MAP

വാഴ്ത്തപ്പെട്ട ജൊവാന്നി  മെർലിനി വാഴ്ത്തപ്പെട്ട ജൊവാന്നി മെർലിനി 

ദൈവദാസൻ ജൊവാന്നി മെർലിനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

മിഷനറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ് സന്ന്യാസസഭയിലെ പുരോഹിതനായ ദൈവദാസൻ ജൊവാന്നി മെർലിനിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ ആഘോഷിച്ച ജനുവരി മാസം പന്ത്രണ്ടാം തീയതി ഞായാറാഴ്ച്ച, റോമിലെ ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച്, മിഷനറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ് സന്ന്യാസസഭയിലെ പുരോഹിതനായ ദൈവദാസൻ ജൊവാന്നി  മെർലിനിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ മർച്ചേല്ലോ സെമരാരോ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. തൻ്റെ ജീവിതത്തിലെ സജീവവും ധ്യാനാത്മകവുമായ മാനങ്ങൾ സംയോജിപ്പിച്ചുകൊണ്ട്, എപ്രകാരം, ഫലപ്രദമായ അജപാലനശുശ്രൂഷ  പ്രാവർത്തികമാക്കാമെന്നു കാണിച്ചുതന്ന ആളാണ് വാഴ്ത്തപ്പെട്ട ജൊവാന്നിയെന്നു കർദിനാൾ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു.  1795ൽ ഇറ്റലിയിലെ സ്പോളെത്തോയിൽ ജനിച്ച അദ്ദേഹം, 1873 ലാണ് കാലം ചെയ്തത്.

"എന്ത് ചെയ്യണമെന്ന് കൃത്യമായി തീരുമാനിക്കാൻ അറിയുന്നവനും, ജ്ഞാനത്തോടെ അത് എങ്ങനെ ചെയ്യണമെന്ന് അറിയുന്നവനും വിവേകിയാണെന്ന", വിശുദ്ധ തോമസ് അക്വിനാസിന്റെ വാക്കുകൾ വാഴ്ത്തപ്പെട്ട ജൊവാന്നി  മെർലിനിയെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണെന്നും, അദ്ദേഹം വിവേകപൂർണ്ണമായ ജീവിതചര്യകൾക്ക് ആശ്രയിച്ചിരുന്നത് പ്രാർത്ഥനയായിരുന്നുവെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

തന്റെ ജീവിതത്തിന്റെ ധ്യാനാത്മകവും സജീവവുമായ മാനങ്ങൾ ഏകീകൃതമായി നിലനിർത്തിയതിനാലാണ് എല്ലാവരുമായും ആധികാരിക സൗഹൃദബന്ധം സ്ഥാപിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നതെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു. ഫ്രാൻസിസ് പാപ്പായും, മധ്യാഹ്നപ്രാർത്ഥനയ്ക്കുശേഷം, വാഴ്ത്തപ്പെട്ട ജോവാനി മെർലിനിയുടെ ജീവിതവൈശിഷ്ട്യത എടുത്തുപറഞ്ഞുകൊണ്ട് സംസാരിച്ചു. ഉക്രൈനിലും, മധ്യപൂർവ്വേഷ്യയിലും, ലോകത്തിന്റെ മറ്റു ഇടങ്ങളിലും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു വാഴ്ത്തപ്പെട്ട ജൊവാന്നി മെർലിനിയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുന്നതിനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ജനുവരി 2025, 11:09