പലസ്തീൻ ജനതയ്ക്ക് സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയണം, കർദ്ദിനാൾ പരോളിൻ!
അലെസ്സാന്ത്രൊ ഗ്വരീഷി, ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പലസ്തീൻ ജനത നാടുകടത്തപ്പെടരുതെന്നും അത് മൗലികമായ ഒരു കാര്യമാണെന്നും വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
1929-ഫെബ്രുവരി 11-ന് ലാറ്ററൻ ഉടമ്പടി പ്രകാരം ഇറ്റലിയിൽ നിന്ന് വത്തിക്കാൻ സ്വതന്ത്രമായി ഒരു പരമാധികാരനഗര രാഷ്ട്രമായിത്തീർന്നതിൻറെ തൊണ്ണൂറ്റിയാറാം വാർഷിക പശ്ചാത്തലത്തിൽ, ഫെബ്രുവരി 13-ന് വ്യാഴാഴ്‌ച, റോമിലെ ബൊറൊമേയൊ മന്ദിരത്തിൽ ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയുൾപ്പടെയുള്ള അന്നാടിൻറെയും വത്തിക്കാൻറെയും ഉന്നതനേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കർദ്ദിനാൾ പരോളിൻ.
ഗാസയിൽ ജനിച്ചുവളർന്നവർക്ക് സ്വന്തം മണ്ണിൽ ജീവിക്കാൻ കഴിയണമെന്നും അവരെ അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ നിന്നു പുറത്തുപോകാൻ നിർബന്ധിതരാകുന്നവരെ സ്വീകരിക്കുന്ന കാര്യത്തിൽ ജോർദ്ദാൻറെ രാജാവ് വിസമ്മതം പ്രകടിപ്പിച്ചതും കർദ്ദിനാൾ പരോളിൻ അനുസ്മരിക്കുകയും ഇവിടെ ആവശ്യം ദ്വിരാഷ്ട്ര പരിഹൃതി, അതായത്, പലസ്തീൻ ജനതയ്ക്ക് പലസ്തീൻ രാഷ്ട്രവും ഇസ്രായേൽ ജനതയ്ക്ക് ഇസ്രായേൽ രാഷ്ട്രവും, എന്ന പരിഹാരം ആണെന്നും ഇതിനർത്ഥം ആ ജനതകൾക്ക് പ്രത്യാശ പകരുകയെന്നാണെന്നും വ്യക്തമാക്കുകയും ചെയ്തു.
റഷ്യൻ-ഉക്രൈയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്രയത്നങ്ങളുടെ പശ്ചാത്തലിത്തിൽ, അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ഡൊൺൾഡ് ട്രംപും റഷ്യയുടെ പ്രസിഡൻറ് വ്ലാദിമിർ പുട്ടിനും തമ്മിൽ നടന്ന ടെലെഫോൺ സംഭാഷണത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് നീതിപൂർവ്വകമായ ഒരു സമാധാനം സ്ഥാപിക്കപ്പെടേണ്ടതിൻറെ ആവശ്യകത കർദ്ദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി. നിലിവിലുള്ള നിരവധി നീക്കങ്ങളും കാണപ്പെടുന്ന പ്രതീക്ഷയുടെ കിരണങ്ങളും മൂർത്തരൂപമെടുമെക്കുകയും സമാധാനത്തിൽ എത്തിച്ചേരുകയും ചെയ്യുമെന്ന പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: