വത്തിക്കാനിലെ സമർപ്പിതർക്കായുള്ള കാര്യാലയത്തിൽ സുപ്രധാന നിയമനങ്ങൾ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സമർപ്പിതർക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ (ഡിക്കസ്റ്ററി) പുതിയ മേധാവിയായി (പ്രീഫെക്ട്) ഇറ്റാലിയൻ സമർപ്പിതയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. മാർച്ച് 27ന് 60 വയസ്സ് പൂർത്തിയാകുന്ന സിസ്റ്റർ സിമോണ, കോൺസലാത്ത സന്യാസസമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറലായിരുന്നു. 2023 ഒക്‌ടോബർ 7 മുതൽ ഇതേ കാര്യാലയത്തിന്റെ സെക്രട്ടറി സ്ഥാനം വഹിച്ചുവരവെയാണ്, ചരിത്രപരമായ ഈ പുതിയ നിയമനം നടക്കുന്നത്. ഡിക്കസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് സ്ഥാനത്തേക്ക്, കർദിനാൾ ആൻഗൽ ഫെർണാണ്ടസ് ആർത്തിമേയെയും പാപ്പാ നിയമിച്ചു. സലേഷ്യൻ സന്യാസസമൂഹത്തിന്റെ മുൻ റെക്ടർ മേജറായിരുന്നു കർദിനാൾ. 2023 സെപ്‌റ്റംബർ 30-നാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ കർദിനാൾ പദവിയിലേക്കുയർത്തിയത്.
സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളിൽ സഭയിൽ നൽകുവാനുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ട്, വത്തിക്കാനിലെ സുപ്രധാന സ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ എണ്ണം വർധിച്ചുവരികയാണ്. സമഗ്ര മനുഷ്യവികസന സേവനത്തിനായുള്ള ഡിക്കസ്റ്ററിയുടെ ഉന്നതപദവിയിലും ഒരു സമർപ്പിതയെയാണ് ഫ്രാൻസിസ് പാപ്പാ നിയമിച്ചിരിക്കുന്നത്. വത്തിക്കാനിലെ ആദ്യത്തെ വനിതാ പ്രിഫെക്റ്റായ സിസ്റ്റർ സിമോണ ബ്രാംബില്ല, നഴ്‌സിംഗ് പഠനത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയശേഷം, മൊസാംബിക്കിൽ മിഷനറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമർപ്പിതർക്കായുള്ള ഡിക്കസ്റ്ററിയിൽ ഏഴ് വനിതാ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ ആദ്യമായി നിയമിച്ചപ്പോൾ, അതിൽ ഒരാളായിരുന്നു സിസ്റ്റർ സിമോണ. 2013 മുതൽ 2023 വരെ വത്തിക്കാനിൽ സേവനം ചെയ്യുന്ന വനിതകളുടെ എണ്ണം, 19.2 ൽ നിന്ന് 23.4 ശതമാനമായി ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പാരമ്പര്യമായി കർദ്ദിനാൾമാർക്കും, ആർച്ച് ബിഷപ്പുമാർക്കും വേണ്ടി നീക്കിവച്ചിരുന്ന ഒരു പദവിയിലേക്കാണ് സിസ്റ്ററിന്റെ നിയമനം നടക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: