MAP

 സിനഡിന്റെ പതിനാറാം ഓർഡിനറി ജനറൽ അസംബ്ലിയെക്കുറിച്ചുള്ള പത്രസമ്മേളനം. സിനഡിന്റെ പതിനാറാം ഓർഡിനറി ജനറൽ അസംബ്ലിയെക്കുറിച്ചുള്ള പത്രസമ്മേളനം. 

സിനഡ്: യുദ്ധമല്ല; സാഹോദര്യത്തിനായുള്ള ത്വരയാണ് സംഘർഷങ്ങൾക്കുള്ള ഏക പ്രതിവിധി

ഫോക്കൊളാരെ മുന്നേറ്റത്തിന്റെ അദ്ധ്യക്ഷയും ഇസ്രായേൽ പൗരയും പാലസ്തീനയിൽ ജനിച്ച അറബ് കാത്തോലിക്കയുമായ മാർഗ്ഗരെറ്റ് കാരം, ആഫ്രിക്കയിലെ കാമറൂണിലെ മെത്രാൻ സമിതി അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ആൻഡ്രൂ ൻകേയാ ഫുവാൺയ, ബാഗ്ദാദിലെ ആരോഗ്യ കേന്ദ്രത്തിൽ സേവനമനുഷ്ടിക്കുന്ന ഡോ. സി. കരോളിൻ ജാർജിസ് എന്നിവരുമാണ് വത്തിക്കാന്റെ ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവ൯ പാവൊളോ റുഫീനിയോടൊപ്പം വത്തിക്കാനിൽ നടന്നു കൊണ്ടിരിക്കുന്ന സിനഡിൽ ചർച്ച ചെയ്

പൗലോ ഒ൯ഡാർസ, സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ആഗോളസഭയെ ഒരുമിപ്പിച്ച പ്രാർത്ഥന

വ്യാഴാഴ്ച രാവിലെ നടത്തിയ സമാധാനത്തിനായുള്ള പ്രാർത്ഥനയെക്കുറിച്ചാണ് മാർഗ്ഗരെറ്റ് കാരം പങ്കുവച്ചത്. യുദ്ധം തുടങ്ങിയപ്പോൾ മുതൽ ഹൃദയം തകർന്ന് തനിക്ക് സിനഡിൽ എന്താണ് കാര്യമെന്ന് ചിന്തിച്ചിരുന്ന മാർഗ്ഗരെറ്റിന് സിനഡിൽ പങ്കെടുക്കുന്ന എല്ലാവരുമൊരുമിച്ചുള്ള ആ പ്രാർത്ഥനാ നിമിഷങ്ങൾ ഒരു ശക്തമായ അനുഭവമായിരുന്നു എന്ന് വിവരിച്ചു കൊണ്ട് സമാധാന സ്ഥാപനത്തിൽ വിവിധ തരത്തിലുള്ള പരിശ്രമങ്ങൾ ആവശ്യമാണെങ്കിലും പ്രാർത്ഥന വളരെ നിർണ്ണായകമാണ് എന്നഭിപ്രായപ്പെട്ടു.

ഇസ്രായേൽ പൗരയും പാലസ്തീനയിൽ ജനിച്ച അറബ് കത്തോലിക്കാ വിശ്വാസിയുമായ  മാർഗ്ഗരെറ്റിന് എന്താണ് ഒരുമിച്ചു നടക്കലിന്റെയും, ചർച്ചയുടേയും, സ്വയം മറ്റുള്ളവരാൽ വെല്ലുവിളിക്കപ്പെടുന്നതിന്റെയും അർത്ഥമെന്ന് സിനഡനുഭവം മനസ്സിലാക്കി തന്നു എന്ന് വിശദീകരിച്ചു. സിനഡ് വെറുമൊരു മാർഗ്ഗ ശാസ്ത്രമായല്ല, മറിച്ച് അഭിപ്രായ വൈവിധ്യങ്ങൾക്കപ്പുറം മറ്റുള്ളവരെ ബഹുമാനത്തോടെ ശ്രവിക്കുന്ന സഭയുടെ ജീവിത രീതിയായാണ് മാറേണ്ടതെന്ന് അഭിപ്രായപ്പെട്ടു. ഈ ദിവസത്തിൽ ലിവിംഗ് പീസ് സംരംഭം വഴിയായി  വിവിധ മതവിശ്വാസികൾ ഒരുമിച്ചു പ്രാർത്ഥിക്കാൻ പ്രത്യേകിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കഴിഞ്ഞതിനെക്കുറിച്ചും യുക്രെയ്നുമായി പ്രാർത്ഥനയിൽ ഒരുമിക്കാൻ കഴിഞ്ഞതിനെയും പരാമർശിച്ച മാർഗ്ഗരെറ്റ് മറു മതങ്ങളിലെ സഹോദരങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും സമാധാനത്തിനായുള്ള ഒരു മെമ്മോറാണ്ടം ലോകനേതാക്കൾക്ക് ഒപ്പിട്ടു നൽകുന്നതിനെക്കുറിച്ചും സംസാരിച്ചു.

ഇസ്രായേലിൽ ഒരുപാടു മനുഷ്യർ ഗാസയിൽ ജീവിക്കുന്നവരുമായി പാലങ്ങൾ പണിയാൻ പരിശ്രമിക്കുന്നത് തന്റെ അറിവിലുണ്ടെന്നും നല്ല പ്രവർത്തികളെക്കാൾ ഉയർന്നു കേൾക്കുന്നത് എപ്പോഴും വെറുപ്പിനെക്കുറിച്ചുള്ള വർത്തമാനങ്ങളാണെന്നും മാർഗ്ഗരെറ്റ് ചൂണ്ടിക്കാണിച്ചു.  അന്തർദേശീയ സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം വഴി സന്ധി സംഭാഷണങ്ങൾ ആരംഭിക്കാനും സംഘർഷങ്ങൾക്ക് പരിഹാരം കാണാനും എല്ലാവരും മാനുഷിക അവകാശവും ജനതകൾ തമ്മിലുള്ള അനുരഞ്ജനവും പ്രോൽസാഹിപ്പിക്കണമെന്നും പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഫോക്കൊളാരെ മുന്നേറ്റത്തിന്റെ അദ്ധ്യക്ഷ പറഞ്ഞു.

ആഫ്രിക്കൻ സംസ്കാരത്തിന്റെ ഭാഗമാണ് സിനഡാലിറ്റിയെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂൻകെയ

കാമറൂണിലെ മെത്രാൻ സമിതി അദ്ധ്യക്ഷനായ ആർച്ച് ബിഷപ്പ് ആൻഡ്രൂ ൻകെയാ എല്ലായിപ്പോഴും ഒരു കുടുംബം പോലെ ഒരുമിച്ചാണ് ആഫ്രിക്കയിൽ തങ്ങൾ ചെയ്യുന്നതെന്നും അതിനാൽ സിനഡാലിറ്റി തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും പങ്കു വച്ചു.

ആഫ്രിക്കയിലെ തങ്ങളുടെ പ്രശ്നങ്ങളിൽ പലപ്പോഴും ഒറ്റപ്പെട്ടതായും ഉപേക്ഷിക്കപ്പെട്ടതായും തോന്നാറുണ്ട്. എന്നാൽ സിനഡിൽ വന്ന് മുഴുവൻ സഭയോടൊപ്പം ആഫ്രിക്കയുടെ പ്രശ്നങ്ങൾക്കായി, പ്രത്യേകിച്ച്, യുദ്ധം താറുമാറാക്കിയ രാജ്യങ്ങൾക്കായി പ്രാർത്ഥിച്ചതിനെ എടുത്തു പറഞ്ഞു കൊണ്ട് ഈ സിനഡ് ആഫ്രിക്കയ്ക്ക് ഒരു വലിയ ആശ്വാസമാണ് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.  സിനഡിൽ തങ്ങളെ അടയാളപ്പെടുത്താൻ ആഫ്രിക്കയ്ക്കു കിട്ടിയ മനോഹരമായ ഒരവസരമാണിതെന്നു പറഞ്ഞ അദ്ദേഹം പക്ഷേ യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല എന്നും അടിവരയിട്ടു.

സിനഡ് ഒരു കുടുംബാനുഭവം

യേശുവിന്റെ തിരുഹൃദയത്തിന്റെ പുത്രിമാരുടെ സന്യാസിനിയായ സിസ്റ്റർ കരോളിൻ ജാർജിസ് ബാഗ്ദാദിൽ ആതുരസേവനത്തിലേർപ്പെട്ടിരിക്കുന്ന ഒരു ഡോക്ടറാണ്. സിനഡിൽ ഒരു കുടുംബത്തിന്റെ അനുഭവമാണുള്ളതെന്ന് അവർ പങ്കുവച്ചു. സ്വന്തഭാഷയായ അറബിൽ രാവിലെ മറ്റംഗങ്ങളുമായി സുവിശേഷം വായിച്ചതും,  തന്റെ വാക്കുകൾ മറ്റുള്ളവർക്ക് മനസ്സിലായതും തന്നെ അത്ഭുതപ്പെടുത്തി എന്ന് പറഞ്ഞ സിസ്റ്റർ കരോളിൻ  സിനഡിൽ ചെയ്യുന്ന പ്രവർത്തികളിൽ ദൈവസാന്നിധ്യമുണ്ടെന്നും, എല്ലാം പങ്കുവച്ച ആദിമ ക്രൈസ്തവരുടെ അനുഭവം സിനഡിൽ താൻ അനുഭവിക്കുന്നതും വിവരിച്ചു. ക്രൈസ്തവർ ന്യൂനപക്ഷമായ ഇറാക്കിലെ സഭയുടെ സമ്പത്ത് രക്തസാക്ഷികളുടെ സാന്നിധ്യമാണെന്ന് സിസ്റ്റർ കരോളിൻ എടുത്തു പറഞ്ഞു. അവർക്ക് മുന്നോട്ടു പോകാൻ പ്രചോദനമാകുന്നത് രക്തസാക്ഷികൾ ചിന്തിയ  രക്തമാണ്. സിനസിൽ നിന്നു ലഭിച്ച ആഗോളസഭയുടെ പങ്കുവയ്ക്കലിന്റെ അനുഭവത്തിൽ നിന്ന് ശക്തിയാർജ്ജിച്ചാണ് ഇനി താൻ തിരിച്ചു പോവുക എന്നും അവർ പറഞ്ഞു.

 ബാഗ്ദാദിലെ പ്രസിഡണ്ട് റഷീദ് കൽദേയൻ പാത്രിയാർക്കിനെ ക്രൈസ്തവ സമൂഹത്തിന്റെയും തലവനും സഭയുടെ വസ്തുവകകളുടെ ഉത്തരവാദിയുമായി നിയമിച്ചിരുന്ന നടപടി റദ്ദാക്കിയതിനെ തുടർന്ന് കർദ്ദിനാൾ സാക്കോ പാത്രിയാർക്കേറ്റിന്റെ ആസ്ഥാനം വിട്ടൊഴിഞ്ഞതിനെക്കുറിച്ചുള്ള പത്രപ്രവർത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിച്ച സിസ്റ്റർ കരോളിൻ കർദ്ദിനാളിന് പൂർണ്ണ പിന്തുണയാണ് നൽകിയത്. രക്തസാക്ഷികളുടെ നാട്ടിൽ അന്തസ്സോടെ ക്രിസ്ത്യാനിയായി ജീവിക്കുന്നതാണ് ന്യായം എന്നായിരുന്നു സന്യാസിനിയുടെ പ്രതികരണം

സിനഡ് അംഗങ്ങളുടെ തീർത്ഥാടനം

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സിനഡ് അംഗങ്ങൾക്കായി റോമിലെ കാറ്റകൂമ്പുകളിലേക്ക്  ഒരു തീർത്ഥാടനം ഒരുക്കിയിരുന്നു. വിശുദ്ധരായ സെബസ്ത്യാനോസിന്റെയും, കലിസ്റ്റസ്, ദൊമിത്തില്ല എന്നിവരുടേയും കാറ്റക്കൂമ്പുകളിലേക്കായിരുന്നു തീർത്ഥാടനം. ബുധനാഴ്ച ഉച്ചതിരിഞ്ഞ് തുടങ്ങി വ്യാഴാഴ്ച രാവിലെ വരെ ചർച്ച ചെയ്ത ചെറിയ ഗ്രൂപ്പുകളുടെ  റിപ്പോർട്ടുകൾ സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റിൽ സമർപ്പിച്ചതോടെ ആറാമത്തെ സമ്മേളനത്തിന്റെ  രണ്ടാമത്തെ മൊഡ്യൂളായ "പങ്കാളിത്തത്തെ"ക്കുറിച്ചുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.

കൽക്കട്ടയിലെ മദർ തെരേസ

343 അംഗങ്ങൾ സന്നിഹിതരായ സമ്മേളനത്തിൽ 36 പേരാണ് സംസാരിച്ചത്. അന്തർ മത, അന്തർ സംസ്കാര സംവാദം, കോളനിവൽകരണം തദ്ദേശിയരിൽ ഉണ്ടാക്കുന്ന ആഘാതം, അനുഞ്ജന കൂദാശയുടെ പ്രാധാന്യം, യുവാക്കളോടുള്ള ശ്രവണവും ഉൾക്കൊള്ളലും തുടങ്ങിയവയായിരുന്നു  വിഷയങ്ങൾ. കൽക്കട്ടയിലെ മദർ തെരേസായും അവരുടെ പ്രവർത്തനങ്ങളും സിനഡിന്റെ ചർച്ചകളിൽ  ശ്രദ്ധ പിടിച്ചുപറ്റി. സമാധാനം പ്രോൽസാഹിപ്പിക്കുന്നതിൽ കത്തോലിക്കാ നേതൃത്വത്തിന്റെ പങ്ക്, പ്രാന്തപ്രദേശങ്ങളിൽ പാശ്വവൽക്കരിക്കട്ടെ സ്ത്രീകളുടെ അവസ്ഥ, സഭയിൽ ശ്രവിക്കേണ്ടതിന്റെയും ഉൾക്കൊള്ളിക്കേണ്ടതിന്റെയും ആവശ്യകത എന്നിവയും ചർച്ചാ വിഷയങ്ങളായി.

അപ്പരേച്ചിദായിലേയും പിലാറിനേയും പരിശുദ്ധ അമ്മ

ഇന്നലെ വ്യാഴാഴ്ച അപ്പരേച്ചിദായിലേയും പിലാറിനേയും പരിശുദ്ധ കന്യകയുടെ തിരുനാളായിരുന്നു എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് സിനഡിന്റെ വാർത്താ കമ്മീഷന്റെ തലവനും വത്തിക്കാന്റെ വാർത്താ മാധ്യമ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടുമായ പാവൊളോ റുഫീനി, മറിയം അമ്മയും, സാധാരണക്കാരിയും, പ്രചനവും, സംവാദവും, വ്യക്തിപ്രഭാവവും, വിശുദ്ധിയും, സുവിശേഷ ജീവിതവുമാണ് എന്നും സിനഡൽ സഭയുടെ  ഈ മരിയൻ രൂപത്തിന്റെ പ്രാധാന്യമായിരുന്നു രാവിലെ സിനഡിലെ ചർച്ചകളിൽ തെളിഞ്ഞു വന്നതെന്നും കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഒക്‌ടോബർ 2023, 14:42