കാലാവസ്ഥാപ്രതിസന്ധിക്ക് പരിഹാരം സമഗ്രപരിസ്ഥിതിവ്യവസ്ഥ: കാരിത്താസ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഇന്ന് ലോകത്ത് നിലനിൽക്കുന്ന കാലാവസ്ഥാഅടിയന്തിരാവസ്ഥയ്ക്കും, മറ്റു പല പ്രശ്നങ്ങൾക്കും, ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്ത സമഗ്രമാനവികപരിസ്ഥിതിവ്യവസ്ഥ മാത്രമാണ് പരിഹാരമെന്ന് കാരിത്താസ് സംഘടന അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 19-ന് ലോകമെങ്ങും മാനവികസഹായദിനം ആഘോഷിക്കുന്ന വേളയിലാണ് കത്തോലിക്കാ അന്താരാഷ്ട്രഉപവിസംഘടനയായ കാരിത്താസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകത്ത് 200-ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 162 ഉപവിസംഘടനകൾ കാരിത്താസിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. "ധീരമായ നടപടികൾ കൈക്കൊള്ളാൻ" രാഷ്ട്രങ്ങളിൽ തീരുമാനമെടുക്കാൻ നിയോഗിക്കപ്പെട്ടവരോട് അഭ്യർത്ഥിച്ച കാരിത്താസ്, നിശ്ചയദാർഢ്യമുള്ള ഒരു രാഷ്ട്രീയഇശ്ചയില്ലെങ്കിൽ, മനുഷ്യജീവനുകൾ അപകടത്തിലാകുമെന്നും, മനുഷ്യരാശിയുടെ ഒരു ഭാഗം എങ്കിലും എവിടെയെങ്കിലും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കിൽ, മുഴുവൻ മനുഷ്യകുലവുമാണ് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
കോവിഡ് -19 മഹാമാരി, പാരിസ്ഥിതിക തകർച്ച, സമുദ്രജലനിരപ്പിന്റെ ഉയർച്ച, വിവിധയിടങ്ങളിൽ വരൾച്ച, വെള്ളപ്പൊക്കം, ഭൂമിയിൽ വിവിധയിടങ്ങളിൽ കാട്ടുതീ, ഇപ്പോൾ അഫ്ഗാനിസ്ഥാനിലെയും ലെബനനിലെയും പ്രതിസന്ധികളും ഹെയ്തിയിലെ ഭൂകമ്പവും ഇങ്ങനെ മനുഷ്യർ കാരണം ഉണ്ടായതും, പ്രകൃതിയിലെ പ്രത്യേകതകൾ മൂലം ഉണ്ടായതുമായ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇവ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളെയാണ് കൂടുതലായി ബുദ്ധിമുട്ടിലാക്കുന്നതെന്നും കാരിത്താസ് അഭിപ്രായപ്പെട്ടു.
ലോകനേതാക്കളോട് അഞ്ച് അഭ്യർത്ഥനകളാണ് കാരിത്താസ് മുന്നോട്ടുവയ്ക്കുന്നത്. ഒന്നാമതായി കാർഷികവും അല്ലാത്തതുമായ മേഖലകളിൽ സാമൂഹികവികസനപ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തനായി പ്രാദേശികസമൂഹങ്ങൾക്ക് ധനസഹായം അനുവദിക്കാനുള്ള ആവശ്യമാണ്. അതുവഴി അവർക്ക് ഭക്ഷ്യസുരക്ഷയ്ക്കും ഉപജീവനത്തിനും സാധ്യത ലഭിക്കും. രണ്ടാമതായി, പ്രാദേശികസമൂഹങ്ങളെ മാനുഷികസഹായഇടപെടലുകളിൽ ഉൾപ്പെടുത്തുകയും, ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർക്ക് മുൻഗണന നൽകുകയും ചെയ്യണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് പ്രദേശത്തെ "സാമൂഹ്യസംഘടനകളും മതസമൂഹങ്ങളുമായും അടുത്ത സഹകരണം ആരംഭിക്കാൻ" പ്രാദേശിക സർക്കാരുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് മൂന്നാമത്തേത്. നാലാമത്തേത്, "മാരകമായ രോഗങ്ങൾക്കുള്ള വാക്സിനുകൾ ഉൾപ്പെടെ, അടിസ്ഥാന സമഗ്ര ആരോഗ്യ പരിരക്ഷ, സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്ക് ലഭ്യമാക്കുക എന്നതാണ്. അവസാനമായി, "ആഗോളതാപനത്തിലും ആവാസവ്യവസ്ഥയുടെ അപചയത്തിലും ഉണ്ടാകുന്ന ആഘാതം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ആഗോള സാമ്പത്തിക, വ്യാവസായിക നയങ്ങൾ" പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാകാൻ രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെടുന്നതാണ്.
അഫ്ഗാനിസ്ഥാനിലെയും ലെബനനിലെയും സ്ഥിതിഗതികളുടെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ പരാമർശിക്കവേ, "അഫ്ഗാൻ ജനതയുടെ സുരക്ഷയും ലെബനോനിലെ ആളുകൾക്ക് ജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങളുടെ വിതരണവും ഉറപ്പുവരുത്തണം" എന്ന ആവശ്യവും അന്താരാഷ്ട്ര കാരിത്താസ് സംഘടന മുന്നോട്ടുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: