MAP

വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി ജപമാലപ്രാർത്ഥന നടന്നതിന്റെ ദൃശ്യം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി ജപമാലപ്രാർത്ഥന നടന്നതിന്റെ ദൃശ്യം  (VATICAN MEDIA Divisione Foto)

ഫ്രാൻസിസ് പാപ്പായ്ക്ക് പ്രാർത്ഥനാസാമീപ്യമറിയിച്ച് റോമിലെ സഭ

ഫെബ്രുവരി 24 തിങ്കളാഴ്ച റോമിലെ കർദ്ദിനാൾമാരുടെയും സമർപ്പിതരുടെയും അൽമായരുടെയും സാന്നിദ്ധ്യത്തിൽ പരിശുദ്ധ പിതാവിനായി മാതാവിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ച് ജപമാലപ്രാർത്ഥന നയിക്കപ്പെട്ടതിന് പിന്നാലെ, ചൊവ്വാഴ്ച വൈകുന്നേരം നടന്ന രണ്ടാം ദിന ജപമാലപ്രാർത്ഥന സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ താഗ്ലെയുടെ നേതൃത്വത്തിൽ നടന്നു. പാപ്പായ്ക്ക് ക്രൈസ്തവസമൂഹത്തിന്റെ സാമീപ്യമറിയാൻ സാധിക്കട്ടെയെന്ന് കർദ്ദിനാൾ താഗ്ലെ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ പന്ത്രണ്ടുദിവസങ്ങളിലധികമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ നൂറുകണക്കിന് വിശ്വാസികളും, സമർപ്പിതരും, കർദ്ദിനാൾമാരും തുടർച്ചയായ രണ്ടാം ദിനവും വത്തിക്കാനിൽ ഒരുമിച്ചുകൂടി. പാപ്പായ്ക്ക് ഉത്ഥിതനായ ക്രിസ്തുവിന്റെയും, ക്രൈസ്തവസമൂഹത്തിന്റെയും സ്നേഹസാന്നിദ്ധ്യം അനുഭവിക്കുവാൻ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാമെന്ന് ജപമാലപ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്ത സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെ ആഹ്വാനം ചെയ്തു.

ഫെബ്രുവരി 24 തിങ്കളാഴ്ച വൈകുന്നേരം ഒൻപതുമണിക്ക് റോമിലെ കർദ്ദിനാൾമാരുടെയും സമർപ്പിതരുടെയും ആയിരക്കണക്കിന് അൽമായരുടെയും സാന്നിദ്ധ്യത്തിൽ ജപമാലപ്രാർത്ഥന നടന്നതിന് പിന്നാലെയാണ് ചൊവ്വാഴ്ച വൈകുന്നേരം കർദ്ദിനാൾ താഗ്ലെയുടെ നേതൃത്വത്തിൽ രണ്ടാം ദിനപ്രാർത്ഥന നടന്നത്. റോമിലെ മഴയും കനത്ത തണുപ്പുമുള്ള കാലാവസ്ഥയിലും, ഫ്രാൻസിസ് പാപ്പായ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ വയോധികരും ശിശുക്കളുമടക്കം നിരവധി കുടുംബങ്ങളും, തീർത്ഥാടകരും, റോമിൽനിന്നുള്ള സന്ന്യസ്തരും, വൈദികരും, മെത്രാന്‍മാരും, കർദ്ദിനാൾമാരും എത്തിയിരുന്നു.

വിശ്വാസത്തിൽ ജീവിച്ചുകൊണ്ട്, സ്നേഹത്തിൽ വളരാനും, പ്രത്യാശയിലേക്ക് ഒരുമിച്ച് നടക്കാനും, തങ്ങളുടെ ബലഹീനതകളിൽ തങ്ങളെ സഹായിക്കാനായി പരിശുദ്ധാത്മാവിനെ അയക്കണമേയെന്ന് ജപമാലപ്രാർത്ഥനയുടെ അവസാനഭാഗത്ത് കർദ്ദിനാൾ താഗ്ലെ പ്രാർത്ഥിച്ചു.

പരിശുദ്ധ പിതാവിന് ആരോഗ്യം നല്കണമെയെന്നും, എല്ലാ തിന്മകളിൽനിന്നും രക്ഷിക്കണമേയെന്നുമുള്ള പാപ്പാമാർക്കുവേണ്ടിയുള്ള പരമ്പരാഗതമായ പ്രാർത്ഥനയും ആവർത്തിക്കപ്പെട്ടു.

വരും ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ഫ്രാൻസിസ് പാപ്പായ്ക്ക് വേണ്ടി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ജപമാലപ്രാർത്ഥനയുണ്ടാകുമെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശികസഭകളും, നാനാജാതിമതസ്ഥരും ഫ്രാൻസിസ് പാപ്പായ്ക്ക് തങ്ങളുടെ പ്രാർത്ഥനകളും ആത്മീയസാന്നിദ്ധ്യവും വാഗ്ദാനം ചെയ്‌തുകൊണ്ട്‌ സന്ദേശങ്ങൾ അയച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഫെബ്രുവരി 2025, 16:06