ശ്രവണ,ഐക്യ പരിപോഷണ വരങ്ങൾ ലഭിക്കട്ടെ, അഗസ്റ്റീനിയൻ സമൂഹത്തിന് പാപ്പായുടെ ആശംസ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
എല്ലാ ഭാഷകളും മനസ്സിലാക്കാനോ സംസാരിക്കാനോ ഉള്ള വരം തീർച്ചയായും നൽകപ്പെടണമെന്നില്ല, എന്നാൽ, കേൾക്കാനുള്ള വരവും, എളിമയുള്ളവരായിരിക്കാനുള്ള വരവും, അഗസ്റ്റീനിയൻ സമൂഹത്തിനകത്തും സഭയിലും ലോകമെമ്പാടും ഐക്യം വളർത്താനുള്ള വരവും ലഭിക്കുന്നതിനായി പരിശുദ്ധാരൂപിയോടു പ്രാർത്ഥിക്കാൻ പാപ്പാ അഗസ്റ്റീനിയൻ സഭയുടെ പ്രതിനിധികളെ ക്ഷണിക്കുന്നു.
അഗസ്റ്റീനിയൻ സമൂഹത്തിൻറെ സാധാരണ പൊതുസംഘത്തിൻറെ, അഥവാ, ജനറൽ ചാപ്റ്ററിൻറെ ഉദ്ഘാടന ദിവ്യബലിയിൽ, റോമിൽ, കാമ്പൊ മാർത്സിയൊയിൽ വിശുദ്ധ അഗസ്റ്റിൻറെ ബസിലിക്കയിൽ സെപ്റ്റംബർ 1-ന് (01/09/25) തിങ്കളാഴ്ച വൈകുന്നേരം മുഖ്യകാർമ്മികത്വം വഹിച്ച ലിയൊ പതിനാലാമൻ പാപ്പാ തദ്ദവസരത്തിൽ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു.
നമ്മുടെ ഹൃദയങ്ങളിലേക്ക് ക്രിസ്തുവിൻറെ സ്നേഹം ചൊരിയപ്പെട്ടിരിക്കുന്നത് ആരിലൂടെയാണോ ആ പരിശുദ്ധാരൂപി ഈ പൊതുസംഘത്തിൻറെ പ്രവർത്തനങ്ങളെ അനുദിനം നയിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
സഹോദരങ്ങളും ജീവിതസഹാചര്യങ്ങളും വഴി പരിശുദ്ധാരൂപി ഗതകാലത്തെന്നപോലെ ഇന്നും ഹൃദയത്തിൻറെ ആഴങ്ങളിൽ (penetralia cordis) നമ്മോടു സംസാരിക്കുന്നുവെന്നും ആകയാൽ ദൈവശ്രവണത്തിൻറെയും മറ്റുള്ളവരെ ശ്രവിക്കലിൻറെയും ഒരു അന്തരീക്ഷം ഈ പൊതുസംഘത്തിൽ ഉണ്ടാകേണ്ടത് സുപ്രധാനമാണെന്നും പാപ്പാ പറഞ്ഞു.
പരസ്പര വിനിമയത്തിനും പരസ്പരം മനസ്സിലാക്കുന്നതിനുമുള്ള ആത്മാർഥമായ പരിശ്രമം ആവശ്യമാണെന്നു വ്യക്തമാക്കിയ പാപ്പാ ഇവിടെ എളിമ എന്ന പുണ്യത്തിൻറെ അനിവാര്യത എടുത്തുകാട്ടി. അതുപോലെതന്നെ അവരുടെ പ്രവർത്തനത്തിൽ അവരുടെ കൂട്ടായ യത്നത്തിൽ ഐക്യത്തിൻറെ പ്രാധാന്യവും പാപ്പാ ഊന്നിപ്പറഞ്ഞു. കാരണം ഒന്നിപ്പിക്കുന്നതിൻറെയെല്ലാം ഉറവിടം പരിശുദ്ധാരൂപിയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ദിവ്യബലിക്കു ശേഷം പാപ്പാ അഗസ്റ്റീനിയൻ സമൂഹം ഒരുക്കിയ അത്താഴവിരുന്നിൽ പങ്കുചേരുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: