വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ പുതിയ പ്രഖ്യാപനങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘം പുതിയ 5 പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.
വത്തിക്കാൻ സംസ്ഥാനകാര്യാലയത്തിൻറെ കാര്യദർശി കർദ്ദിനാൾ പീയെത്രോ പരോളിനെയും പൊതുകാര്യവിഭാഗത്തിൻറെ നിയുക്താധികാരിയായ ആർച്ചുബിഷപ്പ് എദ്ഗാർ പേഞ്ഞ പാറയെയും (Edgar Peña Parra) റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ ഇരുപത്തിനാലാം തീയിതി തിങ്കളാഴ്ച (24/02/25) കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച വേളയിൽ അധികാരപ്പെടുത്തിയതനുസരിച്ചാണ് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം ഈ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചത്.
ഉത്തര കൊറിയയിലെ പ്യോക്തോണ തടവറയിൽ കഴിയവെ 1951 മെയ് 23-ന് മരണമടഞ്ഞ, അമേരിക്കൻ ഐക്യനാടുകളിലെ കൻസാസിൽ 1916 ഏപ്രിൽ 20-ന് ജനിച്ച, വൈദികൻ എമിൽ ജോസഫ് കപൗൻറെ ജീവത്യാഗം അംഗീകരിക്കുന്നതാണ് ഇവയിൽ ആദ്യ പ്രഖ്യാപനം.
ഇരുപത്തിരണ്ടുപേരുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വജീവൻ ബലിയായി നല്കിയ ഇറ്റലിക്കാരനായിരുന്ന ഇരുപത്തിമൂന്നുകാരനായ അല്മായ വിശ്വാസി ദൈവദാസൻ സാൽവൊ ദ അക്വീസ്തൊയുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ് തുടർന്നുള്ള പ്രഖ്യാപനം. ഇറ്റലിയിലെ നാപ്പൊളിയിൽ 1920 ഒക്ടോബർ 15-ന് ജനിച്ച ദൈവദാസൻ സാൽവൊ ദ അക്വീസ്തൊ 1943 സെപ്റ്റംബർ 23-നാണ് വധിക്കപ്പെടുമായിരുന്ന 22 പേർക്കു പകരം കുറ്റമേറ്റെടുത്ത് വെടിയേറ്റു മരിച്ചത്. ഇറ്റലിയിലെ സായുധ സൈനിക പൊലീസായ കരബിനിയേരിയിൽ അംഗമായിരുന്നു ദൈവദാസൻ.
ശേഷിച്ച 3 പ്രഖ്യാപനങ്ങൾ, സ്പെയിനിലെ ദിവ്യകാരുണ്യാരാധനയുടെ സന്ന്യാസിനികളുടെ സമൂഹത്തിൻറെ സ്ഥാപകനായ രൂപതാവൈദികൻ മിഖേലെ മൗറ മൊന്താനെർ, ജപമാലയുടെ വിശുദ്ധ മറിയത്തിൻറെ ഡൊമീനിക്കൻ സഹോദരകൾ എന്ന സന്ന്യാസിനീസമൂഹത്തിൻറെ ഇറ്റലി സ്വദേശിയായ സ്ഥാപകൻ രൂപതാവൈദികനായ ദിദാക്കൊ ബേസ്സി, പോളണ്ടു സ്വദേശിനിയായ അത്മായ വിശ്വാസി കുനെഗുന്താ സ്വിയെഷ്ത്സ് എന്നിവരുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നവയാണ്.
വെനെസ്വേല സ്വദേശിയായ വാഴ്ത്തപ്പെട്ട ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്നേരൊസ്, ഇറ്റലിക്കാരനായ വാഴ്ത്തപ്പെട്ട ബർത്തോളെ ലോംഗൊ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിലെ അംഗങ്ങളായ കർദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും തീരുമാനം പാപ്പാ അംഗീകരിക്കുകയും അടുത്ത വിശുദ്ധപദ പ്രഖ്യാപനങ്ങളെ സംബന്ധിച്ച കൺസിസ്റ്ററി വിളിച്ചുകൂട്ടുന്നതിന് തീരുമാനിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: