ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ശ്വാസനാളത്തിലുണ്ടായ അണുബാധയെത്തുടർന്ന് ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഫ്രാൻസിസ് പാപ്പായുടെ ചികിത്സകൾ തുടരുന്നുവെന്നും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഏറെ മാറ്റങ്ങളൊന്നുമില്ലെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഞായറാഴ്ച രാവിലെ പാപ്പാ വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും, ടെലിവിഷനിലൂടെ വിശുദ്ധ കുർബാനയിൽ പങ്കുചേർന്നെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ പ്രെസ് ഓഫീസിലെത്തിയ പത്രപ്രവർത്തകരോട് പ്രതികരിക്കവേ, പാപ്പാ വൈകിട്ട് നന്നായി ഉറങ്ങിയെന്നും, പ്രഭാതഭക്ഷണം കഴിച്ചുവെന്നും, ചില പത്രങ്ങൾ വായിച്ചുവെന്നും മത്തെയോ ബ്രൂണി വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച അറിയിച്ചിരുന്നതുപോലെ, പാപ്പായുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് പൂർണ്ണമായ വിശ്രമം ആവശ്യമുണ്ടെന്ന മെഡിക്കൽ നിർദ്ദേശപ്രകാരം, ഞായറാഴ്ച ഉച്ചയ്ക്ക് പതിവുള്ള, ത്രികാലജപപ്രാർത്ഥന പാപ്പാ നയിക്കുകയോ കലാ-സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചേക്കുമെന്ന പ്രതീക്ഷയിലും പാപ്പായെ ആശുപത്രി ജാലകത്തിലൂടെ കാണാമെന്ന ആഗ്രഹത്താലും, നിരവധി വിശ്വാസികൾ ജെമെല്ലി ആശുപത്രിയുടെ മുന്നിൽ തടിച്ചുകൂടിയിരുന്നു.
അതിനിടെ പാപ്പായുടെ രോഗശാന്തിക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രാർത്ഥനാശംസകൾ പ്രവഹിക്കുന്നുണ്ട്. ഗാസ മുനമ്പിലുള്ള തിരുക്കുടുംബദേവാലയത്തിലെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി, അവിടുത്തെ വിശ്വാസികൾ പാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
തനിക്കായി പ്രാർത്ഥനകൾ അർപ്പിച്ചവർക്കും, സാമീപ്യമറിയിച്ചവർക്കും ഫ്രാൻസിസ് പാപ്പാ നന്ദിയറിയിച്ചു. സാമൂഹ്യമാധ്യമമായ എക്‌സിൽ ഞായറാഴ്ച ഉച്ചയ്ക്ക് കുറിച്ച സന്ദേശത്തിലൂടെയാണ് പാപ്പാ തനിക്ക് ലഭിച്ച പ്രാർത്ഥനാശംസകൾക്കും സ്നേഹത്തിനും നന്ദി പറഞ്ഞത്.
"ഈ ദിവസങ്ങളിൽ, നിങ്ങൾ സ്നേഹത്തോടും പ്രാർത്ഥനയോടും സാമീപ്യത്തോടും കൂടി എന്നോടൊത്തായിരിക്കുന്നതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു" എന്നായിരുന്നു പാപ്പാ എഴുതിയത്.
EN: Thank you for the affection, prayer and closeness with which you are accompanying me in these days.
IT: Vi ringrazio per l’affetto, la preghiera e la vicinanza con cui mi state accompagnando in questi giorni.
5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: