നൂറുകണക്ക് ജീവനുകളെടുത്ത് സുഡാനിൽ മണ്ണിടിച്ചിൽ: ലിയോ പതിനാലാമൻ പാപ്പായുടെ അനുശോചനങ്ങൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സായുധസംഘർഷങ്ങളും അതോടനുബന്ധിച്ച ദുരിതങ്ങളും നേരിടുന്ന സുഡാനിലെ മധ്യദാർഫുറിൽ നിരവധി പേരുടെ ജീവനെടുത്ത് കനത്ത മണ്ണിടിച്ചിൽ ഉണ്ടായതിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തൻറെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പ്രദേശത്തുള്ള എൽ-ഒബെയ്‌ദ് രൂപതാധ്യക്ഷൻ ബിഷപ് യുവാൻ തോമ്പേ ത്രില്ലെ കുകു അന്താലി-ക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ഒപ്പിട്ടയച്ച സന്ദേശത്തിൽ, സംഭവത്തിന്റെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും പാപ്പാ തന്റെ പ്രാർത്ഥനകൾ നേരുകയും, കാണാതായവരെ വേഗം രക്ഷിക്കാനാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന ഏവർക്കും തന്റെ ആത്മീയസാന്നിദ്ധ്യം ഉറപ്പുനൽകിയ പാപ്പാ, അപകടത്തിൽ മരണമടഞ്ഞവർക്ക് നിത്യശ്വാസം നേരുകയും, കാണാതായവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയും ചെയ്തു.
ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹ്യാധികാരികൾക്കും അടിയന്തിരസേവനവിഭാഗത്തിനും ധൈര്യം പകർന്ന പാപ്പാ, സുഡാനിലെ ജനങ്ങൾക്ക് ദൈവാനുഗ്രഹവും ആശ്വാസവും ധൈര്യവും ആശംസിച്ചു.
സുഡാന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ ഞായറാഴ്ച മധ്യദാർഫുറിലെ താറാസീൻ ഗ്രാമത്തെ ഇല്ലാതാക്കിയ മണ്ണിടിച്ചിൽ. പ്രാദേശിക, അന്തർദേശീയ റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമത്തിലെ ഏതാണ്ട് മുഴുവൻ വീടുകളും തകർത്ത ഈ മണ്ണിടിച്ചിലിൽ ആയിരത്തിലധികം ആളുകൾ മരണമടഞ്ഞിട്ടുണ്ട്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മഴ മൂലം എല്ലാ വർഷങ്ങളിലും നിരവധി മരണങ്ങൾ ഈ പ്രദേശങ്ങളിൽ ഉണ്ടാകാറുണ്ടെന്നും കഴിഞ്ഞ വർഷം മുപ്പത് പേരെങ്കിലും ഇക്കാരണത്താൽ മരണമടഞ്ഞിട്ടുണ്ടെന്നും യു.എൻ. റിപ്പോർട്ട് ചെയ്തിരുന്നു.
2023 ഏപ്രിൽ മുതൽ രാജ്യത്തെങ്ങും, പ്രത്യേകിച്ച് ഖർത്തൂമിൽ സാധാരണ സായുധ സൈന്യവും, ദ്രുതകർമ്മസേനയും തമ്മിൽ നടന്നുവരുന്ന സംഘർഷങ്ങൾ മൂലം അവിടുത്തെ സാധാരണ ജനം ദുരിതമനുഭവിക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രകൃതിദുരന്തം കടന്നുവന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: