MAP

അംഗങ്ങൾക്കൊപ്പം പാപ്പാ അംഗങ്ങൾക്കൊപ്പം പാപ്പാ   (@Vatican Media)

"ക്രിസ്തുവിന്റെ അടയാളങ്ങളാകുക എന്നതിനർത്ഥം അവന്റെ സാക്ഷികളായിരിക്കുക എന്നതാണ്"; യുവജനങ്ങളോട് പാപ്പാ

മെഡിറ്ററേനിയൻ യുവജന കൗൺസിലിന്റെ അംഗങ്ങളുമായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സെപ്റ്റംബർ അഞ്ചാം തീയതി കൂടിക്കാഴ്ച്ച നടത്തി. ക്രിസ്തുവിന്റെ സ്നേഹത്തിൽ വേരൂന്നിയ പ്രത്യാശയുടെ സാക്ഷികളായിരിക്കുവാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മെഡിറ്ററേനിയൻ സമൂഹത്തിൽ, പ്രത്യകിച്ചും അഭയാർത്ഥികളായി  എത്തുന്നവരുടെ ഉന്നമനത്തിനും, സഹായത്തിനും  വേണ്ടി പ്രവർത്തിക്കുന്ന മെഡിറ്ററേനിയൻ യുവജന കൗൺസിലിന്റെ അംഗങ്ങളുമായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സെപ്റ്റംബർ അഞ്ചാം തീയതി കൂടിക്കാഴ്ച്ച നടത്തി. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന കൗൺസിൽ അംഗങ്ങളെ ഒന്നിപ്പിക്കുന്ന ലക്ഷ്യം, സമാധാനത്തോടെയുള്ള സഹവർത്തിത്വമാണെന്നത് എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സംഭാഷണം എപ്പോഴും  സാധ്യമാണെന്നും,  വ്യത്യാസങ്ങൾ സമ്പന്നതയുടെ ഉറവിടമാണെന്നും എതിർപ്പിനുള്ള കാരണമല്ലെന്നും, അപരൻ എല്ലായ്പ്പോഴും ഒരു സഹോദരനാണെന്നും, ഒരിക്കലും ഒരു അപരിചിതനോ ശത്രുവോ അല്ലെന്നും കൗൺസിൽ അംഗങ്ങളുടെ പ്രവർത്തനങ്ങൾ സാക്ഷ്യപ്പെടുത്തുന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ആയുധമത്സരവും, അടിച്ചമർത്തലിന്റെ യുക്തിയും നിലനിൽക്കുന്ന സംഘർ ഷത്താലും അക്രമത്താലും കീറിമുറിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ, നിരുത്സാഹപ്പെടാതെ, സ്വപ്നങ്ങളും സർഗ്ഗാത്മകതയും ഉപയോഗിച്ച് നിരവധി ചെറുപ്പക്കാർക്ക് വഴികാട്ടുവാനും, അവർക്ക് ഭാവിയിലേക്ക് പ്രത്യാശ പകരുവാനും കൗൺസിൽ അംഗങ്ങൾക്ക് സാധിക്കണമെന്നു പാപ്പാ പറഞ്ഞു. ഇപ്പോൾ മരുഭൂമിയായ സ്ഥലത്ത് ഒരു പൂന്തോട്ടം നിർമ്മിക്കുവാൻ ഈ പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. മെച്ചപ്പെട്ട ഭാവി വിഭാവനം ചെയ്യുകയും അത് കെട്ടിപ്പടുക്കാൻ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്യുന്ന ഒരു തലമുറയെയാണ് കൗൺസിൽ പ്രതിനിധാനം ചെയ്യുന്നതെന്ന് പറഞ്ഞ പാപ്പാ, നിസ്സംഗതയ്ക്കും അലംഭാവത്തിനും വഴങ്ങാത്ത, മറിച്ച് തിന്മയെ നന്മയാക്കി മാറ്റാൻ പ്രവർത്തിക്കുന്ന ഒരു ലോകത്തിന്റെ അടയാളമായി മാറുവാനും അവരെ ക്ഷണിച്ചു.

സമാധാനം ആഗോളചർച്ചകളിൽ വിഷയീഭവിക്കുമെങ്കിലും, അത് മുദ്രാവാക്യങ്ങളായി മാത്രം മാറുന്നുവെന്നും, മറിച്ച് നമ്മുടെ സ്വന്തം ഹൃദയങ്ങളിലും ബന്ധങ്ങളിലും സമാധാനം വളർത്തിയെടുക്കുകയും, നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ അത് പ്രാവർത്തികമാക്കുകയും, അനുരഞ്ജനത്തിനായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഏറെ പ്രധാനപ്പെട്ടതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ വേരൂന്നിയ പ്രത്യാശയുടെ സാക്ഷികളാകുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.

"വെറുപ്പിന്റെയും നീരസത്തിന്റെയും വിത്ത് മുളച്ചുപൊങ്ങുന്നിടത്ത് സമാധാനം മുളപ്പിക്കുക. ധ്രുവീകരണവും ശത്രുതയും നിലനിൽക്കുന്നിടത്ത് ഐക്യത്തിന്റെ നെയ്ത്തുകാരാകുക; നീതിയും അന്തസ്സും ആവശ്യപ്പെടാൻ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരിക്കുക; വിശ്വാസത്തിന്റെ തീജ്വാലയും, ജീവിതത്തിന്റെ  രുചിയും അണഞ്ഞുപോകുന്നിടത്ത് വെളിച്ചവും ഉപ്പും ആയിരിക്കുക.", പാപ്പാ ഉദ്‌ബോധിപ്പിച്ചു. ദൈവത്തിന്റെ പരിശുദ്ധനാമത്തെ അവഹേളിക്കുന്ന ദൈവദൂഷണങ്ങളെ  തള്ളിക്കളഞ്ഞുകൊണ്ട്, പ്രാർത്ഥനയും ആത്മീയതയും, സമാധാനത്തിനും, പരസ്പര സഹവർത്തിത്വത്തിനും ഉപകരിക്കുന്ന രീതിയിൽ വളർത്തിയെടുക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 സെപ്റ്റംബർ 2025, 13:10