MAP

കടൽ താണ്ടുന്ന കുടിയേറ്റക്കാർ കടൽ താണ്ടുന്ന കുടിയേറ്റക്കാർ  (AFP or licensors)

പ്രതീക്ഷയ്ക്ക് ധൈര്യത്തോടെ സാക്ഷ്യമേകുന്ന കുടിയേറ്റക്കാർ!

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും 111-മത് ലോകദിനാചരണം ഒക്ടോബർ 4,5 തീയതികളിലായിരിക്കും. സാധാരണയായി, അനുവർഷം സെപ്റ്റംബർ മാസത്തെ അവസാന ഞായറാഴ്ചയാണ് ഈ ആചരണം. എന്നാൽ ഇക്കൊല്ലം ജൂബിലിവത്സാരാചരണത്തോടനുബന്ധിച്ചാണ് ഈ മാറ്റം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രതിസന്ധികൾക്കിടയിലും ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ പ്രത്യാശയ്ക്ക് ദിനംപ്രതി സാക്ഷ്യം വഹിക്കുന്ന കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ധൈര്യവും സ്ഥിരോത്സാഹവും എടുത്തുകാണിക്കുന്നതാണ് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും 111-മത് ലോകദിനാചരണത്തിൻറെ വിചിന്തന പ്രമേയം എന്ന് സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗം.

ഈ ദിനാചരണത്തിനായി ഫ്രാൻസീസ് പാപ്പാ, “കുടിയേറ്റക്കാർ, പ്രത്യാശയുടെ പ്രേഷിതർ” എന്ന വിചിന്തനപ്രമേയം തിരഞ്ഞെടുത്തത് വെളിപ്പെടുത്തിക്കൊണ്ട് സമഗ്രമാനവവികസനത്തിനായുള്ള വിഭാഗം തിങ്കളാഴ്ച (03/03/25) പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇതു കാണുന്നത്.

അതിരുകൾക്കപ്പുറം സന്തോഷം കൈവരിക്കാനുള്ള പ്രത്യാശയാണ്, ദൈവത്തിൽ പൂർണ്ണമായും തങ്ങളെത്തന്നെ സമർപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്ന പ്രത്യാശയെന്നും തങ്ങളെ സ്വാഗതം ചെയ്യുന്ന സമൂഹങ്ങളിൽ കുടിയേറ്റക്കാരും അഭയാർത്ഥികളും "പ്രത്യാശയുടെ പ്രേഷിതർ" ആയിത്തീരുന്നുവെന്നും സമഗ്രമാനവവികസനത്തിനായുള്ള വിഭാഗം പ്രസ്താവനയിൽ പറയുന്നു.

പലപ്പോഴും വിശ്വാസത്തെ പുനരുജ്ജീവനത്തിനും പൊതു മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതാന്തര സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവനയേകിക്കൊണ്ടാണ് അവരിതു ചെയ്യുന്നതെന്നും ഭൗമിക തീർത്ഥാടനത്തിൻറെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ച്, അതായത് ഭാവി മാതൃരാജ്യത്ത് എത്തിച്ചേരലിനെക്കുറിച്ച് അവർ സഭയെ ഓർമ്മിപ്പിക്കുന്നുവെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

അനുവർഷം സെപ്റ്റംബർ മാസത്തെ അവസാന ഞായറാഴ്ച കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനം ആചിരിക്കുന്നതെങ്കിലും  ഇത്തവണ, ജൂബിലി വത്സരപശ്ചാത്തലത്തിൽ, കുടിയേറ്റക്കാരുടെയും പ്രേഷിത ലോകത്തിൻറെയും ജൂബിലിയോടനുബന്ധിച്ച് ഒക്ടോബർ 4,5 തീയതികളിലായിരിക്കും ഈ ലോകദിനാചരണമെന്നും പ്രസ്താവന വെളിപ്പെടുത്തുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 മാർച്ച് 2025, 12:53