ജൂബിലി വർഷത്തിൽ മൂക-ബധിര സഹോദരങ്ങൾക്ക് പ്രത്യേക ആശയവിനിമയസൗകര്യങ്ങൾ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രത്യാശയിലേക്കുള്ള തീർത്ഥാടന പാതയിൽ എല്ലാവരെയും ചേർത്തുനിർത്തുവാനുള്ള, പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി, വത്തിക്കാനിൽ നടക്കുന്ന ജൂബിലി ആഘോഷങ്ങളിൽ മൂക-ബധിര സഹോദരങ്ങൾക്ക് വേണ്ടി പ്രത്യേക ആംഗ്യഭാഷ സൗകര്യങ്ങൾ നിലവിൽ വരുന്നു. ജനുവരി മാസം ഇരുപത്തിനാലാം തീയതി ആരംഭിക്കുന്ന ആശയവിനിമയ- സമ്പർക്ക മാധ്യമ മേഖലയിലുള്ള എല്ലാവർക്കും വേണ്ടിയുള്ള ജൂബിലി ആഘോഷത്തോടെയാണ് ഈ ക്രമീകരണങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 2021 മുതൽ ഇറ്റാലിയൻ ഭാഷയിൽ, പാപ്പായുടെ സന്ദേശങ്ങൾ ആംഗ്യഭാഷാസൗകര്യത്തോടെയായിരുന്നു പ്രക്ഷേപണം ചെയ്തുവന്നിരുന്നത്.
തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളിലും, യൂ ട്യൂബിൽ പ്രസിദ്ധീകരിക്കുന്ന പാപ്പായുടെ സന്ദേശങ്ങളിൽ ഈ സൗകര്യം നിലനിർത്തും. ആംഗ്യ ഭാഷകളിലെ സേവനം സാധ്യമാക്കുന്നതിനായുള്ള സാമ്പത്തിക പിന്തുണ നൽകുന്ന കോൺറാഡ് എൻ ഹിൽട്ടൺ ഫൗണ്ടേഷന്റെ അംഗങ്ങൾക്ക് വത്തിക്കാൻ നന്ദിയർപ്പിച്ചു. വത്തിക്കാൻ മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന്, അതേ ഡിക്കസ്റ്ററിയുടെ ആലോചനാസഭയിലെ അംഗവും, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ ശാരീരിക വൈകല്യമുള്ളവർക്കായുള്ള ദേശീയ സേവന മേധാവിയുമായ സിസ്റ്റർ വെറോനിക്ക ദോണാത്തെല്ലയാണ്.
2021 ൽ ഇറ്റാലിയൻ, അമേരിക്കൻ ഭാഷകളിലായിരുന്നു ഈ സേവനങ്ങൾ ആരംഭിച്ചത്. എന്നാൽ ജൂബിലിവർഷത്തിൽ, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിലും സേവനങ്ങൾ ആരംഭിക്കും. മിലാനിലെ പയസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ഡെഫ്, സിബിഎം ഇത്താലിയാ-ക്രിസ്ത്യൻ മിഷൻസ് ഫോർ ദി ബ്ലൈൻഡ് ഇൻ ദി വേൾഡ്, ഫ്രണ്ട്സ് ഓഫ് വത്തിക്കാൻ റേഡിയോ, ചിക്കാഗോയിലെ സെന്റ് ഫ്രാൻസിസ് ബോർജിയ ബധിര കേന്ദ്രം, എന്നിവർ ഈ സംരംഭത്തിൽ സഹകാരികളായി വർത്തിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: