പ്രത്യാശയുടെ പ്രഥമ അടയാളം ശാന്തിയായി പരിണമിക്കട്ടെ, ആർച്ചുബിഷപ്പ് ഫിസിക്കേല്ല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധദുരന്തത്തിൽ വീണ്ടും മുങ്ങിത്താഴുന്ന ലോകത്തിന്, പ്രതീക്ഷയുടെ ആദ്യ അടയാളം സമാധാനമായി മാറട്ടെയെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട് ആർച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല ആശംസിക്കുന്നു.
2025-ലെ പ്രത്യാശയുടെ ജൂബിലിവത്സരാചരണ പശ്ചാത്തലത്തിൽ സായുധസേന, പൊലീസ്, സുരക്ഷാപ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ ഫെബ്രുവരി 8,9 തീയതികളിലെ ജൂബിലിയാചരണത്തെ അധികരിച്ച് വെള്ളിയാഴ്ച (08/02/25) പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയത്തിൽ, അഥവാ, പ്രസ്സ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രത്യാശ പ്രകടിപ്പിച്ചത്.
ഭൂതകാല ദുരന്തങ്ങൾ മറന്നുപോകുന്ന നരകുലം പുതിയതും ക്ലേശകരവുമായ ഒരു പരീക്ഷണത്തിന് വിധേയമാക്കപ്പെടുന്നുവെന്നും നിരവധി ജനവിഭാഗങ്ങൾ അക്രമത്തിൻറെ ക്രൂരതയാൽ അടിച്ചമർത്തപ്പെടുന്നുവെന്നും ആർച്ചുബിഷപ്പ് ഫിസിക്കേല്ല പറഞ്ഞു.
ഈ ജനങ്ങൾ ഇനിയും അനുഭവിക്കാത്തതായി എന്താണുള്ളതെന്ന് ചോദിക്കുന്ന അദ്ദേഹം സമാധാനത്തിനായി പ്രവർത്തിക്കാനും സമൂർത്ത പദ്ധതികളുമായി മുന്നേറാനും എല്ലാവരും ആഹ്വാനം ചെയ്യപ്പെടുന്നുവെന്നും സമാധാനമെന്നത് നീതിയുടെ പ്രവർത്തനമാണെന്നും ഓർമ്മിപ്പിച്ചു. സമാധാനപ്രവർത്തകർ ദൈവമക്കൾ എന്നു വിളിക്കപ്പെടും എന്ന സുവിശേഷ വചസ്സുകൾ ആർച്ചുബിഷപ്പ് ഫിസിക്കേല്ല ഉദ്ധരിക്കുകയും ചെയ്യുന്നു.
ഈ ഒരു ചട്ടക്കൂടിനുള്ളിലാണ് സായുധസേന, പൊലീസ്, സുരക്ഷാപ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ ജൂബിലിയാചരണമെന്നും ഇതിൽ പങ്കുചേരുന്നതിന് നൂറോളം നാടുകളിൽ നിന്നുള്ള മുപ്പതിനായിരത്തിലേറെ പേർ പേരു നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: