MAP

സിനഡിന്റെ വാർത്താ സമിതിയുടെ അദ്ധ്യക്ഷനായ പാവൊളോ റുഫീനി പത്രസമ്മേളനത്തിൽ. സിനഡിന്റെ വാർത്താ സമിതിയുടെ അദ്ധ്യക്ഷനായ പാവൊളോ റുഫീനി പത്രസമ്മേളനത്തിൽ.  

സിനഡാലിറ്റി: ഒരു ആശയമല്ല, മറിച്ച് കേൾക്കുന്നതിന്റെയും ഉൾപ്പെടുത്തലിന്റെയും അനുഭവം

യേശു, സഭ, കുടുംബം, സിനഡാലിറ്റി, ശ്രവിക്കൽ, കൂട്ടായ്മ, ദരിദ്രർ, യുവജനങ്ങൾ, സമൂഹം, സ്നേഹം തുടങ്ങിയ പ്രധാന വിഷയങ്ങളാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പൊതുസമ്മേളനത്തിന്റെ പ്രവർത്തന രേഖയുടെ പരിശോധന പൂർത്തിയാക്കിയ ആദ്യ ദിവസങ്ങളിലെ ചർച്ചകളിൽ ഉണ്ടായിരുന്നത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സിനഡിന്റെ  പ്രവർത്തനങ്ങളെക്കുറിച്ചുള്ള  ശനിയാഴ്ച്ചത്തെ റിപ്പോർട്ട്

സഭയുടെ ചരിത്രത്തിലെ ഈ സുപ്രധാന മുഹൂർത്തത്തിന് ഫ്രാൻസിസ് പാപ്പയോടു വിവരാവകാശ കമ്മീഷൻ പ്രസിഡന്റ് ഡോ. പാവോളോ റുഫിനി നന്ദി രേഖപ്പെടുത്തി. മൂന്നാമത്തെ പൊതുസഭയിലും ചെറിയ വർക്കിംഗ് ഗ്രൂപ്പ് സെഷനുകളിലും, വിവിധ നിർണ്ണായക വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചർച്ച ചെയ്യുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

ഗ്രൂപ്പുകളിൽ ഭൂരിപക്ഷത്തോടെ  അംഗീകരിച്ച ഈ റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിയേറ്റിലേക്ക് നൽകും. അവ പിന്നീട് പൊതുസമ്മേളനത്തിൽ സമർപ്പിച്ച ശേഷമായിരിക്കും ക്രോഡീകരിച്ച റിപ്പോർട്ട് തയ്യാറാക്കുക.

റിപ്പോർട്ടുകളിലെ പ്രധാന വിഷയങ്ങൾ വൈദീകരുടെ എല്ലാ തലങ്ങളിലുമുള്ള - സെമിനാരിയിലും കുടുംബത്തിലും – രൂപീകരണത്തിന്റെ ആവശ്യകത, മാമ്മോദീസ സ്വീകരിച്ച എല്ലാ അംഗങ്ങൾക്കിടയിലും സഹ-ഉത്തരവാദിത്തം, സഭയുടെ കൂട്ടായ്മയ്ക്കുള്ളിൽ അധികാരശ്രേണി എങ്ങനെ ഉൾപ്പെടുത്താം എന്നിവയായിരുന്നു.

സിനഡാലിറ്റി എന്ന പദം വിവിധ ഭാഷയുടെ നിഘണ്ടുകളിൽ വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകതയും അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. സഭാസംവിധാനത്തിന്റെ കാർക്കശ്യം നിയന്ത്രിക്കാനും ഐക്യത്തിൽ കൂടുതൽ പങ്കാളിത്തമുള്ള പുതിയ രീതിയും ഇടവും കണ്ടെത്താനും ആവശ്യങ്ങൾ ഉയർന്നു.

അധികാരം എന്ന ആശയത്തിൽ നിന്ന് സേവനം എന്നതിലേക്ക് നീങ്ങിക്കൊണ്ട്  പൗരോഹിത്യമേധാവിത്തം ഒഴിവാക്കാനും ആധുനിക ഡിജിറ്റൽ യാഥാർത്ഥ്യങ്ങൾ പരിഗണിക്കുകയും യുവാക്കളെ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും ചർച്ചകളിൽ ഉയർന്നു. സഭയ്ക്കുള്ളിലെ അൽമായരുടെയും സ്ത്രീകളുടെയും പങ്ക്, പാവപ്പെട്ടവർക്കും കുടിയേറ്റക്കാർക്കും വേണ്ടിയുള്ള സഭയുടെ സേവനവും പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു. പൗരസ്ത്യ-പാശ്ചാത്യ സഭകൾ തമ്മിലുള്ള ബന്ധവും ചർച്ചയായി. സിനഡിലെ സംഭവ വികാസങ്ങൾ വിശദീകരിക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്കിന് നന്ദി രേഖപ്പെടുത്തിയ ഫ്രാൻസിസ് പാപ്പയും സിനഡിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

ആഫ്രിക്കയുടെയും മഡഗാസ്കറിന്റെയും  മെത്രാൻ സമിതിയുടെ സിംപോസിയത്തിന്റെ (Secam) അദ്ധ്യക്ഷൻ കർദ്ദിനാൾ ഫ്രിഡോലിൻ അംബോംഗോ ബെസുംഗു ഉൾപ്പെടെയുള്ള വിവിധ പ്രഭാഷകർ, ഇന്നത്തെ ചരിത്ര നിമിഷത്തിൽ സഭയെ സംബന്ധിച്ച ദൈവഹിതം തിരിച്ചറിയുക എന്ന സിനഡിന്റെ ഉദ്ദേശ്യത്തെ എടുത്തുപറഞ്ഞു.

സിനഡൽ പ്രക്രിയയിൽ പ്രാർത്ഥനയുടെ പ്രാധാന്യം കർദ്ദിനാൾ ബെസുംഗു ഊന്നിപ്പറഞ്ഞു, സഭ എല്ലായ്പ്പോഴും വിവേചിച്ചു കൊണ്ടിരിക്കുകയാണെന്നും അന്ത്യ തീരുമാനത്തിലെത്തിയിട്ടില്ലെന്നും അറിയിച്ച കർദ്ദിനാൾ  "സിനഡാലിറ്റിയുടെ ചലനാത്മകത" മാനിക്കുന്നതിനായി വർക്കിംഗ് ഗ്രൂപ്പുകളുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കില്ല, മറിച്ച്  ഈ റിപ്പോർട്ടുകളുടെ ഒരു സംഗ്രഹം അവതരിപ്പിക്കുക തന്നെ ചെയ്യും എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.

പങ്കെടുക്കുന്നവരുടെ അധികാരം പൊന്തിഫിക്കൽ നിയമനത്തേക്കാൾ മാമ്മോദീസയിൽ നിന്നാണ് ഉരുത്തിരിഞ്ഞത് എന്നതും ശ്രദ്ധിക്കപ്പെട്ടു. "LGBT പ്രശ്നങ്ങൾ" സംബന്ധിച്ച ചോദ്യത്തിന്, സിനഡിന്റെ ശ്രദ്ധ സിനഡലിറ്റി, കൂട്ടായ വിവേചനാധികാരം, കർത്താവിന്റെ ദിശയിലേക്ക് ഒരുമിച്ചു നടക്കുക എന്നിവയിലാണെന്ന് കർദിനാൾ ബെസുംഗു എല്ലാവരെയും ഓർമ്മിപ്പിച്ചു. LGBT പ്രശ്നങ്ങൾക്ക് കർത്താവ് തന്നെ ഒന്നിച്ചുള്ള വിവേചന ചിന്തകളിലൂടെ തങ്ങൾക്ക് ഒരു മാർഗ്ഗരേഖ തരുമെന്ന് കർദ്ദിനാൾ മറുപടി പറഞ്ഞു.

സിനഡാലിറ്റി എന്നത് കേവലം ഒരു ആശയമല്ലെന്നും കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന അനുഭവമാണ് എന്ന് സി. ലെറ്റീഷ്യ സലാസർ ഊന്നിപ്പറഞ്ഞു. ഒരു കുടിയേറ്റക്കാരി എന്ന നിലയിലുള്ള തന്റെ വ്യക്തിപരമായ അനുഭവവും വിശ്വാസവും സഭയും തന്റെ യാത്രയിൽ വഹിച്ച പ്രധാന പങ്കും അവർ പങ്കുവെച്ചു.

സിനഡ് ഹാളിന് പുറത്തുള്ള പരിപാടികൾ, കാറ്റകോമ്പുകളിലേക്കുള്ള തീർത്ഥാടനം, പ്രാർത്ഥനാ പരിപാടികൾ, ആരാധനയ്ക്കുള്ള അവസരങ്ങൾ എന്നിവയും പരാമർശിക്കപ്പെട്ടു.

പ്രവർത്തന മാർഗ്ഗരേഖയിലെ (Instrumentum laboris)  അടുത്ത ചർച്ചാ വിഷയമായ "പ്രസരിക്കുന്ന ഒരു കൂട്ടായ്മ:  ദൈവത്തോടും മനുഷ്യകുലത്തോടുമുള്ള ഐക്യത്തിന്റെ കൂടുതൽ നിറവുള്ള അടയാളവും ഉപകരണവുമായി മാറാൻ എങ്ങനെ സാധ്യമാകും"  എന്ന വിഷയത്തെ തിങ്കളാഴ്ച  അഭിസംബോധന ചെയ്യുകയും  സംക്ഷിപ്ത റിപ്പോർട്ട് കമ്മീഷനിലേക്കും ഇൻഫർമേഷൻ കമ്മീഷനിലേക്കും അംഗങ്ങളെ  തിരഞ്ഞെടുക്കുകയും ചെയ്യും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഒക്‌ടോബർ 2023, 14:02