ഭക്ഷ്യവ്യവസ്ഥയും ഐക്യരാഷ്ട്രസഭയും: കാരിത്താസിന്റെ പത്രക്കുറിപ്പ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഭക്ഷ്യ സംവിധാനങ്ങളെക്കുറിച്ച് റോമിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ, മുൻ ഉച്ചകോടിസമ്മേളനത്തിന്റെ അവസരത്തിൽ, എല്ലാ ചർച്ചകളിലും പാവപ്പെട്ടവരുടെ അവകാശങ്ങൾ ഉൾപ്പെടുത്താനും, , പ്രാദേശികതലങ്ങളിൽ നയരൂപീകരണം നടപ്പാക്കുന്നതിൽ പ്രാദേശിക നിർമ്മാതാക്കളുടെയും ഉപഭോക്താക്കളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെയും അർത്ഥവത്തായ പങ്കാളിത്തം ഉറപ്പാക്കാനും സംഘാടകരോട് അന്താരാഷ്ട്ര കാരിത്താസ് സംഘടന ആവശ്യപ്പെട്ടു.
റോമിലെ സമ്മേളനവും, സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ഭക്ഷ്യവ്യവസ്ഥയെക്കുറിച്ചുള്ള ഉച്ചകോടിസമ്മേളനവും, ഭക്ഷ്യവ്യവസ്ഥയുടെ കൂടുതൽ നിലനിൽക്കുന്നതും മെച്ചപ്പെട്ടതുമായ പരിവർത്തനത്തിനുള്ള അവസരമാകണമെന്നും കാരിത്താസ് അഭിപ്രായപ്പെട്ടു. മുൻപുതന്നെ പലയിടങ്ങളിലും ഭക്ഷണലഭ്യതയിലുണ്ടായിരുന്ന അസമത്വങ്ങൾ കോവിഡ് -19 മഹാമാരി കൂടുതൽ വഷളാക്കിയെന്നും, വരും കാലങ്ങളിൽ, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യഅരക്ഷിതാവസ്ഥയും പോഷകാഹാരക്കുറവും നേരിടേണ്ടിവരുമെന്നുമാണ് കരുതുന്നതെന്നും കാരിത്താസ് തയ്യാറാക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഭക്ഷണത്തിലഭ്യത എന്നത് ഒരു മൗലിക മനുഷ്യാവകാശമാണെന്ന വിശ്വാസത്തെ കണക്കിലെടുത്ത്, വ്യാവസായിക കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രം ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനോ, ഭക്ഷ്യവ്യവസ്ഥകളെ പരിവർത്തനം ചെയ്യാനോ കഴിയില്ലെന്നും തങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും, ഇങ്ങനെയുള്ള മാറ്റങ്ങൾ, ദീർഘകാലാടിസ്ഥാനത്തിൽ വിതരണ ശൃംഖലയിൽനിന്ന് കൂടുതൽ ആളുകളെ ഒഴിവാക്കാനേ ഉപകരിക്കൂ എന്നും, അങ്ങനെ ഭക്ഷണലഭ്യതയുടെ കാര്യത്തിൽ കൂടുതൽ അനീതി സൃഷ്ടിക്കപ്പെടുമെന്നും അഭിപ്രായപ്പെട്ടു.
ലൗദാത്തോ സി (Laudato sì) -യുടെ പഠിപ്പിക്കലുകൾക്ക് അനുസൃതമായി, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നശീകരണം, ഭക്ഷ്യ മാലിന്യങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള സാങ്കേതിക പരിഹാരങ്ങളെ കാരിത്താസ് സംഘടനകൾ ചോദ്യം ചെയ്യുന്നു. “ലോക ഭക്ഷ്യ പ്രതിസന്ധിയെ വ്യത്യസ്ഥമായ വിധത്തിൽ കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നും, ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരങ്ങൾ നൽകാമെന്ന ധാരണയെ മറികടന്ന്, സാങ്കേതികവിദ്യകളെ കൂടുതൽ പ്രധാനപ്പെട്ടതായിക്കാണുന്ന രീതിയെ വെല്ലുവിളിക്കുന്ന തിരഞ്ഞെടുക്കലുകൾ, രാഷ്ട്രീയത്തിലും, ജീവിതശൈലിയിലും, ആത്മീയതയിലും സ്വീകരിക്കണമെന്നും അന്താരാഷ്ട്ര കാരിത്താസ് ജനറൽ സെക്രട്ടറി അലോഷ്യസ് ജോൺ, പത്രക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: