MAP

ഗ്രാമീണകർഷകൻ തമിഴ്നാട്ടിൽനിന്നുള്ള ദൃശ്യം ഗ്രാമീണകർഷകൻ തമിഴ്നാട്ടിൽനിന്നുള്ള ദൃശ്യം 

പരമ്പരാഗതകൃഷിസമ്പ്രദായത്തിലൂടെ എല്ലാവർക്കും ഭക്ഷണം: കർദ്ദിനാൾ ടർക്സൺ

തദ്ദേശീയവും പരമ്പരാഗതവുമായ കൃഷിരീതികൾ സംരക്ഷിക്കപ്പെടണമെന്നും, അതുമായി ബന്ധപ്പെട്ട അറിവുകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടണമെന്നും ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയിൽ കർദ്ദിനാൾ ടർക്സൺ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"കൃഷിഭൂമികളുമായി ആരോഗ്യകരമായ ബന്ധം പുലർത്തുന്ന" തദ്ദേശീയവും പരമ്പരാഗതവുമായ രീതിയിൽ കൃഷി ചെയ്യുന്ന ഉൽ‌പാദകരെ പരിഗണിച്ച്, ഭക്ഷണ ഉൽ‌പാദനം വർദ്ധിപ്പിക്കണമെന്ന്, സമഗ്ര മാനവികവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള റോമൻ കൂരിയസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ പീറ്റർ കോഡ്വോ ടർക്സൺ (Cardinal Peter Kodwo Turkson) ഭക്ഷ്യ സംവിധാനങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ മുൻഉച്ചകോടിയിൽ,  ആഹ്വാനം ചെയ്തു.

2050ഓടെ ഭൂമിയിൽ ഉണ്ടാ യേക്കുമെന്ന് കരുതുന്ന 900 കോടിയോളം ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാകാനായി ഇപ്പോഴുള്ളതിന്റെ 50 ശതമാനത്തിലധികം ഭക്ഷണം ഉൽപ്പാദിപ്പിക്കുക എന്ന ലക്‌ഷ്യം നടപ്പിലാക്കണമെങ്കിൽ, തദ്ദേശീയ ഭക്ഷ്യോത്പ്പാദകസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കർദ്ദിനാൾ ടർക്സൺ അഭിപ്രായപ്പെട്ടു. ഇതിനായി, "ലോകത്തെല്ലായിടത്തുനിന്നുമുള്ള തദ്ദേശീയ-പരമ്പരാഗത അറിവുകൾ ജനങ്ങളുമായി പങ്കുവയ്ക്കുന്നത് നടപ്പിലാക്കണമെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെമ്പാടും ഭക്ഷണദാരിദ്രത്തിനെതിരായുള്ള ആഗോളപ്രധിരോധത്തിന്റെ മുൻപന്തിയിൽ നിൽക്കുന്നവരെന്ന നിലയിൽ, തദ്ദേശീയ, പരമ്പരാഗത ചെറുകിട നിർമ്മാതാക്കളെയും കർഷകരെയും പ്രത്യേകമായി കണക്കിലെടുക്കുന്ന ആഗോള പൊതുനയങ്ങൾ രൂപകൽപ്പന ചെയ്യാൻ ഇത്തരത്തിലുള്ള ചർച്ചകളും പങ്കുവയ്ക്കലുകളും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യാടിസ്ഥാനത്തിലുള്ള പല കൃഷിസംവിധാനങ്ങളും പരമ്പരാഗത ഭക്ഷ്യസംവിധാനങ്ങൾക്ക് ദോഷകരമാണ് എന്ന്, ഹവായി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലുള്ള തദ്ദേശീയ ഭക്ഷ്യഉൽപാദനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഉദ്ധരിച്ച് കർദ്ദിനാൾ ടർക്‌സൺ അഭിപ്രായപ്പെട്ടു. തദ്ദേശീയ വിളകളുടെയും കൃഷിയുടെയും പുനസ്ഥാപനത്തിനും അഭിവൃദ്ധിക്കും പരമ്പരാഗത സാങ്കേതിക വിദ്യകളുടെ ഉപയോഗം അടിസ്ഥാനപരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നും, വളങ്ങൾ, കീടനാശിനികൾ, കളനാശിനികൾ എന്നിവയുടെ ഉപയോഗത്തോടൊപ്പം, വിദേശ ഇനങ്ങളെ കൊണ്ടുവരുന്നത്  ഈ ഒരു വ്യവസ്ഥയെ തകരാറിലാക്കുമെന്നും ആഫ്രിക്കയിലെ പരമ്പരാഗത പ്രാദേശിക കൃഷിയുമായി ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജൂലൈ 2021, 18:28