ഉക്രൈയിൻ യുദ്ധം നീളുന്നതിൽ പരിശുദ്ധസിംഹാസനം ആശങ്ക പ്രകടിപ്പിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിൻ ജനതയ്ക്കിടയിൽ വലിയ ജീവനാശവും കഷ്ടപ്പാടുകളും വിതച്ചുകൊണ്ട് യുദ്ധം നീണ്ടുപോകുന്നതിൽ പരിശുദ്ധസിംഹാസനം അതീവ ആശങ്ക പ്രകടിപ്പിക്കുന്നു.
റഷ്യ ഉക്രൈയിനെതിരെ പൂർണ്ണ യുദ്ധം ആരംഭിച്ചതിൻറെ മൂന്നാം വാർഷികമായിരുന്ന ഫെബ്രുവരി 24-ന്, അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരംനിരീക്ഷകനായ ആർച്ചബിഷപ്പ് ഗബ്രിയേലെ കാച്ച ഐക്യരാഷ്ട്ര സംഘടനയുടെയും യുഎൻ സുരക്ഷാസമിതിയുടെയും പ്രത്യേക അടിയന്തിര യോഗത്തിൽ സംസാരിക്കുകയായിരുന്നു.
ഉക്രൈയിനിൻറെ സീമകൾക്കപ്പുറവും ഈ യുദ്ധത്തിൻറെ ദൂരവ്യാപകമായ തിക്തഫലങ്ങൾക്ക് ലോകം മൂന്നു വർഷമായി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കയാണെന്നും ഭക്ഷ്യസുരക്ഷ, ഊർജ്ജം, ആണവ സുരക്ഷ തുടങ്ങിയ മേഖലകളിൽ ഈ സംഘർഷം അസ്ഥിരതയ്ക്ക് കാരണമാവുകയും പരിസ്ഥിതി നാശനഷ്ടങ്ങൾ വർദ്ധമാനമാക്കുകയും ചെയ്തിട്ടുണ്ടെന്നും ആർച്ചുബിഷപ്പ് കാച്ച പറഞ്ഞു.
ആഗോള സമ്പദ്‌വ്യവസ്ഥയിലും ഈ സംഘർഷം ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഏറ്റവും ദുർബ്ബലരായവർക്ക്, അതായത്, സ്ത്രീകൾ, കുട്ടികൾ, അഭയാർത്ഥികൾ, രാജ്യത്തിനകത്ത് ചിതറിപ്പോയവർ, അംഘവൈകല്യമുള്ളവർ, പ്രായംചെന്നവർ തുടങ്ങയിവർക്ക് ഈ പ്രതിസന്ധിയുടെ ആഘാതം വിനാശകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനം പുനഃസ്ഥാപിക്കുന്നതിനും നിരപരാധികളുടെ ജീവിതത്തിന് കൂടുതൽ ദോഷമുണ്ടാകുന്നത് തടയുന്നതിനും സമഗ്രവും ശാശ്വതവുമായ ഒരു പരിഹാരം അടിയന്തര ആവാശ്യമാണെന്ന് ആർച്ച്ബിഷപ്പ് കാച്ച ഊന്നിപ്പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: