MAP

പരിശുദ്ധ സിംഹാസനത്തിലേക്കുള്ള നയതന്ത്രപ്രതിനിധികൾ പാപ്പായ്‌ക്കൊപ്പം പരിശുദ്ധ സിംഹാസനത്തിലേക്കുള്ള നയതന്ത്രപ്രതിനിധികൾ പാപ്പായ്‌ക്കൊപ്പം  (VATICAN MEDIA Divisione Foto)

ലോകരാജ്യങ്ങളുമായി നയതന്ത്രബന്ധങ്ങൾ വളർത്തി പരിശുദ്ധ സിംഹാസനം

പരിശുദ്ധ സിംഹാസനം (Holy See) എന്ന പേരിൽ അറിയപ്പെടുന്ന വത്തിക്കാനും മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിന്റെ ആനുകാലികസ്ഥിതിയെക്കുറിച്ച് വത്തിക്കാൻ വിശദീകരണക്കുറിപ്പിറക്കി. 184 ലോകരാജ്യങ്ങളുമായാണ് നിലവിൽ വത്തിക്കാൻ നയതന്ത്രബന്ധം പുലർത്തുന്നത്. യൂറോപ്യൻ യൂണിയൻ, മാൾട്ട അത്യുന്നത മിലിട്ടറി ഓർഡർ എന്നിവയുൾപ്പെടെ, വത്തിക്കാനുമായി നയതന്ത്രബന്ധമുള്ള തൊണ്ണൂറ് രാജ്യങ്ങൾക്ക് റോമിൽ നയതന്ത്രകേന്ദ്രമുണ്ട്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നയതന്ത്രരംഗത്ത് ഏറെ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന പരിശുദ്ധ സിംഹാസനം നിലവിൽ 184 രാജ്യങ്ങളുമായാണ് നിലവിൽ ഔദ്യോഗിക നയതന്ത്രബന്ധം പുലർത്തുന്നതെന്ന് ജനുവരി ഒൻപതിന് പുറത്തുവിട്ട ഒരു കുറിപ്പിലൂടെ വത്തിക്കാൻ അറിയിച്ചു. യൂറോപ്യൻ യൂണിയൻ, മാൾട്ട അത്യുന്നത മിലിട്ടറി ഓർഡർ എന്നിവയ്ക്ക് പുറമെയാണിത്. എന്നാൽ ഈ രാജ്യങ്ങളിൽ, മേൽപ്പറഞ്ഞ യൂറോപ്യൻ യൂണിയൻ, മാൾട്ട അത്യുന്നത മിലിട്ടറി ഓർഡർ എന്നിവയുൾപ്പെടെ തൊണ്ണൂറ് രാജ്യങ്ങൾക്ക് മാത്രമാണ് വത്തിക്കാനുമായുള്ള നയതന്ത്രബന്ധത്തിന്റെ ഭാഗമായി റോമിൽ എംബസികളുള്ളത്.

അറബ് രാജ്യങ്ങളുടെ സംയുക്തസമിതി, ഐക്യരാഷ്ട്രസഭയുടെ, കുടിയേറ്റത്തിനായുള്ള അന്താരാഷ്ട്രസംഘടന, അഭയാർത്ഥികൾക്കായുള്ള കമ്മീഷൻ എന്നിവയ്ക്കും വത്തിക്കാനുമായുള്ള ബന്ധത്തിന്റെ ഭാഗമായി റോമിൽ നയതന്ത്രകേന്ദ്രങ്ങളുണ്ട്.

2024 ഒക്ടോബർ പതിനൊന്നിന്, ആഫ്രിക്കയിലെ ബുർക്കിന ഫസോയിൽ കത്തോലിക്കാസഭയുടെ നൈയാമികപദവിയുമായി ബന്ധപ്പെട്ട്, രണ്ടാമത്തെ അധികനിബന്ധനച്ചട്ടം ഒപ്പുവയ്ക്കപ്പെട്ടിരുന്നു. ഇതേ മാസം ഇരുപത്തിരണ്ടാം തീയതി, പരിശുദ്ധ സിംഹാസനവും ചൈനയുമായി, മേത്രന്മാരുടെ നിയമനം സംബന്ധിച്ചുള്ള താത്കാലികകരാർ നാലു വർഷത്തേക്കുകൂടി നീട്ടിക്കൊണ്ട് തീരുമാനമെടുത്തിരുന്നു. 2018 സെപ്റ്റംബർ 22-ന് രണ്ടു വർഷത്തേക്ക് ആരംഭിച്ച ഈ കരാർ, 2020 ഒക്ടോബർ 22-ന് നാല് വർഷത്തേക്ക് പുതുക്കിയിരുന്നു.

2024 ഒക്ടോബർ 24-ന്, പരിശുദ്ധ സിംഹാസനവും ചെക് റിപ്പബ്ലിക്കും തമ്മിൽ ചില നൈയാമികകാര്യങ്ങളിൽ കരാർ ഒപ്പുവച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജനുവരി 2025, 15:37