ലോകം സന്തുലിതവും പൂർണ്ണവുമായ നിരായുധീകരണത്തിലേക്ക് വളരണം: ആർച്ച്ബിഷപ് ഗാല്ലഗർ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകരാജ്യങ്ങൾ ന്യൂക്ലിയർ ആയുധങ്ങൾക്ക് ഉൾപ്പെടെ. പ്രതിരോധരംഗത്തിനായി വലിയ തുക മാറ്റിവയ്ക്കുന്നതിനെതിരെയും, മെച്ചപ്പെട്ട ഒരു ലോകത്തിനായി ഏവരും നിരായുധീകരണത്തിലേക്ക് നീങ്ങേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയും ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. ഫെബ്രുവരി 24 മുതൽ 28 വരെ തീയതികളിൽ ജനീവയിൽ നടന്നുവരുന്ന നിരായുധീകരണം സംബന്ധിച്ച കോൺഫറൻസിന്റെ 2025-ലെ സെഷനിൽ, ഫെബ്രുവരി 26-ന് സംസാരിക്കവെയാണ് മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വത്തിക്കാൻ സെക്രെട്ടറി ഇതേക്കുറിച്ചുള്ള പരിശുദ്ധസിംഹാസനത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
എല്ലാത്തിന്റെയും നാശത്തിലേക്ക് നയിച്ചേക്കാവുന്ന ന്യുക്ലിയർ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ സംസാരിച്ച ആർച്ച്ബിഷപ്, അതിനെ അധാർമ്മികമെന്ന് വിശേഷിപ്പിച്ചു. പരിശുദ്ധ പിതാവിനെ ഉദ്ധരിച്ചുകൊണ്ട്, സമാധാനസ്ഥാപനമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇത്തരം ആയുധങ്ങൾ കൈവശം വയ്ക്കുന്നത് തടസ്സമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
വിവിധ രാജ്യങ്ങൾ അംഗമായ ഒരു കുടുംബമെന്ന നിലയിൽ, അന്താരാഷ്ട്രനിയന്ത്രണങ്ങൾക്ക് കീഴിൽ, സന്തുലിതവും സമ്പൂർണവുമായ നിരായുധീകരണത്തിനായുള്ള ധീരമായ നടപടികൾ എടുക്കാൻ നമുക്ക് സാധിക്കണമെന്ന് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു. ഇത്തരമൊരു ശ്രമം ഉണ്ടാകുന്നില്ലെങ്കിൽ, പുതുതായ സംഘർഷങ്ങളിലേക്കും, വർദ്ധിച്ച അസമത്വങ്ങളിലേക്കും, പരിസ്ഥിതി നശീകരണത്തിലേക്കുമായിരിക്കും നാം നീങ്ങുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആയുധവിപണനവും ഉപയോഗവും കൊണ്ട് ഉപകാരം നേടുന്നത് ആയുധലോബി മാത്രമായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സായുധസംഘർഷങ്ങളിലും യുദ്ധങ്ങളിലും നിർമ്മിതബുദ്ധി ഉപയോഗിക്കുന്നതിലെ അധാർമ്മികതയെക്കുറിച്ചും, ഫ്രാൻസിസ് പാപ്പായുടെ ഉദ്ബോധനങ്ങളെ അധികരിച്ച് ആർച്ച്ബിഷപ് ഗാല്ലഗർ സംസാരിച്ചു. യന്ത്രങ്ങൾ മനുഷ്യജീവൻ ഇല്ലാതാക്കാനുള്ള തീരുമാനമെടുക്കുന്ന ഒരു വ്യവസ്ഥയിലേക്ക് ലോകം നീങ്ങരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മിലിട്ടറി ആവശ്യങ്ങൾക്കായി വലിയതോതിൽ ധനനിക്ഷേപം നടത്തുന്നതിനെതിരെയും പരിശുദ്ധപിതാവിന്റെ ഉദ്ബോധനങ്ങളെ അധികരിച്ച് വത്തിക്കാൻ പ്രതിനിധി സംസാരിച്ചു. പകരം, ലോകത്ത് പട്ടിണി ഇല്ലാതാക്കാനും, വിദ്യാഭ്യാസത്തിനായും, വികസ്വയരരാജ്യങ്ങളിലെ പാവപ്പെട്ടവരുടെ സമഗ്രവികസനത്തിനായും ധനം മാറ്റിവയ്‌ക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ആർച്ച്ബിഷപ് ഗാല്ലഗർ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: