അവിഭാജ്യമായ ദൈവസ്നേഹമാണ് അനുരഞ്ജന ശുശ്രൂഷയിൽ ചൊരിയപ്പെടുന്നത്: മോൺസിഞ്ഞോർ ഫിസിക്കെല്ല
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മാർച്ച് 28 മുതൽ 30 വരെ നടന്ന കാരുണ്യത്തിൻറെ പ്രേഷിതരായ വൈദികരുടെ പ്രത്യേക ജൂബിലി സമ്മേളനം, റോമിലെ വിശുദ്ധ അന്ത്രെയാ ദെല്ല വാല്ലെ ബസിലിക്കയിൽ വച്ചു നടന്ന വിശുദ്ധ ബലിയോടെ പര്യവസാനിച്ചു. വിശുദ്ധ ബലിക്ക് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ല മുഖ്യകാർമ്മികത്വം വഹിച്ചു. ധൂർത്തപുത്രന്റെ ഉപമയെ അധികരിച്ചു നൽകിയ സുവിശേഷ സന്ദേശത്തിൽ, ഇന്നത്തെ ലോകത്തിൽ, ദൈവസ്നേഹത്തിൽ നിന്നും അകന്നുപോയ അനേകായിരങ്ങളെ തിരികെ എത്തിക്കുന്നതിന്, ക്ഷമയോടെ കാത്തിരിക്കുന്ന ദൈവത്തെയാണ് കുമ്പസാരക്കൂടുകളിൽ അനുഭവവേദ്യമാക്കുന്നതെന്നു മോൺസിഞ്ഞോർ പറഞ്ഞു.
ഈ ഉപമയിലെ രണ്ടു മക്കളും മനുഷ്യരായ നമ്മുടെ ജീവിതങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നും, താത്ക്കാലികമായ സന്തോഷങ്ങൾക്കു വേണ്ടി, ലക്ഷ്യബോധമില്ലാതെ, ദൈവത്തിൽ നിന്നും, ദൈവഭവനമായ സഭയിൽ നിന്നും അകലങ്ങളിലേക്ക് യാത്രചെയ്യുന്നത് ഇന്ന് യാഥാർഥ്യമാകുന്ന സത്യങ്ങളാണെന്നു ആർച്ചുബിഷപ്പ് ഓർമ്മപ്പെടുത്തി.
രണ്ടാമത്തെ പുത്രൻ പരിഭവം ഉണർത്തിക്കുന്നതുപോലെ, ദൈവത്തിന്റെ അടുപ്പം മനസിലാകാതെ, നേട്ടങ്ങൾക്കുവേണ്ടി കുറ്റപ്പെടുത്തുന്ന സ്വഭാവവും, മനുഷ്യരിൽ, പ്രത്യേകിച്ചും, പുരോഹിതരിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, പൗരോഹിത്യ വിശ്വസ്തതയും, ഉത്തരവാദിത്വവും എപ്പോഴും ജീവിതത്തിൽ പാലിക്കേണ്ടതിന്റെ ആവശ്യകതയും അടിവരയിട്ടു.
ഉപമയിൽ വിവരിക്കുന്ന സ്നേഹസമ്പന്നനായ പിതൃത്വത്തിന്റെ ഭാവങ്ങൾ കുമ്പസാരക്കാരുടെ ജീവിതത്തിലും പുലർത്തണമെന്നും, നമ്മുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും, നമ്മെ സമീപിക്കുന്നവരിലേക്ക് ആഴത്തിൽ പ്രവേശിക്കാൻ സാധിക്കുംവണ്ണം, ഹൃദയവും മനസ്സും വിശാലമാക്കാൻ ശ്രദ്ധിക്കണമെന്നും ആർച്ചുബിഷപ്പ് ഉദ്ബോധിപ്പിച്ചു.
മകനെ കണ്ടു ഓടിച്ചെല്ലുന്ന പിതൃഭാവം , പാപത്തെ അതിശയിപ്പിക്കുന്ന സ്നേഹത്തെ എടുത്തു കാണിക്കുന്നുവെന്നും, ആ സ്നേഹം മകനിൽ ഒരു പുതുജീവൻ സൃഷ്ടിക്കുന്നുവെന്നും, ഇതാണ് കുമ്പസാരവേദികളിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ കാരുണ്യത്തിന്റെ മിഷനറിമാരെന്ന നിലയിൽ, ഓരോരുത്തരും അനുരഞ്ജനത്തിന്റെ പ്രത്യേക ഉപകരണങ്ങളാണെന്നും, തിരിച്ചുവരവിന്റെയും അനുരഞ്ജനത്തിന്റെയും കൃപ നൽകാൻ യേശു വിളിക്കുമ്പോൾ, നമ്മുടെ ഉള്ളിൽ യേശുവിന്റെ പിതൃഭാവം ഉൾക്കൊള്ളണമെന്നും ആർച്ചുബിഷപ്പ് ഓർമ്മപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: