MAP

സിനഡ് പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന പത്രസമ്മേളനത്തിൽനിന്ന് സിനഡ് പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന പത്രസമ്മേളനത്തിൽനിന്ന് 

ഏവർക്കുമായി തുറന്ന ഒരു സഭയാണ് മനോഹരമായത്: സിനഡ്

ഏവർക്കുമായി തുറന്നിട്ടിരിക്കുന്ന ഒരു സഭ, പാവപ്പെട്ടവരുടെ നിലവിളി കേൾക്കാനുള്ള വിളി, തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് സിനഡ് സമ്മേളനങ്ങളിൽ നടന്ന ചർച്ചകളെക്കുറിച്ചുള്ള വിവരണം നൽകി സിനഡിന്റെ പത്രസമ്മേളനം.

അലെസ്സാന്ദ്രോ ദി ബൂസ്സൊളോ - മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സിനഡൽസഭ എന്ന വിഷയത്തെക്കുറിച്ചുള്ള സിനഡിന്റെ പൊതുസമ്മേളനയോഗങ്ങൾ തുടരുമ്പോൾ, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളെക്കുറിച്ച്, ഒക്ടോബർ 10 ബുധനാഴ്ച സിനഡ് പത്രസമ്മേളനം നടത്തി. വത്തിക്കാൻ വാർത്താവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അധ്യക്ഷനും സിനഡിന്റെ വാർത്താവിനിമയ കമ്മീഷൻ പ്രസിഡന്റുമായ ഡോ പൗളോ റുഫീനിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ, സിനഡിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന രേഖകൾ പ്രകാരം നടന്ന ചെറിയ ഗ്രൂപ്പുകളുടെ സമ്മേളനങ്ങളിൽ വ്യത്യസ്‌തസംസ്കാരങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലുകളിലൂടെ ഉണ്ടാകുന്ന ശ്രേഷ്ഠത, പാവപ്പെട്ടവരുടെ നിലവിളി കേൾക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതായി വിശദീകരിച്ചു. ഒക്ടോബർ 9 ഉച്ചകഴിഞ്ഞും ഒക്ടോബർ 10 രാവിലെയും നടന്ന സമ്മേളനത്തിലെ ചർച്ചകളെ സംബന്ധിച്ച വിവരങ്ങൾ നൽകവെയാണ് ഡോ പൗളോ റുഫീനി ഇത് പറഞ്ഞത്.

മറ്റുള്ളവരെ സ്വീകരിക്കുകയും ഏവർക്കുമായി തുറന്നിട്ടിരിക്കുകയും ചെയ്യുന്ന ഒരു സഭയുടെ പ്രാധാന്യത്തെക്കുറിച്ച് പത്രസമ്മേളനത്തിൽ സംബന്ധിച്ച വടക്കേ അമേരിക്കയിലെ ന്യുവാർക്ക് അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ ജോസഫ് വില്യം തോബിൻ സംസാരിച്ചു. സഭയുടെ മനോഹാരിത ഈ തുറന്ന മനോഭാവത്തിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒക്ടോബർ 9-ന് രാവിലെ സിനഡിന്റെ സംഗ്രഹ റിപ്പോർട്ട് കമ്മീഷൻ, വാർത്താവിനിമയകമ്മീഷൻ എന്നിവയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞടുത്തത് സംബന്ധിച്ചുള്ള വിവരങ്ങൾ ഡോ റുഫീനി പത്രപ്രവർത്തകർക്ക് കൈമാറി. സിനഡൽ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ വലിയ ഒരു പങ്കാളിത്തമാണ് ഉള്ളതെന്നും, പരസ്‌പരം ആശയങ്ങൾ പങ്കുവയ്ക്കുന്നതിന് ഏറെ പ്രാധാന്യം നൽകപ്പെടുന്നുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വത്തിൽനിന്ന് നൽകപ്പെടുന്ന വിഷയങ്ങളല്ല താഴെത്തട്ടിൽനിന്ന്, ദൈവജനത്തിൽനിന്ന് ഉയർന്നുവരുന്ന ആശയങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്രസമ്മേളനത്തിൽ സംബന്ധിച്ച കൊളംബിയയിൽനിന്നുള്ള സിസ്റ്റർ ഗ്ലോറിയ ലിലിയാന ഫ്രാങ്കോ എച്ചെവേരി, പാവപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും, മറ്റുള്ളവരാൽ അവഗണിക്കപ്പെടുന്നവരുടെയും നിലവിളിയുടെ ശബ്ദം കേൾക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മറ്റുള്ളവർക്ക് മാനവികത കൽപ്പിക്കുകയും, അവരുടെ അന്തസ്സ് മാനിക്കുകയും, മറ്റുള്ളവരെ ഉൾക്കൊള്ളുകയും, അവർക്കായി വാതിലുകൾ തുറന്നിടുകയും ചെയ്യുന്ന യേശുവിനെപ്പോലെ ജീവിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സിസ്റ്റർ വിശദീകരിച്ചു.

സമ്മേളനത്തിൽ സംബന്ധിച്ച സിനഡ് വാർത്താവിനിമയകമ്മീഷൻ സെക്രട്ടറി സി. ഷെയ്‌ല ലെയോകാദിയയും സംസാരിച്ചു.

ന്യുവാർക്ക് അതിരൂപതാ കത്തീഡ്രലിൽ ലൈംഗികന്യൂനപക്ഷത്തിൽ (lgbtq) പ്പെട്ട ആളുകൾക്ക് ഒരിക്കൽ സ്വാഗതമേകിയത് കർദ്ദിനാൾ ടോബിൻ അനുസ്മരിച്ചു. ഏവർക്കും സഭയിൽ സ്ഥാനമുണ്ടെന്നും സഹോദരീസഹോദരന്മാരെപ്പോലെ നാം ജീവിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഒക്‌ടോബർ 2023, 17:05