കർദ്ദിനാൾ മൈക്കിൾ ചേർണി സിറിയക്കാരായ അഭയാർത്ഥികൾക്കിടയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലെബനനിൽ പഞ്ചദിന സന്ദർശനം നടത്തുന സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രീഫെക്ട് കർദ്ദിനാൾ മൈക്കിൾ ചേർണി സിറിയക്കാരായ അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി.
ഫെബ്രുവരി 19-23 വരെ നീളുന്ന ലെബനൻ സന്ദർശനത്തിനിടയിൽ വെള്ളിയാഴ്ച (221/02/25)യാണ് അദ്ദേഹം ലെബനൻറെ വടക്കൻ പ്രദേശത്തുള്ള കഫർദ്ലക്കോസിലെ അഭയാർത്ഥികേന്ദ്രത്തിൽ എത്തിയത്.
അവരെ അറിയാനും ശ്രവിക്കാനും സിറിയയിലെ സ്വഭവനങ്ങളിലേക്കു മടങ്ങാൻ കഴിയുമെന്ന അവരുടെ പ്രത്യാശയിൽ പങ്കുചേരാനുമാണ് താൻ എത്തിയതെന്നും അവരുടെ അവസ്ഥയോർത്ത്. കഷ്ടപ്പാടുകളോർത്ത് ഫ്രാൻസീസ് പാപ്പാ വേദനിക്കുന്നുവെന്നും പാപ്പാ അവരെ സ്നേഹിക്കുന്നുവെന്നും ഈ കൂടിക്കാഴ്ച പാപ്പായ്ക്ക് സന്തോഷം പകരുമെന്നും കർദ്ദിനാൾ ചേർണി പറഞ്ഞു.
തണുത്തുവിറച്ച്, പട്ടിണികിടക്കുന്ന അവർ ജീവിക്കുന്ന മനുഷ്യോചിതമല്ലാത്ത അവസ്ഥ വിവരിക്കാൻ വാക്കുകളില്ലെന്നും ജനങ്ങൾ അതിജീവനത്തിനായി പോരാടുകയാണെന്നും സിറിയയിൽ, സ്വഭവനങ്ങളിലേക്കു മടങ്ങാൻ അവർ ആഗ്രഹിക്കുന്നുവെങ്കിലും അത് അസാധ്യമാണെന്ന് അവർക്കറിയാമെന്നും കാരണം അവിടെ വീടുകളില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വിവരിച്ചു.
അസാദിൻറെ ഭരണത്തിന് അന്ത്യമായെങ്കിലും പ്രശ്നം സിറിയയിൽ ഒന്നും അവശേഷിക്കുന്നില്ല എന്നതാണെന്നും കർദ്ദിനാൾ ചേർണി അനുസ്മരിച്ചു. ആരെങ്കിലും ഒരു വീടു തങ്ങൾക്കു ഉറപ്പു നല്കുകയാണെങ്കിൽ തങ്ങൾക്ക് അവിടേക്കു പോകാനാകുമെന്നു പറയുന്ന അഭയാർത്ഥികൾ അതിനു തങ്ങളെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: