ആശയവിനിമയ മേഖലയിൽ സമർപ്പിതരുടെ പങ്കാളിത്തം പ്രത്യാശയുണർത്തുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, സാൽവത്തോരെ ചേർന്നൂത്സിയോ, വത്തിക്കാൻ സിറ്റി
ലോകമെമ്പാടുമുള്ള സമർപ്പിതരായ സഹോദരിമാർ, ആശയവിനിമയ മേഖലയിൽ നൽകുന്ന സേവനങ്ങളെയും, പ്രവാചക പ്രവർത്തനങ്ങളെയും അനുസ്മരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും ലക്‌ഷ്യം വച്ചുകൊണ്ട്, ജനുവരി മാസം ഇരുപത്തിമൂന്നാം തീയതി വത്തിക്കാനിലെ അപ്പസ്തോലിക ഗ്രന്ഥശാലയിൽ വച്ച്, വത്തിക്കാൻ മാധ്യമവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഗമം സംഘടിപ്പിച്ചു. നിരവധി സമർപ്പിതർ സംഗമത്തിൽ പങ്കാളികളായി. കേരളത്തിൽ നിന്നും, നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ കർമ്മലീത്താ സഭയിലെ അംഗമായ സിസ്റ്റർ ലിസ്‌മി പാറക്കൽ സി എം സി യും, താൻ തയാറാക്കിയ ലഘുദൃശ്യചിത്രീകരണങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ച പ്രചോദനാത്മകമായ സ്വാധീനം എടുത്തു പറഞ്ഞുകൊണ്ട് സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും സമർപ്പിതരുടെ പ്രതിനിധികൾ മാധ്യമമേഖലയിൽ അവർ ചെയ്യുന്ന സേവനങ്ങൾ പങ്കുവച്ചു.
ഹിൽട്ടൺ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഡിക്കസ്റ്ററി ഈ സംഗമം സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയ, റേഡിയോ, വെബ്‌സൈറ്റുകൾ, പാരമ്പര്യ മാധ്യമങ്ങൾ എന്നിവയുടെ ഉപയോഗത്തിലൂടെ അധസ്ഥിത ജനതയ്ക്കുവേണ്ടി സമർപ്പിതർ നടത്തുന്ന സുവിശേഷവത്ക്കരണവും, ബോധവത്ക്കരണപരിപാടികളും, സമ്മേളനത്തിൽ വിശദീകരിച്ചു. കന്യാസ്ത്രീകളുടെ സർഗ്ഗാത്മക സ്നേഹം ഇന്ന് വത്തിക്കാൻ മാധ്യമവിഭാഗത്തിനു ഏറെ ആവശ്യമാണെന്ന് ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫിനി സമ്മേളനത്തിൽ പറഞ്ഞു.
ലോകം മുഴുവനും ഓൺലൈനിലാണെന്നത് വെറും മിഥ്യയാണെന്നും, അതിനാൽ ഭൗതീകസ്ഥലങ്ങളിൽ സഹോദരങ്ങളെ തിരയേണ്ടതും, നിശ്ശബ്ദരാക്കപ്പെടുന്ന അവരുടെ ശബ്ദങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിനും മാധ്യമപ്രവർത്തകർക്ക് കടമയുണ്ടെന്നു ഇംഗ്ളണ്ടിൽ നിന്നുമുള്ള ക്രിസ് വാൾട്ടർ പറഞ്ഞു. മാധ്യമ ഡിക്കസ്റ്ററിയുടെ ദൈവശാസ്ത്ര-അജപാലന വിഭാഗമാണ് സംഗമത്തിന് നേതൃത്വം വഹിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: