 കർദ്ദിനാൾ പിയെത്രൊ പരോളിൻ വത്തിക്കാനിൽ, പൗളിൻ കപ്പേളയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു, 14/03/25  (VATICAN MEDIA Divisione Foto)

പ്രാർത്ഥനയെന്നത് തുറവുള്ള ഒരു ഹൃദയം ദൈവത്തിനു സമർപ്പിക്കലാണ്, കർദ്ദിനാൾ പരോളിൻ!

വെള്ളിയാഴ്ച (14/03/25) ഫ്രാൻസീസ് പാപ്പായുടെ രോഗസൗഖ്യത്തിനായി വത്തിക്കാനിൽ കർദ്ദിനാൾ പീയെത്രോ പരോളിൻ ദിവ്യബലി അർപ്പിച്ചു. പരിശുദ്ധസിംഹാസനത്തിനു വേണ്ടി വിവിധ രാജ്യങ്ങൾ നിയമിച്ചിട്ടുള്ള സ്ഥാനപതികളുടെ അഭ്യർത്ഥനപ്രകാരം അർപ്പിക്കപ്പെട്ട ഈ വിശുദ്ധ കുർബ്ബാനയിൽ നിരവധി നയതന്ത്രപ്രതിനിധികളും പങ്കെടുത്തിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രാർത്ഥിക്കുകയെന്നാൽ നമ്മുടെ ആവശ്യങ്ങൾ ദൈവതിരുമുമ്പിൽ നിരത്തുന്നതിൽ ഉത്സുകരാകുകയല്ല, പ്രത്യുത, പ്രതമഥഃ ദൈവചന ശ്രവണത്തിന് സന്നദ്ധരാകുകയും ആ വചനത്തോടു തുറവുള്ളതും അതിൽ ശദ്ധയുള്ളതുമായ ഒരു ഹൃദയം ദൈവത്തിന് സമർപ്പിക്കുകയുമാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രോ പരോളിൻ ഉദ്ബോധിപ്പിക്കുന്നു.

വത്തിക്കാനിൽ, പോൾ ത്രിദീയൻ പാപ്പാ പണികഴിപ്പിച്ചതും പ്രസ്തുതപാപ്പായുടെ നാമത്തിൽ അറിയപ്പെടുന്നതുമായ പൗളിൻ കപ്പേളയിൽ വെള്ളിയാഴ്ച (14/03/25) ഫ്രാൻസീസ് പാപ്പായുടെ രോഗസൗഖ്യത്തിനായി അർപ്പിക്കപ്പെട്ട പ്രത്യേക ദിവ്യബലിയിൽ മുഖ്യകാർമ്മികനായിരുന്ന അദ്ദേഹം സുവിശേഷ ചിന്തകൾ പങ്കുവയ്ക്കവെയാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

പരിശുദ്ധസിംഹാസനത്തിനു വേണ്ടി വിവിധ രാജ്യങ്ങൾ നിയമിച്ചിട്ടുള്ള സ്ഥാനപതികളുടെ അഭ്യർത്ഥനപ്രകാരം അർപ്പിക്കപ്പെട്ട ഈ വിശുദ്ധ കുർബ്ബാനയിൽ നിരവധി നയതന്ത്രപ്രതിനിധികളും പങ്കെടുത്തിരുന്നു.

പാപ്പായുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുകയെന്ന നിയോഗത്തോടെയാണ് പൗളിൻ കപ്പേളയിൽ തങ്ങൾ ഒന്നുചേർന്നിരിക്കുന്നതെന്ന് അനുസ്മരിച്ചുകൊണ്ട് പ്രാർത്ഥനയുടെ പൊരുളെന്തെന്നു തൻറെ പ്രഭാഷണത്തിൽ വിശദീകരിച്ച  കർദ്ദിനാൾ പരോളിൻ നമ്മുടെ ആവശ്യം എന്താണെന്ന് അറിയാവുന്ന ദൈവത്തിൻറെ ഹൃദയം തുറക്കുന്ന താക്കോൽ അവിടത്തെ വചനത്തിൻറെ ഹൃദയംഗമമായ ശ്രവണമാണെന്ന് പറഞ്ഞു.

“നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി 5,20) എന്ന ക്രിസ്തുവിൻറെ വചനം മത്തായിയുടെ സുവിശേഷത്തിലെ അഞ്ചാം അദ്ധ്യായത്തിൽ നിന്ന് ഉദ്ധരിച്ച അദ്ദേഹം, അതിൻറെ വിവക്ഷ, ദൈവഹിതാന്വേഷണത്തിൽ നാം മാനവയുക്തിയെ ഉല്ലംഘിച്ചില്ലെങ്കിൽ ദൈവത്തെ ഒരിക്കലും കണ്ടുമുട്ടാനാകില്ല എന്നാണെന്നു വിശദീകരിച്ചു. നാം ദൈവഹിതം അന്വേഷിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നത്, സർവ്വോപരി, മറ്റുള്ളവരുമായും നമ്മുടെ ചാരത്തുള്ളവരുമായുമുള്ള നമ്മുടെ ബന്ധങ്ങളിലാണെന്ന് കർദ്ദിനാൾ പരോളിൻ ഓർമ്മിപ്പിച്ചു. 

ഇന്ന് ലോകം ഒരു യുദ്ധവേദിയായി മാറിയിരിക്കുന്നിനെക്കുറിച്ചും അദ്ദേഹം പരമാർശിച്ചു. ലോകത്ത് പൊട്ടിപ്പുറപ്പെടുന്നതും നമ്മുടെ ഗ്രഹത്തെ രക്തരൂക്ഷിതമാക്കുന്നതും നാം നയതന്ത്രമാർഗ്ഗങ്ങളിലൂടെ ഒഴിവാക്കാൻ ശ്രമിക്കുന്നതുമായ യുദ്ധങ്ങളെക്കുറിച്ച് നാം നിരവധി തവണ പറയാറുള്ളതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഈ യുദ്ധങ്ങൾ തുടക്കം കുറിക്കുന്നത് അവ അരങ്ങേറുന്ന സ്ഥലങ്ങളിൽ നിന്നല്ല പ്രത്യുത, മനുഷ്യൻറെ ഹൃദയത്തിലും മറ്റുള്ളവരോടു നാം വച്ചുപുലർത്തുന്ന   വിദ്വേഷത്തിലും വെറുപ്പിലും നിന്നാണെന്ന് കർദ്ദിനാൾ പരോളിൻ പ്രസ്താവിച്ചു. അങ്ങനെ കരങ്ങളെ ഹൃദയവും അധരവും ആയുധവല്ക്കരിക്കുന്നുവെന്നും ആകയാൽ സമാധാനം നേടണമെങ്കിൽ, പ്രഥമതഃ, നാവിനെ നിരായുധീകരിക്കേണ്ടതുണ്ടെന്നും, ആക്രമണാത്മകവും അധിക്ഷേപകാത്മകവുമായ ഭാഷ ഉപയോഗിക്കരുതെന്നും അദ്ദേഹം ആവർത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 മാർച്ച് 2025, 12:28